| Sunday, 5th December 2021, 4:21 pm

വിദേശത്തേക്ക് പോകുന്നവരേയും നാട്ടില്‍ ജോലി ചെയ്യുന്നവരേയും ഒരുപോലെ കാണണം; വാക്‌സിന്‍ ഇടവേളയില്‍ ഇളവുതേടി കിറ്റക്‌സ് സുപ്രിംകോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ഡോസുകളുടെ ഇടവേളയില്‍ ഇളവുതേടി കിറ്റക്‌സ് എം.ഡി സാബു എം. ജേക്കബ് സുപ്രിംകോടതിയെ സമീപിച്ചു.

കോവിഷീല്‍ഡ് വാക്‌സിനെടുക്കാനുള്ള ഇടവേള 84 ദിവസമായി തുടരണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്‌സ് കോടതിയെ സമീപിച്ചത്.

പണം നല്‍കി കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കുന്നവര്‍ നാല് ആഴ്ച്ചയുടെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കിറ്റക്‌സ് ആവശ്യപ്പെടുന്നു.

വിദേശത്ത് ജോലി ചെയ്യുന്നവരേയും ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരേയും ഒരുപോലെ കാണണമെന്ന് ഹരജിയില്‍ പറയുന്നു.

വിദേശത്തേക്ക് പോകുന്നവര്‍ക്ക് മാത്രം വാക്‌സിന്‍ ഇടവേളയില്‍ ഇളവുവരുത്തുന്നത് ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനമാണെന്ന് ഹരജിയില്‍ ചൂണ്ടികാണിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം പണമടച്ച് കോവിഷീല്‍ഡ് വാക്‌സിനെടുക്കുന്നവര്‍ക്ക് 28 ദിവസത്തെ ഇടവേള മതിയെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

സിംഗിള്‍ ബെഞ്ച് നടപടി തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്. പൗരന്മാര്‍ക്ക് മെച്ചപ്പെട്ട സംരക്ഷണമുറപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും വാക്‌സിന്‍ ഇടവേളയില്‍ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടായിരുന്നു ഉത്തരവ്.

ഇടവേളയില്‍ കൂടുതല്‍ സമയം നിശ്ചയിച്ചത് ഫലപ്രാപ്തി കണക്കിലെടുത്തെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്.

നേരത്തെ കിറ്റക്സ് നല്‍കിയ ഹര്‍ജിയിലായിരുന്നു പണം നല്‍കി വാക്സിന്‍ വാങ്ങുന്നവര്‍ക്ക് ഇടവേളയില്‍ ഇളവ് അനുവദിച്ചുകൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഇതനുസരിച്ച് കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്താനും അന്ന് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Kitex in Supreme Court seeking waiver of vaccine interval

We use cookies to give you the best possible experience. Learn more