| Saturday, 26th January 2019, 8:10 pm

'ഇത് തൊഴിലാളികളുടെ പോരാട്ട ജയം'; കര്‍ണാടക ഐ.ടി മേഖലയിലെ തൊഴില്‍ ചുഷണങ്ങള്‍ക്ക് അന്ത്യമാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയിലെ ഐ.ടി, ഐ.ടി അധിഷ്ഠിത വ്യവസായങ്ങളെ ഇന്റസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിങ്ങ് ഓഡേഴ്സ് ആക്റ്റില്‍ നിന്നും ഒഴിവാക്കികൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിന്റെ കാലാവധി അവസാനിച്ചു. തൊഴില്‍ നിയമങ്ങളില്‍ നിന്ന് ഐ.ടി മേഖലയെ ഒഴിവാക്കി കൊണ്ട് 2014 ജനവരിയില്‍ ഇറക്കിയ ഉത്തരവാണ് കഴിഞ്ഞ ദിവസത്തോടെ അവസാനിച്ചത്.

ഐ.ടി തൊഴിലാളികളുടെ റെജിസ്ട്രേഡ് ട്രേഡ് യൂണിയനായ കര്‍ണാടക സ്റ്റേറ്റ് ഐ.ടി / ഐ.ടി.ഇ.എസ് എംപ്ലോയ്‌സ് യൂണിയന്‍ (കെ.ഐ.ടി.യു) നടത്തിയ സമരങ്ങളാണ് സര്‍ക്കാരിനെ മാറ്റി ചിന്തിപ്പിച്ചത്. ഇതോടെ ഐ.ടി മേഖലയില്‍ കൂടുതല്‍ കോര്‍പറേറ്റ് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനെന്നപേരില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന തൊഴില്‍ ചുഷണങ്ങള്‍ക്ക് അവസാനമാകും.

Read Also : അമേരിക്കയില്‍ പത്ത് വര്‍ഷത്തിനിടെ വലതുപക്ഷ തീവ്രവാദികള്‍ നടത്തിയത് ഇസ്‌ലാമിക് തീവ്രവാദികളേക്കാള്‍ മൂന്ന് മടങ്ങ് ആക്രമണം

കഴിഞ്ഞ ദിവസം കെ.ഐ.ടിയു പ്രതിനിധികളെയും നാസ്‌കോം പ്രതിനിധികളെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ത്രികക്ഷി ചര്‍ച്ചയാണ് പുതിയ മാറ്റത്തിലേക്ക് വഴിവെച്ചത്. നേരത്തെ കെ.ഐ.ടി.യു പ്രതിനിധികള്‍ ലേബര്‍ സെക്രട്ടറിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും സ്റ്റാന്‍ഡിങ് ഓര്‍ഡേര്‍സ് ആക്ടില്‍ നിന്നും ഐ.ടി മേഖലയ്ക്ക് നല്‍കി വരുന്ന ഇളവ് നീട്ടി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റ തുടര്‍ച്ചയായിരുന്നു ഇന്നലെ നടന്ന ത്രികക്ഷി ചര്‍ച്ച.

കര്‍ണാടക വികാസ് സൗധയില്‍ വെച്ച് സംസ്ഥാന തൊഴില്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അംലന്‍ ആദിത്യ ബിശ്വാസ് വിളിച്ചു ചേര്‍ത്ത ത്രികക്ഷി ചര്‍ച്ചയില്‍ കെ.ഐ.ടി.യു പ്രസിഡന്റ് വി.ജെ.കെ നായര്‍, സെക്രട്ടറി സൂരജ് നിടിയങ്ങവരാണ് പങ്കെടുത്തത്.

യാതൊരു മാനദണ്ഡവുമില്ലാതെയുള്ള കുട്ടപിരിച്ചുവിടലുകളോടും തൊഴില്‍ മേഖലയിലെ കടുത്ത അരക്ഷിതാവസ്ഥയോടും പടവെട്ടിയാണ് തൊഴിലാളികള്‍ സമരം നടത്തിയത്.

ഐ.ടി മേഖലയില്‍ തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ നേരത്തേയും കെ.ഐ.ടി.യു സമരം നടത്തിയിരുന്നു. ജനുവരി 7,8 തിയതികളിലായി നടന്ന ദേശീയ പൊതുപണിമുടക്കിനോടനുബന്ധിച്ചു സമാനമായ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നൂറു കണക്കിന് ഐ.ടി തൊഴിലാളികള്‍ ബെംഗളൂരു നഗരത്തില്‍ ബൈക്ക് റാലി നടത്തിയിരുന്നു.

We use cookies to give you the best possible experience. Learn more