കൊച്ചി: തെലങ്കാനയിലെ നിക്ഷേപത്തിന്റെ ചുവടുപിടിച്ച് ഓഹരിവിപണിയില്‍ നാല് ദിവസം കുതിച്ച കിറ്റെക്‌സിന് അഞ്ചാം ദിവസത്തില്‍ തിരിച്ചടി. ഒരു ദിനത്തിലെ ഏറ്റവും താഴ്ന്ന വിലയില്‍ എത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ കിറ്റെക്‌സ് ഓഹരി വില്‍പ്പന നിലച്ചു. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങി 223.90 രൂപ വരെ ഉയര്‍ന്ന ശേഷമാണ് 10 ശതമാനം വിലയിടിഞ്ഞ് 183.65 രൂപയില്‍
ക്ലോസ് ചെയ്തത്.
കമ്പനിയുടെ വന്‍കിട നിക്ഷേപകരില്‍ രണ്ടുപേര്‍ ബള്‍ക്ക് വില്‍പനയിലൂടെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. വ്യാഴാഴ്ച വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത് കിറ്റെക്‌സിന്റെ 168.51 കോടി രൂപ മൂല്യം വരുന്ന 85.91 ലക്ഷം ഓഹരികളാണ്. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്. 56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്.
മൂന്നുദിവസങ്ങളില്‍ തുടര്‍ച്ചയായി അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ എത്തിയതോടെ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ ഓണ്‍ലൈന്‍ സര്‍വെയ്‌ലന്‍സ് വിഭാഗം കിറ്റെക്‌സിനോട് വിശദീകരണം ചോദിച്ചിരുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കാരണമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. തുടര്‍ച്ചയായി രണ്ടു ദിവസം 20 ശതമാനവും സ്റ്റോക് എക്‌സ്‌ചേഞ്ചിന്റെ നിരീക്ഷണം തുടങ്ങിയതില്‍ പിന്നെ 10 ശതമാനവുമാണ് അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ ഓഹരി നിന്നത്.
കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേക്ഷിച്ചാണ് കിറ്റെക്‌സ് തെലങ്കാനയിലേക്ക് പോയത്. കേരളം നിക്ഷേപസൗഹൃദമല്ലെന്ന് തെലങ്കാനയിലേക്ക് പോവാന്‍ തീരുമാനിച്ചതിന് പിന്നാലെ സാബു എം.ജേക്കബ് പറഞ്ഞിരുന്നു.