കിഴക്കമ്പലത്തെ ആക്രമണം: 24 കിറ്റക്‌സ് തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി
Kerala News
കിഴക്കമ്പലത്തെ ആക്രമണം: 24 കിറ്റക്‌സ് തൊഴിലാളികളുടെ അറസ്റ്റ് രേഖപ്പെടുത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th December 2021, 9:43 pm

എറണാകുളം: കിഴക്കമ്പലത്ത് കിറ്റക്‌സിലെ  തൊഴിലാളികള്‍ പൊലീസിനെ ആക്രമിക്കുകയും പൊലീസ് ജീപ്പ് കത്തിക്കുകയും ചെയ്ത സംഭവത്തില്‍ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

രണ്ട് കേസുകളിലായാണ് അറസ്റ്റ്. വധശ്രമത്തിന് 18 പേരെയും പൊലീസ് വാഹനം കത്തിച്ചതില്‍ 6 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

വധശ്രമം, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. പ്രതികളെ തിങ്കളാഴ്ച്ച കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് റൂറല്‍ എസ്.പി കാര്‍ത്തിക് അറിയിച്ചു.

പെരുമ്പാവൂര്‍ എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. അക്രമവുമായി ബന്ധപ്പെട്ട് 156 പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്ക് തൊഴിലാളികള്‍ തീയിടുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 150ലധികം തൊഴിലാളികളെ പ്രദേശത്ത് നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.

പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.

തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.

കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Kizhakkambalam Attack: 24 arrested