| Monday, 31st August 2020, 2:40 pm

'എന്താണ് കോണ്‍ഗ്രസ് എന്ന അഹിംസാ പാര്‍ട്ടിയുടെ കേരളത്തിലെ പ്ലാന്‍?'; കെ.ജെ ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്. എന്താണ് കോണ്‍ഗ്രസ് എന്ന അഹിംസാ പാര്‍ട്ടിയുടെ കേരളത്തിലെ പ്ലാന്‍ എന്നാണ് കെ.ജെ ജേക്കബ് ഫേസ്ബുക്കിലൂടെ ചോദിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ മൂന്നു ചെറുപ്പക്കാരായ സി.പി.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്.

ഇരുപതാം തിയ്യതി ആലപ്പുഴയില്‍ കൊല്ലപ്പെട്ട സിയാദ്, വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട മിഥിലാജ്, ഹക് മുഹമ്മദ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് പിടിയിലായവരില്‍ അധികവും കോണ്‍ഗ്രസുകാരാണെന്നും കെ.ജെ ജേക്കബ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഞായറാഴ്ച രാത്രിയോടെയായിരുന്നു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മിഥിലാജിനെയും ഹക്ക് മുഹമ്മദിനെയും കൂടെയുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് ഷഹിനെയും മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആക്രമിക്കുകയായിരുന്നു. ഇതിനിടെ ഷഹിന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരുക്കേറ്റ ഹക്ക് മുഹമ്മദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

കെ.ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടാഴ്ചക്കുള്ളില്‍ മൂന്നു സി.പി.ഐ.എം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മൂന്നും ചെറുപ്പക്കാര്‍. തിരുവോണത്തലേന്നു, തിരുവനന്തപുരത്തു വെഞ്ഞാറമൂട്ടില്‍ മിഥിലാജും (30) ഹക് മുഹമ്മദു (24) മാണ് കൊല്ലപ്പെട്ടത്. ഇരട്ടക്കൊലപാതകം രാഷ്ട്രീയ കാരണങ്ങളാലാണ് എന്നാണ് പോലീസ് പറയുന്നത്. ഇരുപതാം തിയതിയാണ് ആലപ്പുഴയില്‍ സിയാദ് (35) കൊല്ലപ്പെട്ടത്. എന്റെ മക്കളെ ഓര്‍ത്ത് കൊല്ലരുതെന്ന് യാചിച്ച ചെറുപ്പക്കാരനെയാണ് ഇല്ലാതാക്കിയത്.

മൂന്നു കേസുകളിലും പിടിയിലായവരില്‍ അധികവും ഒരു വാര്‍ഡ് കൗണ്‍സിലറടക്കം, കോണ്ഗ്രസുകാരാണ്. എന്താണ് കോണ്‍ഗ്രസ് എന്ന അഹിംസാ പാര്‍ട്ടിയുടെ കേരളത്തിലെ പ്ലാന്‍?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more