കൊച്ചി: വീണ്ടും കേരളത്തിലെ വ്യവസായ നയത്തെ വിമര്‍ശിച്ച് കിറ്റെക്‌സ് എം.ഡി. സാബു എം. ജേക്കബ്. മറ്റ് സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ലെന്ന് സാബു ജേക്കബ് പറഞ്ഞു. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദമെന്നത് വെറുതെ പറയുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെലങ്കാനയില്‍ ലഭിച്ചത് രാജകീയ സ്വീകരണമായിരുന്നു, അവിടെ പരിശോധനയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തിയെന്നും സാബു ജേക്കബ് പറഞ്ഞു.
‘തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, സി.ഇ.ഒയെ കണ്ട പ്രതീതിയായിരുന്നു. തെലങ്കാനയില്‍ മാലിന്യ സംസ്‌കരണം മുതല്‍ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് വാഗ്ദാനം നല്‍കി. പരിശോധനകള്‍ മുന്‍കൂര്‍ അറിയിച്ചു മാത്രമേ നടത്തൂ. പത്ത് വര്‍ഷത്തേക്ക് ഒറ്റ ലൈസന്‍സ് മാത്രമാണ് വേണ്ടത്,’ സാബു ജേക്കബ് പറഞ്ഞു.
കേരളം പൊട്ടക്കിണറ്റില്‍ വീണ തവളയാണെന്നും കിറ്റെക്സ് മദേര്‍സ് യൂണിറ്റ് തെലങ്കാനയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയില്‍ 1000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കിറ്റെക്‌സ് ഗ്രൂപ്പ് തയ്യാറെടുക്കുന്നത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞ ദിവസം സാബു ജേക്കബ് പറഞ്ഞിരുന്നു.
ഇതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെലങ്കാനയില്‍ മികച്ച അവസരങ്ങളാണുള്ളത്. കേരളത്തില്‍ ഒരു രൂപ പോലും മുടക്കാനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, കിറ്റെക്‌സ് വിവാദം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. വസ്തുതകള്‍ക്ക് നിരക്കാത്ത വാദങ്ങളാണ് ഉയര്‍ന്ന് വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം നിക്ഷേപ സൗഹൃദമല്ലെന്നത് പണ്ട് പറഞ്ഞുപരത്തിയ ആക്ഷേപമാണ്. ഇപ്പോള്‍ കേരളത്തെ കുറിച്ച് അറിയാവുന്ന എല്ലാവരും ഏറ്റവും വലിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായാണ് കേരളത്തെ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീതി ആയോഗ് സുസ്ഥിര വികസന സൂചികയില്‍ കേരളമാണ് ഒന്നാമത്. സൂചികയിലെ പ്രധാന പരിഗണനാ വിഷയം വ്യവസായമാണെന്നും വ്യവസായ നേട്ടമാണ് കേരളത്തെ ഒന്നാമതെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.