കൊച്ചി: താന്‍ ശുദ്ധ വെജിറ്റേറിയന്‍ ആണെന്നും ആരും മാസം കഴിക്കുന്നത് തനിക്കു ഇഷ്ടമല്ലെന്നുമുള്ള ഡി.എം.ആര്‍.സി ചെയര്‍മാനും ബി.ജെ.പി നേതാവുമായ ഇ. ശ്രീധരന്റെ പ്രസ്താവനക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്ബ്.
വാട്‌സ്ആപ്പ് യൂണിവേഴ്സ്റ്റിയിലെ സ്റ്റഡി മെറ്റിരിയലും ഫ്യൂഡല്‍ സ്വഭാവവുംകൊണ്ട് മലയാളിയുടെ ഭക്ഷണത്തിന്റെ മെനു സാര്‍ ഉണ്ടാക്കരുതെന്നും ഈ സംസ്ഥാനത്തെ അടുക്കളയില്‍ എന്ത് വേവിക്കണം എന്ത് കഴിക്കണം എന്ന് ഇവിടുള്ളവര്‍ തീരുമാനിക്കുമെന്നും കെ.ജെ ജേക്കബ്ബ് പറഞ്ഞു.
പാലത്തിന് അങ്ങുണ്ടാക്കുന്ന കുറിപ്പടി കൊള്ളാമായിരിക്കുമെന്നും അത് പാത്രത്തിലേക്കും കൂടി നീട്ടേണ്ടെന്നും കൈയില്‍ വെച്ചാല്‍ മതിയെന്നും കെ.ജെ ജേക്കബ്ബ് ഫേസ്ബുക്കിലെഴുതി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രോജക്ടുകളില്‍ പെടുന്നതാണ് കൊങ്കണ്‍ റെയില്‍വേയും ദല്‍ഹി മെട്രോയും. അതിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ആള്‍ എന്ന നിലയില്‍ ഈ ശ്രീധരനോട് ആദരവുണ്ട്. അതിനെ ട്രോളുന്നതില്‍ കാര്യമില്ല.
എന്നാല്‍ അദ്ദേഹം പറയുന്ന രാഷ്ട്രീയത്തോടു അതേ ബഹുമാനത്തോടെ പ്രതികരണം നടത്താന്‍ സാധിക്കുന്നില്ല.
താന്‍ ശുദ്ധ വെജിറ്റേറിയന്‍ ആണെന്നും ആരും മാസം കഴിക്കുന്നത് തനിക്കു ഇഷ്ടമല്ലെന്നും കേരളത്തിന്റെ ‘സ്വയംനിയുക്ത’ മുഖ്യമന്ത്രി പറയുമ്പോള്‍ അദ്ദേഹം തെരഞ്ഞെടുത്ത രാഷ്ട്രീയ ധാരയില്‍ അദ്ദേഹത്തിന് പിശകുപറ്റിയിട്ടില്ലെന്നു പറയേണ്ടി വരുന്നു.
വര്‍ത്തമാനത്തില്‍ മോദി പോലും കാണിക്കാത്ത അഹന്ത. വാട്‌സ്ആപ്പ് യൂണിവേഴ്സ്റ്റിയിലെ സ്റ്റഡി മെറ്റിരിയലും ഫ്യൂഡല്‍ സ്വഭാവവുംകൊണ്ട് മലയാളിയുടെ ഭക്ഷണത്തിന്റെ മെനു സാര്‍ ഉണ്ടാക്കരുത്.
ഈ സംസ്ഥാനത്തെ അടുക്കളയില്‍ എന്ത് വേവിക്കണം എന്ത് കഴിക്കണം എന്ന് ഇവിടുള്ളവര്‍ തീരുമാനിക്കും. പാലത്തിനു അങ്ങുണ്ടാക്കുന്ന കുറിപ്പടി കൊള്ളാമായിരിക്കും. പാത്രത്തിലേക്കും കൂടി അത് നീട്ടണ്ട. അത് കൈയില്‍ വെച്ചേക്കുക.
താനൊരു സമ്പൂര്‍ണ്ണ വെജിറ്റേറിയന്‍ ആണെന്നും മാംസം കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.
ബീഫ് നിരോധനത്തെയും ബി.ജെ.പി സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമനിര്‍മ്മാണത്തെയും പരോക്ഷമായി പിന്തുണച്ചും അദ്ദേഹം രംഗത്തെത്തിയിരുന്നു.
‘ഞാനൊരു വെജിറ്റേറിയനാണ്. മുട്ട പോലും കഴിക്കാറില്ല. അതുകൊണ്ട് തന്നെ ആളുകള്‍ മാംസം കഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ലൗ ജിഹാദ് വിഷയങ്ങളെ സംബന്ധിച്ച്, കേരളത്തില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ഞാന്‍ കാണുന്നുണ്ട്. വിവാഹത്തിന്റെ പേരില്‍ ഹിന്ദുക്കള്‍ വഞ്ചിക്കപ്പെടുന്നു. അവര്‍ പിന്നീട് കഷ്ടപ്പെടുന്നു. ഹിന്ദുക്കള്‍ മാത്രമല്ല. മുസ്‌ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും വിവാഹത്തിന്റെ പേരില്‍ കബളിപ്പിക്കപ്പെടുന്നു. അത്തരമൊരു കാര്യം എന്തായാലും ഞാന്‍ എതിര്‍ക്കും’, എന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്.
ബി.ജെ.പി വര്‍ഗ്ഗീയ പാര്‍ട്ടിയല്ലെന്നും ദേശസ്നേഹികളുടെ പാര്‍ട്ടിയാണെന്നും അഭിമുഖത്തില്‍ ഇ. ശ്രീധരന്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് ഇ. ശ്രീധരന്‍ പ്രഖ്യാപിക്കുന്നത്. ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനമെന്നാണ് ശ്രീധരന്‍ പറഞ്ഞത്. കേരളത്തില്‍ ഒന്നും നടക്കുന്നില്ല. ഇവിടെ നീതി ഉറപ്പാക്കാന്‍ ബി.ജെ.പി അധികാരത്തില്‍ വരണമെന്നും ശ്രീധരന്‍ പറഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് ഇ. ശ്രീധരന്‍ പാര്‍ട്ടിയില്‍ ചേരുന്നുവെന്ന് അറിയിച്ചത്. ബി.ജെ.പിയുടെ വിജയയാത്രാ വേളയില്‍ പാര്‍ട്ടിയില്‍ ചേരുമെന്നാണ് സുരേന്ദ്രന്‍ അറിയിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlight: KJ jacob Criticise E Sreedharan