ഇന്ത്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകുമെന്ന സംഘി- ക്രിസംഘി സാഹിത്യത്തിനുള്ള മറുപടിയാണ് ഈ കണക്ക്
FB Notification
ഇന്ത്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകുമെന്ന സംഘി- ക്രിസംഘി സാഹിത്യത്തിനുള്ള മറുപടിയാണ് ഈ കണക്ക്
കെ ജെ ജേക്കബ്
Saturday, 14th May 2022, 9:41 am
1992-93ലെ ഒന്നാം കുടുംബാരോഗ്യ സര്‍വേയില്‍ ഹിന്ദുക്കളുടെ ടി.എഫ്.ആര്‍ 3.3 ആയിരുന്നു. ഇപ്പോള്‍ അത് 1.94 ആയിട്ടുണ്ട്. 41.2 ശതമാനം കുറവ്. ഒന്നാം കുടുംബാരോഗ്യ സര്‍വേയില്‍ 4.41 ആയിരുന്ന മുസ്‌ലിങ്ങളുടെ ടി.എഫ്.ആര്‍ ഇപ്പോള്‍ 2.36 ആയി; 46.5 ശതമാനം കുറവ്. ക്രിസ്ത്യാനികളുടെ ടി.എഫ്.ആര്‍ 2.87ല്‍ നിന്ന് 1.88 ആയി; 34.5 ശതമാനം കുറവ്. എന്നുവെച്ചാല്‍ പുതുതായി ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവുമധികം കുറയുന്നത് മുസ്‌ലിങ്ങളുടെ ഇടയിലാണ്.

”മുസ്‌ലിം ജനസംഖ്യയുടെ വര്‍ധനവ് നോക്കൂ… 2031ല്‍ അവര്‍ കേരളത്തില്‍ ഭൂരിപക്ഷമാകും? ഇല്ലെങ്കില്‍ പത്തുകൊല്ലം കൂടി. കേരളത്തില്‍ മാത്രമോ? ഇന്ത്യ 2051ഓടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാകും. അതാണ് അവരുടെ പരിപാടി.”

ഈ ക്രിസംഘി-സംഘി സാഹിത്യം ഫേസ്ബുക്കിലോ വാട്‌സ്ആപ്പിലോ വായിക്കാത്തവരോ സുഹൃദ്‌സദസ്സുകളിലോ ക്ലബുകളിലോ ക്ലബ് ഹൗസിലോ പറഞ്ഞു കേള്‍ക്കാത്തവരും വളരെ കുറവായിരിക്കും.

‘ഇതൊക്കെ കണക്കുകളാണ്, ഞാനായിട്ടൊന്നും പറയുന്നില്ല,’ എന്നായിരിക്കും അവതാരകന്റെ സ്ഥിരം ഡയലോഗ്.

താനായിട്ടൊന്നും പണയണ്ട, എല്ലാത്തിനും കണക്കുണ്ട് എന്ന് പറയാനുള്ള സമയമായി, കാരണം കണക്കുകള്‍ വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ദേശീയ കുടുംബാരോഗ്യ സര്‍വേ (2019-20) പ്രകാരം എല്ലാ മതവിഭാഗങ്ങളിലും പെട്ടവരുടെ പ്രത്യുല്‍പാദന നിരക്കുകള്‍ കുറയുന്നുണ്ട്. എന്നാല്‍ ഏറ്റവുമധികം കുറയുന്നതു മുസ്‌ലിങ്ങളുടെയാണ്.

ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (Total Fertility Rate) അഥവാ, ചില നിബന്ധനകള്‍ അനുസരിച്ച്, ഒരു സ്ത്രീ ജന്മം കൊടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

കണക്കിലേക്ക്;

1992-93ലെ ഒന്നാം കുടുംബാരോഗ്യ സര്‍വേയില്‍ ഹിന്ദുക്കളുടെ ടി.എഫ്.ആര്‍ 3.3 ആയിരുന്നു. ഇപ്പോള്‍ അത് 1.94 ആയിട്ടുണ്ട്. 41.2 ശതമാനം കുറവ്. ഒന്നാം കുടുംബാരോഗ്യ സര്‍വേയില്‍ 4.41 ആയിരുന്ന മുസ്‌ലിങ്ങളുടെ ടി.എഫ്.ആര്‍ ഇപ്പോള്‍ 2.36 ആയി; 46.5 ശതമാനം കുറവ്. ക്രിസ്ത്യാനികളുടെ ടി.എഫ്.ആര്‍ 2.87ല്‍ നിന്ന് 1.88 ആയി; 34.5 ശതമാനം കുറവ്.

