| Friday, 2nd July 2021, 4:47 pm

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ ക്ഷണിച്ചെന്ന് സാബു ജേക്കബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്‌സിനെ ക്ഷണിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിട്ടിയെന്ന് എം.ഡി. സാബു ജേക്കബ് പറഞ്ഞു.

കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി കിറ്റെക്‌സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ക്ഷണം. വ്യവസായം തുടങ്ങാന്‍ നിരവധി ആനുകൂല്യങ്ങള്‍ തമിഴ്‌നാട് വാഗ്ദാനം ചെയ്തുവെന്നും കിറ്റെക്‌സ് അവകാശപ്പെട്ടു.

അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.

ഒരു അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും നിര്‍മ്മിക്കാനായിരുന്നു ധാരണപത്രം. ഒരു മാസത്തിനിടെ കിറ്റെക്സില്‍ 11 പരിശോധനങ്ങള്‍ നടന്നെന്നും എന്നാല്‍ തെറ്റായി ഒന്നും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നില്ലെന്നും കിറ്റെക്സ് വാര്‍ത്താകുറിപ്പില്‍ പറയുന്നു.

അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.

കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള്‍ തന്നെ ചുമതലപ്പെടുത്തുകയും ചെയ്തെന്നും മന്ത്രി പറഞ്ഞു.

നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kitex 3500 Crore Project Tamilnadu Sabu Jacob

We use cookies to give you the best possible experience. Learn more