| Saturday, 24th August 2019, 11:15 am

സമുദായ നേതാവിനെ രക്ഷപ്പെടുത്തിയെന്നു പറഞ്ഞ് വോട്ടു തേടുന്നവര്‍ വര്‍ഗീയപാര്‍ട്ടി അമ്പലം പണിയാമെന്നു പറഞ്ഞ് വോട്ടുതേടുന്നതിനെ എങ്ങനെ എതിര്‍ക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുഖ്യമന്ത്രി ഒരു അടിയന്തിര വിഷയം ശ്രദ്ധയില്‍പ്പെടുത്തി കേന്ദ്രവിദേശകാര്യമന്ത്രിയ്ക്കു കത്തെഴുതുന്നു. നമ്മുടെ നാട്ടിലെ പ്രോട്ടോക്കോളനുസരിച്ച് ആ ദിവസം ഈ രാജ്യത്തുനടന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കത്തിടപാടുകളില്‍ ഒന്നായിരിക്കണം അത്.

എന്താണ് കത്തില്‍?

‘ചാനലുകളില്‍ കണ്ട വാര്‍ത്തയനുസരിച്ച്” ആണ് മുഖ്യമന്ത്രി കേന്ദ്രമന്ത്രിയ്ക്കു കത്തയക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് സ്വന്തമായി ഒരു പ്രവാസി വകുപ്പുണ്ട്; അവര്‍ക്കതിനെപ്പറ്റി വിവരമൊന്നുമില്ല. ആര്‍ക്കാണ് സഹായം വേണ്ടത് അവരുടെ മാതാപിതാക്കള്‍ പോലും എന്തെങ്കിലും പറയുന്നതായി കത്തിലില്ല.

അപ്പോള്‍ ആരാണ് കത്തിലെ വിവരങ്ങള്‍ വെരിഫൈ ചെയ്യേണ്ടത്? കേന്ദ്രമന്ത്രി. അദ്ദേഹം അത് ചെയ്യുമ്പോള്‍ കിട്ടുന്ന വിവരങ്ങള്‍ എന്താണ്?

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒരു ചെക്ക് കേസ്. ചെയ്ത പണിയ്ക്കു കാശുകൊടുക്കാതെ മുങ്ങിയ ചതിയന്റെ പേരില്‍ ചതിക്കപ്പെട്ട മനുഷ്യന്‍ നിയമപരമായി സ്വീകരിച്ച നടപടി. പത്തിലൊന്നു പണം കെട്ടിവച്ചാല്‍ പുറത്തിറങ്ങാം. വേറെ നിയമപ്രശ്‌നമൊന്നുമല്ല; ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കേസുകൊടുത്ത മനുഷ്യന്‍ മറ്റൊരു ഇന്ത്യക്കാരന്‍. അതുപോരെങ്കില്‍ മലയാളി.

എന്തുനടപടി കേന്ദ്രം സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിച്ചത്?

ഒരുകാര്യം കൂടി. കത്തയച്ചാല്‍ ഒരു മറുപടി കിട്ടണമല്ലോ. കേന്ദ്രത്തിനയച്ച കത്തിന് മുഖ്യമന്ത്രിയ്ക്ക് കിട്ടിയ മറുപടി എന്താണ് എന്നറിയാന്‍ എനിക്കും താല്‍പ്പര്യമുണ്ട്.

ഇനി അപ്പുറത്തേക്കൊന്നു നോക്കുക. ആരാണ് ഈ പരാതി കൊടുത്തത്?

