കൊച്ചി: കിറ്റെക്‌സ് കമ്പനിക്കെതിരെ തൊഴില്‍ വകുപ്പ് നല്‍കിയ നോട്ടീസ് കോടതിയലക്ഷ്യമെന്ന് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മിനിമം വേതനം ഉയര്‍ത്തണമെന്ന തൊഴില്‍ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തതാണെന്നാണ് സാബു ജേക്കബ് പറയുന്നത്.
പുതുക്കിയ മിനിമം കൂലി തൊഴിലാളികള്‍ക്ക് നല്‍കുന്നില്ലെന്നാണ് തൊഴില്‍ വകുപ്പിന്റെ നോട്ടീസില്‍ പറയുന്നതെന്നും കിറ്റെക്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
നിരന്തരം പരിശോധനകള്‍ നടത്തി കമ്പനിയെ തകര്‍ക്കാന്‍ ചില രാഷ്ടീയ കേന്ദ്രങ്ങള്‍ നടത്തിയ നീചമായ പ്രവര്‍ത്തികളാണ് പുറത്ത് വരുന്നതെന്നും നിലവില്‍ ഹൈക്കോടതി സ്റ്റേ ചെയ്ത വേജ്‌ബോഡ് ശുപാര്‍ശ നടപ്പാക്കിയില്ലെന്ന് കാണിച്ച് തൊഴില്‍വകുപ്പ് നല്‍കിയ നോട്ടീസടക്കം കോടതിയലക്ഷ്യ നടപടിയാണെന്നും സാബു ജേക്കബ് പറയുന്നു.
നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്‌സ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അല്ലാത്തപക്ഷം ഉടന്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്നും സാബു ജേക്കബ് പറഞ്ഞു.
ഇങ്ങനെയുള്ള പ്രവര്‍ത്തികള്‍ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തുന്നത് വ്യവസായ ലോകത്തിന് തന്നെ നാണക്കേടാണ്. വ്യവസായ മന്ത്രി കിറ്റെക്സിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഉടനെയാണ് നിയമ വിരുദ്ധ നോട്ടീസ് നല്‍കി തൊഴില്‍ വകുപ്പ് കമ്പനിയെ ദ്രോഹിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.
3500 കോടിയുടെ നിക്ഷേപ പദ്ധതിക്കായി സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നെന്ന് സാബു ജേക്കബ് നേരത്തെ അറിയിച്ചിരുന്നു.
കിറ്റെക്‌സില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ പ്രതിഷേധിച്ചാണ് വികസന പദ്ധതിയില്‍ നിന്ന് പിന്മാറുന്നതെന്നാണ് സാബു ജേക്കബ് പറഞ്ഞത്. എന്നാല്‍ വ്യവസായവകുപ്പിന്റെ പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തൊഴില്‍ വകുപ്പിന്റെ നോട്ടീസുമായി ബന്ധപ്പെട്ട് സാബു ജേക്കബ് പ്രതികരണവുമായി രംഗത്തെത്തുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Kitex MD Sabu M Jacob says he will approach High court against legal notice