കിഴക്കമ്പലം: 3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് കിറ്റെക്‌സ് എം.ഡി. സാബു ജേക്കബ്.
കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്ന് കിറ്റെക്‌സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്‌സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്‌സ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
നിലവില്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ളത്. സംസ്ഥാനത്ത് വ്യവസായ സൗഹാര്‍ദമല്ലാത്ത അവസ്ഥയാണെന്നും സാബു ജേക്കബ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയും പരിശോധന നടന്നെന്നും ആരാണെന്നും എന്താണെന്നും പരിശോധന എന്ന് പറയുന്നില്ലെന്നും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൊണ്ടുവന്നാണ് ഡിപ്പാര്‍ട്ടുമെന്റുകള്‍ പരിശോധന നടത്തുന്നതെന്നും സാബു ജേക്കബ് ആരോപിച്ചു.
എല്ലാ ദിവസവും ഇത്തരത്തില്‍ പരിശോധന നടക്കുകയും അധിക്ഷേപിക്കുകയും ചെയ്യുകയാണെന്നും സാബു ജേക്കബ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിശോധനയില്‍ എന്താണ് കണ്ടെത്തിയത് എന്നുപോലും പരിശോധനയ്ക്ക് വന്നവര്‍ പറയുന്നില്ലെന്നും സാബു ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഇത്തരത്തില്‍ പരിശോധന നടത്തിയതെന്നും കമ്പനി ഇല്ലാതാക്കാനുള്ള ശ്രമമാണെന്നും സാബു ജേക്കബ് പറഞ്ഞു.
രാഷ്ട്രീയ പകപോക്കലാണ് നടക്കുന്നതെന്നും ട്വന്റി 20 എന്ന തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന് ശേഷമാണ് ഇത്തരം പകപോക്കലെന്നും സാബു ജേക്കബ് ആരോപിച്ചു.
കുന്നത്ത്‌നാട് എം.എല്‍.എയാണ് ഈ പരിശോധനകള്‍ക്ക് പിന്നിലെന്നാണ് താന്‍ മനസിലാക്കിയതെന്നും സാബു ജേക്കബ് പറഞ്ഞു. സര്‍ക്കാരിന്റെ സമ്മതമില്ലാതെ ഇത്തരമൊരു പരിശോധനകള്‍ നടക്കില്ലെന്നും സാബു ജേക്കബ് പറഞ്ഞു.