റഫീഖ് മംഗലശ്ശേരിയുടെ നാടകത്തെ പലനിലയ്ക്കും വായിക്കാന്‍ സാധിക്കും. മുസ്‌ലീം മത പശ്ചാത്തലമുള്ള ഒരാളുടെ വായനയും അതില്ലാത്ത മറ്റൊരാളുടെ വായനയും വ്യത്യസ്തമാകും. മുസ്‌ലീം പശ്ചാത്തലമുള്ളവരില്‍ തന്നെ മതവിശ്വാസ/വിശ്വാസബാഹ്യമായ കാഴ്ച്ചപ്പാടുകളും; വിശ്വാസകാഴ്ച്ചപ്പാടിനുള്ളില്‍ തന്നെ നോക്കിയാല്‍ ലിംഗനീതീ കാഴ്ച്ചപ്പാടും/പുരുഷഇസ്‌ലാമിക കാഴ്ച്ചപ്പാടും ഒക്കെയായി നിരവധിയായ വായനകള്‍ നടക്കും. അവ സാധ്യമാണ്.
ഇവിടെ ഈ എഴുതുന്ന കുറിപ്പ് “കിത്താബ്” എന്ന നാടകത്തെ ഉണ്ണി ആറിന്റെ “വാങ്ക്” എന്ന കഥയുടെ ഇതിവൃത്തത്തിന്റെ മേന്‍മവെച്ച് അളക്കുന്ന പരക്കെ ഉയര്‍ന്നുവന്ന താരത്മ്യവിമര്‍ശനങ്ങളെ കുറിച്ചുള്ളതാണ്. ഒപ്പം ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ചും. ഉണ്ണി ആറിന്റെ കഥയിലെ “സ്ത്രീ ആത്മീയത”യെ, അതിന്റെ കാര്യക്ഷമതയെ ആശ്രയിക്കുന്ന തരത്തിലുള്ള എഴുത്തുകള്‍ വരെ കണ്ടതുകൊണ്ട് അവയെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാന്‍ സാധിക്കില്ല. മാത്രവുമല്ല, അത്തരം എഴുത്തുകളില്‍ റഫീക് മംഗലശ്ശേരിയോട് കിത്താബ് നാടകത്തിലെ ചില മുസ്‌ലീം ചിത്രീകരണങ്ങള്‍ “ഏത് കിത്താബിലാണ്” ഉള്ളത് എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ ചിലകാര്യങ്ങളോടുള്ള അഭിപ്രായങ്ങള്‍
• ഉണ്ണി ആര്‍ കണ്ട ഇസ്‌ലാം അല്ല റഫീഖ് മംഗലശ്ശേരി കാണുന്ന ഇസ്‌ലാം എന്നതാണ് പ്രഥമവും പ്രധാനവുമായി നിലകൊള്ളുന്നത്. ഒരു മുസ്‌ലീം ആയി ജനിച്ച് വളര്‍ന്ന വ്യക്തിയുടെ മുസ്‌ലീം വായന എന്നത് ഞാന്‍ ആദ്യം സൂചിപ്പിച്ചപോലെ ഉണ്ണി ആറില്‍ നിന്നും വ്യത്യസ്തമായിരിക്കും. കൂടാതെ ഉണ്ണി ആര്‍ എന്ന സാഹിത്യകാരന്റെ “പെണ്‍ ആത്മീയ” നിലപാടുകളോട് മുമ്പും യോജിക്കാന്‍ സാധിച്ചിട്ടില്ല.
ഇസ്‌ലാമിലെ പെണ്‍വായനക്കാരായ കുറേയേറെ വ്യക്തികളുടെ വായനകളോട് ചേര്‍ന്ന് നില്‍ക്കാനാണ് എപ്പോഴും തോന്നിയിട്ടുള്ളത്. ഫാത്തിമ മെര്‍ണീസിയായാലും ആമിന വദൂദ് ആയാലും. അതുകൊണ്ട് കേരളത്തിലെ മുസ്‌ലീം ആണ്‍വായനകളായ ബഹുഭൂരിപക്ഷം പൗരോഹിത്യ ഇസ്‌ലാമിക വായനക്ക് ബാധ്യതയില്ലാത്തത് റഫീഖിനു സവിശേഷമായി ഉണ്ട് എന്നുപോലും ഞാന്‍ കരുതുന്നില്ല.
മുസ്‌ലീം സ്ത്രീകളെ കുറിച്ചുള്ള നാടകത്തിലെ വികല കാഴ്ച്ചപ്പാട് – ഉണ്ണി ആറില്‍ നിന്നും വ്യത്യസ്തമായ ആ കാഴ്ച്ചപ്പാട് – ഇവിടെ അരക്കിട്ടുറപ്പിക്കപ്പെട്ട കാഴ്ച്ചപ്പാട് ആണ്. അതിന് റഫീഖ് അല്ല ഉത്തരവാദി, നരകത്തിലെ സ്ത്രീകളെ കുറിച്ചുള്ള കാന്തപുരം മുസ്‌ല്യാരടക്കമുള്ള മത പൗരോഹിത്യമാണ്. അവര്‍ ഏത് കിത്താബില്‍ നിന്നാണ് ഇത്തരം വാദങ്ങള്‍ മുന്നോട്ട് വെക്കുന്നത് എന്ന് കാലങ്ങളായി ഇവിടുത്തെ ഇസ്‌ലാമിക സ്ത്രീ കാഴ്ച്ചപ്പാടുകാര്‍ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിന് ഈ പൗരോഹിത്യനേതൃത്വങ്ങള്‍ക്ക് ഇതുവരെയും ഉത്തരം കൊടുക്കേണ്ട ബാധ്യത വന്നുചേര്‍ന്നിട്ടില്ലല്ലോ. അപ്പോള്‍ പിന്നെ ഒരു റഫീഖ് അത് നല്‍കണമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മറിച്ച് ഇത്തരം മത പൗരോഹിത്യത്തെ കാരിക്കേച്ചര്‍ ചെയ്യുകമാത്രമാണ് റഫീഖ് എന്ന് പറയാനും സാധിക്കുന്ന ഒരു പശ്ചതാത്തലത്തെ ആര്‍ക്കും കണ്ടില്ല എന്ന് നടിക്കാനാവില്ല.
