| Sunday, 14th May 2023, 1:35 pm

കിഴിശ്ശേരി ആള്‍കൂട്ട കൊലപാതകം; രണ്ട് മണിക്കൂറോളം മര്‍ദിച്ചു; എട്ട് പേര്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയില്‍ ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചി ആള്‍ക്കൂട്ട ആക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട കേസില്‍ എട്ട് പേര്‍ അറസ്റ്റില്‍. മരണ കാരണം ആള്‍ക്കൂട്ട ആക്രമണമാണെന്ന് പൊലീസും സ്ഥിരീകരിച്ചു. പ്രതികളുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അറസ്റ്റ് നടപടി പൂര്‍ത്തീകരിച്ചെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രതികളായവരുടെ ഫോണില്‍ നിന്ന് വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. ക്ഷീണിച്ച് കിടക്കുന്ന ആളുടെ ഫോട്ടോകള്‍ അതിലുണ്ട്. അതില്‍ നിന്ന് സമയവും മറ്റ് കാര്യങ്ങളും ശേഖരിച്ചു. വിശദമായ തെളിവുകള്‍ നമ്മള്‍ ശേഖരിച്ചിട്ടുണ്ട്.

രാത്രി സംഭവസ്ഥലത്ത് പോയ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്ന ആളുകളുടെ ഫോട്ടോകളും മറ്റും ശേഖരിച്ചിരുന്നു. അതിലൂടെയാണ് നമുക്ക് പെട്ടെന്ന് പ്രതികളിലേക്ക് എത്താന്‍ സാധിച്ചത്. എല്ലാവരുടെയും അറസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം മെഡിക്കല്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ബിഹാര്‍ സ്വദേശിയെ രണ്ടുമണിക്കൂറോളം ഉപദ്രവിച്ചെന്നും ഇതിനുശേഷം അനക്കമില്ലാതായതോടെയാണ് സമീപത്തെ കവലയിലേക്ക് കൊണ്ടുവന്നതെന്നും സുജിത് ദാസ് പറഞ്ഞു.

‘കള്ളനാണെന്ന് ആരോപിച്ചാണ് പ്രതികള്‍ ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ചത്. എന്തിനു വന്നു, എവിടെ നിന്നാണ് വന്നത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചായിരുന്നു ഉപദ്രവം. പ്ലാസ്റ്റിക് പൈപ്പുകള്‍, മാവിന്റെ കൊമ്പ് തുടങ്ങിയവ ഉപയോഗിച്ച് മര്‍ദിക്കുകയും ചെയ്തു. പുലര്‍ച്ചെ 12.15 മുതല്‍ 2.30 വരെ ഉപദ്രവം തുടര്‍ന്നു. അതിനുശേഷം അനക്കമില്ലാതായതോടെ വലിച്ചിഴച്ച് 50 മീറ്റര്‍ അകലെയുള്ള അങ്ങാടിയില്‍ എത്തിക്കുകയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കിഴിശ്ശേരി-തവനൂര്‍ റോഡില്‍ വെച്ചാണ് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ സ്വദേശിയായ രാജേഷ് മാഞ്ചി(36) മര്‍ദനമേറ്റ് കൊല്ലപ്പെട്ടത്. ക്രൂരമര്‍ദനത്തിന് ശേഷം ഇയാള്‍ അവശനായതോടെ നാട്ടുകാര്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

CONTENT HIGHLIGHT: Kizhisery  Murder; Beaten for two hours; Eight people were arrested

We use cookies to give you the best possible experience. Learn more