കിഴക്കമ്പലം അക്രമം: പൊലീസ് കസ്റ്റഡിയുള്ള 164 പേരില്‍ 151 പേരും നിരപരാധികള്‍; 12 പേരെ കിറ്റക്‌സിനറിയില്ല; സാബു എം. ജേക്കബ്
Kerala News
കിഴക്കമ്പലം അക്രമം: പൊലീസ് കസ്റ്റഡിയുള്ള 164 പേരില്‍ 151 പേരും നിരപരാധികള്‍; 12 പേരെ കിറ്റക്‌സിനറിയില്ല; സാബു എം. ജേക്കബ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th December 2021, 5:36 pm

കൊച്ചി: കിഴക്കമ്പലത്ത് പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 164 പേരില്‍ 13 പേര്‍ മാത്രമാണ് പ്രതികളെന്ന് കിറ്റക്‌സ് എം.ഡി. സാബു എം. ജേക്കബ്. കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും സാബു എം. ജേക്കബ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് സാബു എം. ജേക്കബ് പറഞ്ഞു.

യാദൃശ്ചിക സംഭവങ്ങളാണ് നടന്നത്. 164 പേരെ കസ്റ്റഡയിലെടുത്തെന്നാണ് പൊലീസ് പറയുന്നത്. ഇതില്‍ 152 പേരെയാണ് തങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിച്ചത്. അറസ്റ്റിലായവരില്‍ 12 പേരെ കിറ്റക്‌സിന് അറിയില്ലെന്നും സാബു പറഞ്ഞു.

ബാക്കിയുള്ളവരെ പ്രതികളാക്കി ജനങ്ങളെ കബളിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സാബു ആരോപിച്ചു.

12 ലൈന്‍ ക്വാര്‍ട്ടേഴ്‌സിലാണ് കിറ്റക്‌സ് തൊഴിലാളികള്‍ താമസിക്കുന്നത്. ഇതില്‍ 499 പേര്‍ മലയാളികളാണ്. ബാക്കിവരുന്നത് ഇതരസംസ്ഥാന തൊഴിലാളികളും. 10, 11, 12 നമ്പര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മലയാളികളെ മാറ്റിനിര്‍ത്തി ഹിന്ദിക്കാരെ മാത്രമാണ് പൊലീസ് കൊണ്ടുപോയതെന്ന് സാബു പറഞ്ഞു.

വളരെ ചുരുങ്ങിയ സമയംകൊണ്ട് ഇവര്‍ പ്രതികളാണെന്ന് പൊലീസിന് എങ്ങനെയാണ് മനസിലായതെന്ന് സാബു ചോദിച്ചു.

കിറ്റക്‌സ് നിമയവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും നിയമം കൈയ്യിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കില്ലെന്നും സാബു കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് ദിവസം രാത്രിയാണ് കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത്.

കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്ക് തൊഴിലാളികള്‍ തീയിടുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 150ലധികം തൊഴിലാളികളെ പ്രദേശത്ത് നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.

കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: kizhakkambalam Violence: 151 out of 164 in police custody are innocent; kitex do not know 12 of them Sabu M. Jacob