കൊച്ചി: സംസ്ഥാനത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പായ കിറ്റെക്‌സ് കേരളം വിടുന്നു. തങ്ങളുടെ പ്രവര്‍ത്തന മേഖല ശ്രീലങ്കയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. കോണ്‍ഗ്രസുകാരുടെയും യു.ഡി.എഫ് സര്‍ക്കാരിന്റെയും പീഡനത്തില്‍ മനംനൊന്താണ് കമ്പനിയുടെ തീരുമാനമെന്നാണ് അറിയുന്നത്.
തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്റെയും കിഴക്കമ്പലം പഞ്ചായത്തിന്റെയും സര്‍ക്കാര്‍വകുപ്പുകളുടെയും നിരന്തര പീഡനമാണ് 252 കോടി രൂപയുടെ വികസനപദ്ധതികള്‍ ഉപേക്ഷിക്കാന്‍ കാരണമെന്ന് കിഴക്കമ്പലത്തെ കമ്പനി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മാനേജിങ് ഡയറക്ടര്‍ സാബു. എം.ജേക്കബ് അറിയിച്ചു. []
4000 പേര്‍ക്ക് പുതിയ തൊഴിലവസരം നല്‍കുന്ന വികസനപദ്ധതികള്‍ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2001ലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്തും 2011ലും ഈ വര്‍ഷവും കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സ് തന്നിട്ടില്ല. ലൈസന്‍സ് അകാരണമായി തടഞ്ഞുവയ്ക്കുകയാണ് പതിവ്.
ഓരോ തവണ യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴും കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പനിക്കെതിരെ നിരന്തരം അക്രമം നടത്തുകയാണ്. കമ്പനിക്ക് നാശ നഷ്ടങ്ങളുണ്ടാക്കുന്നതും തൊഴില്‍നഷ്ടമുണ്ടാക്കുന്നതും പതിവാണ്. മുഖ്യമന്ത്രിയോട് പലതവണ പരാതിപ്പെട്ടെങ്കിലും പരിഹാരം കാണാമെന്ന ഉറപ്പുമാത്രമാണ് ലഭിച്ചത്.
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിക്ക് ബാങ്ക് വായ്പ ലഭിച്ചിരുന്നു. യന്ത്രസാമഗ്രികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ഇതിനുശേഷമാണ് 252 കോടി രൂപയുടെ വികസനപദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പദ്ധതി യാഥാര്‍ഥ്യമായാല്‍ 1550 കോടി രൂപയുടെ വിദേശനാണ്യം നേടാനും 4000 പുതിയ തൊഴിലവസരം സൃഷ്ടിക്കാനും കഴിയുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫാക്ടറിയില്‍ നിന്ന് മലിനജലം പുറത്തുവിടുന്നു എന്ന കാരണമുണ്ടാക്കിയാണ് പുതിയ പീഡനം. വന്‍ തുക മുടക്കി ബിസിനസ്‌ചെയ്യുന്ന തനിക്ക് ബിസിനസില്‍ ശ്രദ്ധിക്കുന്നതിനുപകരം കേസും കോടതിയും സര്‍ക്കാര്‍ ഓഫീസുകളും കയറിയിറങ്ങി മനസ്സുമടുത്തെന്നും അതിനാല്‍ കേരളത്തിലുള്ള കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായിയായ എം.സി ജേക്കബ് തുടക്കം കുറിച്ച അന്ന കിറ്റെക്‌സ് ഗ്രൂപ്പിന്റെ ഭാഗമായ കിറ്റെക്‌സ് ഗാര്‍മെന്റസ് ലിമിറ്റഡ് 1995ലാണ് പ്രവര്‍ത്തനം തുടങ്ങിയത്. കുട്ടികളുടെ വസ്ത്രനിര്‍മാണത്തില്‍ ലോകത്തിലെ ആദ്യ മൂന്നു കമ്പനികളിലൊന്നാണ് കിറ്റെക്‌സ്.