എറണാകുളം: കിഴക്കമ്പലത്ത് ഉണ്ടായ അക്രമ സംഭവങ്ങള്‍ യാദൃശ്ചികം മാത്രമാണെന്ന് കിറ്റെക്‌സ് എം.ഡി സാബു. എം. ജേക്കബ്. മറ്റുള്ള പ്രചാരണങ്ങള്‍ എല്ലാം രാഷ്ട്രീയപരമായി ഉണ്ടാക്കുന്നതാണെന്നും സാബു. എം. ജേക്കബ് പറഞ്ഞു.
‘വളരെ യാദൃശ്ചികമായിട്ടുണ്ടായ സംഭവമായിരുന്നു അത്. ഇന്നലെ രാത്രി ക്രിസ്മസ് കരോളുമായി ചില തൊഴിലാളികള്‍ ഇറങ്ങി. ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ് അവിടെയുള്ള മറ്റു ചില തൊഴിലാളികള്‍ അതിനെ എതിര്‍ത്തു. അങ്ങനെയാണ് തര്‍ക്കം തുടങ്ങിയതെന്ന് സാബു പറഞ്ഞു.
തടയാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ജീവനക്കാരെയും തൊഴിലാളികള്‍ ആക്രമിച്ചു. അങ്ങനെയാണ് പൊലീസിനെ വിളിച്ചത്. പൊലീസിനെയും ആക്രമിക്കുകയാണുണ്ടായത്.
ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായത് ഇവരെന്തോ ഡ്രഗ്സ് ഉപയോഗിച്ചിരുന്നുവെന്നാണ്. ആദ്യമായിട്ടാണ് അവിടെ ഇങ്ങനെയൊരു സംഭവമുണ്ടായതെന്നും സാബു പറഞ്ഞു.
കസ്റ്റഡിയിലെടുത്ത എല്ലാവരും പ്രതികളല്ലെന്നും, മുപ്പതില്‍ താഴെ ആളുകളാണ് ആക്രമണം നടത്തിയതെന്നും സാബു പറഞ്ഞു.
മറ്റുള്ള പ്രചാരണങ്ങള്‍ എല്ലാം രാഷ്ട്രീയപരമാണ്. അതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്.
കഴിഞ്ഞ എട്ടുപത്ത് വര്‍ഷത്തെ ഹിസ്റ്ററി നോക്കണമെന്നും ഒരുകാലത്തും ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികള്‍ ആയി ആരുണ്ടെങ്കിലും സംരക്ഷിക്കില്ലെന്നും പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ മാനേജ്‌മെന്റ് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരി വ്യാപകമായി ലഭിക്കുന്നുണ്ടെന്നതാണ് പ്രധാന പ്രശ്‌നം. അതാണ് തടയേണ്ടതെന്നും സാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ അക്രമസംഭവങ്ങളില്‍ കമ്പനി ഉടമക്കെതിരെയും അന്വേഷണം നടത്തണമെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്‍ പറഞ്ഞിരുന്നു.
കിറ്റെക്‌സിലെ തൊഴിലാളികള്‍ ലഹരി ഉപയോഗിച്ച് നാട്ടുകാരെ മര്‍ദിക്കുന്നുവെന്നതടക്കം കമ്പനിയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ മുമ്പും ഉയര്‍ന്നിട്ടുണ്ടെന്നും ശ്രീനിജന്‍ പറഞ്ഞു.
1500ലധികം തൊഴിലാളികള്‍ ക്യാമ്പിലേക്കെത്തുമ്പോള്‍ കമ്പനി അധികൃതര്‍ ഇടപെടേണ്ടതായിരുന്നു. കമ്പനിയില്‍ തൊഴിലാളികളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ തന്നെ എല്ലാവരോടും പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കിറ്റെക്സ് മാനേജ്മെന്റ് മൂടിവയ്ക്കാനാണ് ശ്രമിച്ചതെന്നും പി.വി ശ്രീനിജന്‍ പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രിയാണ് കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത്.
കുന്നത്തുനാട് സ്റ്റേഷനിലെ രണ്ട് ജീപ്പുകള്‍ക്ക് തൊഴിലാളികള്‍ തീയിടുകയും ചെയ്തിരുന്നു. ഇതില്‍ ഒരു ജീപ്പ് പൂര്‍ണമായും കത്തി നശിച്ചു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അക്രമത്തില്‍ സി.ഐ അടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികള്‍ നടത്തിയ കല്ലേറിലാണ് പൊലീസുകാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു സംഭവം. 150ലധികം തൊഴിലാളികളെ പ്രദേശത്ത് നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആലുവ റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ക്യാമ്പിനുള്ളില്‍ കയറി തൊഴിലാളികളെ അറസ്റ്റ് ചെയ്തത്.
പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. ക്രിസ്മസ് കരോളുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു.
തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. സ്ഥലത്തെത്തിയ നാട്ടുകാര്‍ക്ക് നേരെയും കല്ലേറുണ്ടായി.
കുന്നത്തുനാട് സി.ഐ വി.ടി. ഷാജന്റെ തലയ്ക്ക് പരിക്കേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. മറ്റ് നാല് പൊലീസുകാര്‍ക്കും പരിക്കേറ്റിറ്റുണ്ട്.
പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Kitex MD Sabu M. Jacob said the workers had used some drugs and other campaigns were political.