| Wednesday, 2nd March 2022, 5:04 pm

ദീപുവിന്റെ മരണത്തില്‍ ആശുപത്രി നടത്തിയ നാടകത്തിന്റെ തെളിവ് കയ്യിലുണ്ട്, പൊലീസിന് നല്‍കില്ല, സി.ബി.ഐ വരട്ടെ: സാബു എം. ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ
ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബ്.

48 മണിക്കൂറില്‍ കൂടുതല്‍ പഴക്കമുണ്ട് മൃതശരീരത്തിനെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ദഹിക്കാത്ത ചോറ് വയറിനകത്തുണ്ട്. ഇത് അട്ടിമറിയുടെ വ്യക്തമായ സൂചനയാണെന്നും സാബു പറഞ്ഞു.

‘അവിടെ നടന്ന നാടകങ്ങളുടെ വ്യക്തമായ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുകളും എന്റെ കയ്യിലുണ്ട്. അത് തന്നയാളുകളെ ബാധിക്കും എന്നതുകൊണ്ടാണ് പരസ്യപ്പെടുത്താത്തത്. അതിന്റേതായ ഏജന്‍സി വരുമ്പോള്‍ ഞാന്‍ അതൊക്കെ ഹാജരാക്കും. പൊലീസിന് ഈ തെളിവുകള്‍ നല്‍കിയാല്‍ അത് അട്ടിമറിക്കപ്പെടും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. വേണ്ടപ്പെട്ട ഏജന്‍സികള്‍ വരുമ്പോള്‍ തെളിവുകള്‍ കൈമാറും,’ സാബു എം. ജേക്കബ് പറഞ്ഞു.

പുഴയിലോ തോടിലോ കിടന്ന് അഴുകിയ ശരീരം അല്ല ഇത്. ജീവനോടെയുള്ള ഒരാളെ അഡ്മിറ്റ് ചെയ്തതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് നെഗറ്റീവായ വ്യക്തി സര്‍ജറിക്ക് മുമ്പ് എങ്ങനെ പോസിറ്റീവായെന്നും അദ്ദേഹം ചോദിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജിലും റിപ്പോര്‍ട്ട് തിരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ റെക്കോര്‍ഡ് തന്റെ കയ്യിലുണ്ട്. സ്വകാര്യ ആശുപത്രിയായത് കൊണ്ട് ഇത് വളരെ എളുപ്പമാണെന്നും സാബു പറഞ്ഞു.

പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മെഡിക്കല്‍ വിദഗ്ധരുമായി ഞങ്ങള്‍ വസ്തുത മനസിലാക്കി. ഇതിന്റെ നിയമപരമായ വശങ്ങള്‍ സീനിയര്‍ വക്കീലുമാരുമായി ആലോചിച്ച് പോകുമെന്നും സാബു. എം. ജോക്കബ് പറഞ്ഞു.

സ്ഥലം എം.എല്‍.എ കുറ്റാരോപിതനായി വരുമ്പോള്‍ അദ്ദേഹത്തിന്റെ കൈകള്‍ ശുദ്ധമാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തെ അദ്ദേഹം തന്നെ സ്വാഗതം ചെയ്യണം. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ തൃപ്തനല്ലെന്നും പ്രതികള്‍ക്ക് ജാമ്യം ലഭിക്കാവുന്ന രീതിയിലാണ് പൊലീസ് കളിക്കുന്നതെന്നും സുബു എം. ജേക്കബ് ആരോപിച്ചു.

തലയ്ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ് ദീപുവിന്റെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്.

നെഞ്ചില്‍ രക്തസ്രാവമുണ്ടായിട്ടുണ്ട്. പുറം കയ്യിലും നെഞ്ചിലും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്കു മര്‍ദനമേറ്റതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് ദീപുവിന്റെ മരണത്തിന് ഇടയാക്കിയത് എന്നായിരുന്നു നേരത്തെയും പുറത്തുവന്ന വിവരം.

ഫെബ്രുവരി 12നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ നാല് സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ രണ്ട് ദിവസത്തേക്ക് ആണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

 CONTENT HIGHLIGHTS: Kitex MD Sabu M Jacob Said  Twenty20 activist Deepu’s  postmortem report  evidence was emerging that the hospital authorities had conspired. 

We use cookies to give you the best possible experience. Learn more