| Sunday, 11th July 2021, 1:28 pm

കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് സാബു ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ ഇനി ഒരു രൂപ പോലും ചെലവാക്കില്ലെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് ചെയര്‍മാന്‍ സാബു ജേക്കബ്. തെലങ്കാനയില്‍ നിന്ന് കേരളത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും അദ്ദേഹം എന്ത് പറഞ്ഞാലും പ്രതികരിക്കില്ലെന്നും സാബു പറഞ്ഞു. ബിസിനസിനാവശ്യമായ ഭീമമായ തുക തെലങ്കാനയില്‍ നിക്ഷേപിക്കും. ആയിരം കോടിയുടെ നിക്ഷേപമാവും ആദ്യഘട്ടത്തില്‍ നടത്തുക.

തെലങ്കാന സര്‍ക്കാരുമായി വൈകാതെ കരാറുണ്ടാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാനയില്‍ ജോലി തേടി എത്ര മലയാളികള്‍ വന്നാലും അവര്‍ക്ക് ജോലി നല്‍കുമെന്നും സാബു പറഞ്ഞു.

രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ല. അത്തരമൊരു വേദിയില്‍ അതിനെ കുറിച്ച് പ്രതികരിക്കും. കേരളത്തില്‍ 15,000ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളം വ്യവസായ സൗഹൃദമല്ലെന്നും തന്നെ ആട്ടിയോടിക്കുകയാണെന്നുമായിരുന്നു നിക്ഷേപ പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുന്നതിന് മുന്നോടിയായി സാബു പറഞ്ഞിരുന്നത്.

അതേസമയം കിറ്റെക്സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kitex Sabu Jacob Telangana Kerala

We use cookies to give you the best possible experience. Learn more