എഞ്ചിനീയറിങ് ബിരുദധാരിയായ, സ്ഥിരോത്സാഹിയായ ഒരു സാധാരണ ചെറുപ്പക്കാരന്‍. പുറംനാട്ടിലെത്തി കഠിനാധ്വാനം ചെയ്തു ഒരു സ്ഥാപനം പണിതുയര്‍ത്തി. അയാള്‍ പറയുന്നതനുസരിച്ച് 40 പേര്‍ ജോലി ചെയ്യുന്ന സ്ഥാപനം. ചതിയൊളിപ്പിച്ചു നാട്ടില്‍നിന്നു വന്ന ഒരു തരികിടയ്ക്കുവേണ്ടി ഒരു കോണ്‍ട്രാക്ട് പണിയെടുത്തു; പ്രതിഫലം കിട്ടാത്തതുകൊണ്ട് അയാള്‍ക്ക് കടം കൊടുത്തവര്‍ക്ക് തിരികെ കൊടുക്കാനായില്ല. ജയിലില്‍ പോയി. സ്ഥാപനം തകര്‍ന്നു; ഭാര്യയുടെ പാസ്‌പോര്‍ട്ട് പോലും പണയത്തിലായി. കാല്‍ക്കാശിന്റെ ഗതിയില്ലാതായി. ജയിലില്‍നിന്നു പുറത്തിറങ്ങി കിട്ടാവുന്ന പണിയെല്ലാം ചെയ്തു കുടുംബം പോറ്റി. കോഡിങ് പഠിച്ചു; ഭാര്യയും കൂടി പണിക്കിറങ്ങി. അതിനിടയില്‍ എഞ്ചിനീയറായ മകന്‍ കച്ചവടം നടത്താന്‍പോയി ചെക്കു കേസില്‍പ്പെട്ടു ജയിലിലായത് സഹിക്കാതെ അച്ഛന് സ്‌ട്രോക്ക് വന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മനുഷ്യന്‍ കൊടുത്ത നിയമപരമായ നടപടിയിലാണ് ഒരു സല്‍പുത്രന്‍ പിടികൂടപ്പെട്ടതും സംസ്ഥാന മുഖ്യമന്ത്രി ഇന്ത്യ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടതും.

അവരുടെ ഭാഗമാണ് മുഖ്യമന്ത്രി പറയേണ്ടത്? ഇനിയെങ്കിലും അദ്ദേഹം അത് പറയുമോ? അതോ ചതിയന്മാരുടെ ദയയ്ക്കു അയാളെ വിട്ടുകൊടുക്കുമോ?

എന്റെ ചില സുഹൃത്തുക്കള്‍ പറയുന്നു മുഖ്യമന്ത്രിയുടെ നടപടിയോടെ ഈഴവ വോട്ടുകള്‍ ഉറപ്പിച്ചെന്നു. മുഖ്യമന്ത്രി മുഖ്യമന്ത്രിയായ തെരഞ്ഞെടുപ്പില്‍ തരികിടകള്‍ അപ്പുറത്തുനിന്നിട്ടും ആ സമുദായം നിരന്നുനിന്നു ഇടതുപക്ഷത്തിന് വോട്ടുചെയ്തിട്ടുണ്ട്; ഇന്നുവരെ അച്ഛനും മകനും പറഞ്ഞിടത്ത് ആ സമുദായം വോട്ടുചെയ്ത ചരിത്രം ഇതുവരെയില്ല.

പിന്നൊരുകാര്യം: കച്ചവടത്തില്‍ ചതികാണിച്ച സമുദായ നേതാവിനെ കേസില്‍നിന്ന് രക്ഷപ്പെടുത്തിയ കേമം പറഞ്ഞാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി സമുദായ വോട്ടില്‍ കണ്ണുവയ്ക്കുന്നതെങ്കില്‍ അമ്പലം പണിയാമെന്നു പറഞ്ഞു ഒരു വര്‍ഗീയപാര്‍ട്ടി വോട്ടുതേടുന്നതില്‍ എന്തിനാണ് എതിര്‍പ്പ്?

മുഖ്യമന്ത്രിയുടെ ലെറ്റര്‍ഹെഡ് കീറിയെടുത്ത് ഒരു ചതിയനുവേണ്ടി ശുപാര്‍ശക്കത്തെഴുതി തിരികെ ഔദ്യോഗിക വസതിയിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രി ഒരു കാര്യം ഓര്‍ക്കണം: ജനാധിപത്യത്തിലെ രാജാവിന്റെ ഇടിയേറ്റു ചിതറിത്തെറിച്ച ഒരു സാധുമനുഷ്യന്റെ ചോരത്തുള്ളികള്‍ രാജവീഥിയില്‍ക്കിടന്നു നീതിക്കായി നിലവിളിക്കുന്നുണ്ട്. അവയ്ക്കുമേലെ മണ്ണുവാരിയിട്ടുകൊണ്ട് പ്രത്യേകാന്വേഷണസംഘവും വണ്ടിപായിക്കുന്നുണ്ട്. അയാളുടെ അച്ഛന്‍ സമുദായനേതാവല്ല, മക്കള്‍ പറക്കമുറ്റിയവര്‍പോലുമല്ല.

അച്ഛന്മാരുടെ സൗഹൃദ സദസുകള്‍ക്കപ്പുറം നീതിനടത്തിപ്പിനു വ്യവസ്ഥ ചെയ്യാന്‍ അദ്ദേഹത്തിന് ഉത്തരവാദിത്തമുണ്ട്.

We use cookies to give you the best possible experience. Learn more