കൊച്ചി: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ
ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തിയെന്ന തെളിവുകളാണ് പുറത്തുവരുന്നതെന്ന് കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബ്.
48 മണിക്കൂറില്‍ കൂടുതല്‍ പഴക്കമുണ്ട് മൃതശരീരത്തിനെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ദഹിക്കാത്ത ചോറ് വയറിനകത്തുണ്ട്. ഇത് അട്ടിമറിയുടെ വ്യക്തമായ സൂചനയാണെന്നും സാബു പറഞ്ഞു.
‘അവിടെ നടന്ന നാടകങ്ങളുടെ വ്യക്തമായ തെളിവുകളും ഫോണ്‍ റെക്കോര്‍ഡുകളും എന്റെ കയ്യിലുണ്ട്. അത് തന്നയാളുകളെ ബാധിക്കും എന്നതുകൊണ്ടാണ് പരസ്യപ്പെടുത്താത്തത്. അതിന്റേതായ ഏജന്‍സി വരുമ്പോള്‍ ഞാന്‍ അതൊക്കെ ഹാജരാക്കും. പൊലീസിന് ഈ തെളിവുകള്‍ നല്‍കിയാല്‍ അത് അട്ടിമറിക്കപ്പെടും എന്നതില്‍ എനിക്ക് ഉറപ്പുണ്ട്. വേണ്ടപ്പെട്ട ഏജന്‍സികള്‍ വരുമ്പോള്‍ തെളിവുകള്‍ കൈമാറും,’ സാബു എം. ജേക്കബ് പറഞ്ഞു.
പുഴയിലോ തോടിലോ കിടന്ന് അഴുകിയ ശരീരം അല്ല ഇത്. ജീവനോടെയുള്ള ഒരാളെ അഡ്മിറ്റ് ചെയ്തതാണ്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൊവിഡ് നെഗറ്റീവായ വ്യക്തി സര്‍ജറിക്ക് മുമ്പ് എങ്ങനെ പോസിറ്റീവായെന്നും അദ്ദേഹം ചോദിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലും റിപ്പോര്‍ട്ട് തിരുത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ റെക്കോര്‍ഡ് തന്റെ കയ്യിലുണ്ട്. സ്വകാര്യ ആശുപത്രിയായത് കൊണ്ട് ഇത് വളരെ എളുപ്പമാണെന്നും സാബു പറഞ്ഞു.
പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മെഡിക്കല്‍ വിദഗ്ധരുമായി ഞങ്ങള്‍ വസ്തുത മനസിലാക്കി. ഇതിന്റെ നിയമപരമായ വശങ്ങള്‍ സീനിയര്‍ വക്കീലുമാരുമായി ആലോചിച്ച് പോകുമെന്നും സാബു. എം. ജോക്കബ് പറഞ്ഞു.