ഇന്ത്യ-ന്യൂസിലാൻഡ്സ് മൂന്നാം ഏകദിനത്തിൽ വിജയത്തിലേക്കടുക്കുകയാണ് ഇന്ത്യൻ ടീം. ആദ്യ രണ്ട് ഏകദിനങ്ങളും മികച്ച രീതിയിൽ വിജയിച്ച ഇന്ത്യൻ ടീം മൂന്നാം ഏകദിനത്തിലും കിവീസിനെ വിറപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റിന് 385 റൺസ് സ്വന്തമാക്കിയപ്പോൾ നിലവിൽ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 119 റൺസ് എന്ന സ്കോറിൽ ബാറ്റിങ് തുടരുകയാണ് കിവീസ്.
മത്സരത്തിൽ സബ്ബായി ഇറങ്ങി നാണം കെട്ട പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് കിവീസ് ബോളര്‍ ജേക്കബ് ഡഫി. 10 ഓവര്‍ ബോൾ ചെയ്ത ഡഫി 100 റണ്‍സാണ് വഴങ്ങിയത്. ഇതോടെ മൂന്ന് വിക്കറ്റുകൾ കരസ്ഥമാക്കാൻ ഡഫിക്ക് സാധിച്ചിരുന്നെങ്കിലും ഒരു ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിട്ട്കൊടുത്ത മൂന്നാമത്തെ കിവീസ് ബോളര്‍ എന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ജേക്കബ് ഡഫിയുടെ പേരിലായി.
ഇന്ത്യക്കെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 2009ൽ 105 റണ്‍സ് വഴങ്ങിയ കിവീസ് ബോളർ ടിം സൗത്തിയാണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ ന്യൂസിലാൻഡ് താരം.
1983ലെ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 105 റണ്‍സ് വഴങ്ങിയ മാര്‍ട്ടിന്‍ സ്നെഡെറായിരുന്നു ആദ്യമായി കിവീസ് നിരയിൽ സെഞ്ച്വറി വഴങ്ങി നാണം കെട്ട ആദ്യ ബോളർ. ഈ രണ്ട് താരങ്ങളുടെയും പട്ടികയിലേക്കാണ് ഇപ്പോൾ ജേക്കബ് ഡഫിയും കടന്ന് വന്നിരിക്കുന്നത്.
മൂന്നാം ഏകദിന മത്സരത്തിൽ നാല് കിവീസ് താരങ്ങളാണ് 10 ഓവർ തികച്ച് പന്തെറിഞ്ഞത് അതിൽ തന്നെ 53 റൺസ് വഴങ്ങിയ ലോക്കി ഫെർഗൂസൺ, 58 റൺസ് വഴങ്ങിയ മിച്ചൽ സാന്റ്നർ എന്നിവർ മാത്രമാണ് ബോളിങ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്.
അതേസമയം രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനത്തോടെയാണ് ഇന്ത്യൻ ടീം 385 റൺസ് എന്ന പടുകൂറ്റൻ സ്കോറിലേക്കെത്തിയത്. രോഹിത് 101 റൺസും ഗിൽ 112 റൺസുമാണ് സ്വന്തമാക്കിയത്.