എന്നുവെച്ചാല്‍ പുതുതായി ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഏറ്റവുമധികം കുറയുന്നത് മുസ്‌ലിങ്ങളുടെ ഇടയിലാണ്.

ഇപ്പോഴും ഏറ്റവും കൂടിയ ടി.എഫ്.ആര്‍ മുസ്‌ലിങ്ങളുടേതാണ്. അതുകൊണ്ടാണ് കുറവിന്റെ തോത് കൂടിയിരിക്കുന്നത് എന്നല്ലേ? ആണ്. ഇപ്പോഴും ഏറ്റവും കൂടിയ ടി.എഫ്.ആര്‍ മുസ്‌ലിങ്ങളുടേതാണ്. റേറ്റ് കൂടുതലായതുകൊണ്ടാണ് കുറയുന്നതിന്റെ റേറ്റ് കൂടുന്നത് എന്നതും ശരിയാണ്.

പക്ഷെ അതല്ലല്ലോ നമ്മുടെ വിഷയം. ഇന്ത്യ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകുമെന്നല്ലേ വാദം? ഈ കണക്കനുസരിച്ച് ടി.എഫ്.ആര്‍ 1.94 ഉള്ള ഹിന്ദുക്കള്‍ ഇവിടെ 80 ശതമാനത്തോളമുണ്ട്. 2.36 ടി.എഫ്.ആറുള്ള മുസ്‌ലിങ്ങള്‍ 14 ശതമാനമാണ്. എന്നുവെച്ചാല്‍, ഈ ട്രെന്‍ഡ് വച്ചുനോക്കിയാല്‍ ഒരുകാലത്തും ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യ മറികടക്കുന്നത് പോയിട്ട് അടുത്തെങ്ങും എത്തില്ല. (എത്തിയാലെന്ത്, ഒന്നുമില്ല. അതല്ല വിഷയം)

ഈ ‘മുസ്‌ലിം ഭൂരിപക്ഷ രാജ്യ’ തിയറി ഇറക്കുന്നവരോട് നമുക്കൊന്നും പറയാനില്ല. അവര്‍ക്കു സത്യം നേരത്തേയറിയാം, പറയുന്നത് നുണയാണ് എന്നുമവര്‍ക്കറിയാം. നമ്മള്‍ ഇത് പറഞ്ഞാല്‍ അവര്‍ ഞെട്ടുകയൊന്നുമില്ല.

എന്നാല്‍ ഈ തിയറി കണ്ണുമടച്ച് വിശ്വസിക്കുന്ന മനുഷ്യരുണ്ട്. അവരുടെ ഇടയില്‍ ഈ വിഷം രണ്ടു വിധത്തില്‍ പ്രവര്‍ത്തിക്കും. ഒന്ന് അവര്‍ സ്വയം ഇതിനു ഇരയാകും; രണ്ട് മറ്റുളവരെ അതിനു ഇരയാക്കും. അതിനൊക്കെ കണക്കുണ്ട് എന്നവര്‍ പറയാറുണ്ട്. ആ കണക്കു വെക്കൂ എന്ന് നമ്മള്‍ അവരോടു പറയേണ്ടതുണ്ട്, നമ്മുടെ കണക്കുകള്‍ വെക്കേണ്ടതുമുണ്ട്.

മൂന്നാമത്തെ കൂട്ടര്‍ ഈ തിയറിയില്‍ സംശയമുള്ളവരാണ്. ഇനി എങ്ങാനും ശരിയാകുമോ എന്ന് വിചാരിക്കുന്നവര്‍. മറ്റു തരത്തില്‍ കിട്ടുന്ന പ്രൊപ്പഗാണ്ടയും കൂടിയാകുമ്പോള്‍ അവരും വീഴും. അവരോടും കണക്കു പറയേണ്ടതുണ്ട്.

ചുരുക്കത്തില്‍, ഈ വിഷക്കച്ചവടം നില്‍ക്കേണ്ടതുണ്ട്. കണക്കുകള്‍ വെച്ച് നിര്‍ത്തിക്കേണ്ടതുണ്ട്.

Content Highlight: KJ Jacob about the Sanghparivar narrative of ‘Muslim majority India’ and the National Family Health Survey

കെ ജെ ജേക്കബ്
മാധ്യമപ്രവര്‍ത്തകന്‍