കൊച്ചി: ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതില്‍ പ്രതികരണവുമായി ട്വന്റി 20യുടെ അധ്യക്ഷനും കിറ്റെക്‌സ് കമ്പനി ഉടമയുമായ സാബു എം. ജേക്കബ്. നിലനില്‍പ്പിന് വേണ്ടിയാണ് എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും പണം നല്‍കിയതെന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസിനോടുള്ള സാബുവിന്റെ പ്രതികരണം.
സംഭവനക്ക് പകരമായി എന്തെങ്കിലും ആനുകൂല്യം നേടിയെന്ന വിവരം പുറത്തു വന്നാല്‍ ട്വന്റി 20 പാര്‍ട്ടി അവസാനിപ്പിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് നിയമപരമായും ജനാധിപത്യ രീതിയിലാണെന്നും സാബു പറഞ്ഞു. തന്നെ ബി.ജെ.പിയുടെ ബി ടീമാക്കി ചിത്രീകരിക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേര്‍ത്തു.
കുന്നത്തുനാട് എം.എല്‍.എ പി.വി. ശ്രീനിജ് കിറ്റെക്‌സ് കമ്പനി ഉടമ ഇലക്ടറല്‍ ബോണ്ട് വഴി പാര്‍ട്ടികള്‍ക്ക് 25 കോടി രൂപ നല്‍കിയത് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയതിന് പിന്നാലെയാണ് സാബുവിന്റെ പ്രതികരണം.
2023 ജൂലൈ മാസത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സും, കിറ്റെക്‌സ് ചില്‍ഡ്രന്‍ വെയര്‍ ലിമിറ്റഡും ഇലക്ടറല്‍ ബോണ്ട് വഴി പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയതായാണ് രേഖകളിലുള്ളത്. അതേസമയം വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലും എറണാകുളത്തും ട്വന്റി 20ക്കെതിരെ യു.ഡി.എഫും എല്‍.ഡി.എഫും ഇക്കാര്യം പ്രചരണ വിഷയമാക്കുമെന്നാണ് വിലയിരുത്തല്‍.
Congress Highlight: Kitex owner said that donations to parties through electoral bonds were for survival