റഫീഖ് മംഗലശ്ശേരി
• ഉണ്ണി ആറിന്റെ കഥയുമായുള്ള ബന്ധത്തില്‍ നിന്നാണ് ഈ നാടകത്തോടുള്ള വിയോജനത്തെ പലര്‍ക്കും വിശദീകരിക്കാനാവുന്നുള്ളു എന്നതൊരു പരിമിതിയാണ്. എന്നാല്‍ “ഈ കഥക്ക് ഉണ്ണി ആറിന്റെ കഥയുമായി യാതൊരു വിധ ബന്ധവുമില്ല” എന്ന് ഒറ്റ പ്രസ്താവന റഫീഖ് നടത്തിയാല്‍ ഈ വാദങ്ങള്‍ അപ്രസക്തമായിപ്പോകും. കാരണം ഉണ്ണി ആറിന്റെ കഥയിലെ സ്ത്രീആത്മീയ പ്രതീകത്തിലാണ്, അതിന്റെ കാര്യക്ഷമതയിലാണ് ഇത്തരം വാദങ്ങള്‍ വിശ്വസം അര്‍പ്പിക്കുന്നത്.
• എന്നെ സംബന്ധിച്ചിടത്തോളം അവിടെയല്ല ഞാന്‍ ഊന്നുന്നത്. എനിക്ക് റഫീഖ് മംഗലശ്ശേരിയുടെ “കിത്താബ്” നാടകത്തിലെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ തോന്നിയിട്ടില്ല. കാരണം അത് ഉണ്ണി ആറിന്റെ കഥയുമായി അതിന് എത്ര ചാര്‍ച്ചയുണ്ട്/ചാര്‍ച്ചയില്ല എന്നതിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് ഇസ്‌ലാമിന്റെ വാര്‍പ്പ് മാതൃകാ ബോധവുമായും, ഇസ്‌ലാമിനെ കുറിച്ചുള്ള മുഖ്യധാരാ അവതരണങ്ങളുമായി (ചിത്രീകരണങ്ങളുമായി) ഈ നാടകത്തിന് എത്രമാത്രം ബന്ധമുണ്ട് എന്നതിലാണ് ഊന്നല്‍.
എനിക്കത് സ്വീകാര്യമല്ലാത്ത ഒരു നാടകമായിത്തീരുന്നത്, നാടകത്തില്‍ പരാമര്‍ശിക്കുന്ന തരം ജീവിതങ്ങള്‍ – അതായത് സ്ത്രീകളോട് മോശമായി പെരുമാറുന്ന, സ്ത്രീകളെ രണ്ടാംകിട വ്യക്തിത്വങ്ങളായി കരുതുന്ന, ഒരു മീന്‍ ഭാഗത്തിനുപോലും അര്‍ഹയല്ലാതാക്കിത്തീര്‍ക്കുന്ന, സ്ത്രീകള്‍ക്ക് ഗാര്‍ഹസ്ത്യ തൊഴിലിനപ്പുറം മറ്റൊന്ന് കല്‍പ്പിക്കപ്പെടാത്ത ഒരു മതബോധം – ഇസ്‌ലാമിനകത്ത് ഇല്ലാത്തതുകൊണ്ടല്ല. ഞാന്‍ പറഞ്ഞില്ലേ, ഇവിടുത്തെ മതപുരോഹിതന്‍മാരുടെ, അതും ലക്ഷങ്ങള്‍ ചിലവഴിച്ച് പാതിരാത്രി വരെ ദിവസങ്ങളോളം നടത്തിപ്പോരുന്ന മതപ്രഭാഷണങ്ങള്‍ (വഅ്ള് എന്ന് തെക്കന്‍ ഭാഗത്തും വയ്ള് എന്ന് വടക്കന്‍ ഭാഗങ്ങളിലും വിളിക്കപ്പെടുന്ന പ്രസ്തുത പ്രഭാഷണങ്ങള്‍) നടത്താന്‍ കൊണ്ടുവരുന്ന മതപുരോഹിതന്‍മാരുടെ അറുവഷളന്‍ നാവുകള്‍ മൊഴിഞ്ഞത്രയൊന്നും ഒരു കാലത്തും മുസ്‌ലീം മതത്തെ കുറിച്ചും അതിന്റെ ആത്മീയഅന്തസത്തയെ കുറിച്ചും നീതി ബോധത്തെ കുറിച്ചും എന്തിനേറെ പ്രവാചകനെ കുറിച്ചും സ്വഹാബാക്കളെ കുറിച്ചും അവരുടെ മീംമാസകളെ കുറിച്ചും വികലമായി ചിത്രീകരിക്കാന്‍ ഇസ്‌ലാം മതത്തിന്റെ ശത്രുപക്ഷത്ത് സ്വയം നിലയുറപ്പിച്ചിരിക്കുന്ന ശക്തികള്‍ക്കുപോലും ആവില്ല, ആയിട്ടില്ല എന്നതാണ്.
എന്നാല്‍ അത്തരം പൗരോഹിത്യ/പുരുഷാധികാര മതബോധം ഇവിടെ നില്‍ക്കെ തന്നെ, അത്തരം ഇസ്‌ലാമിനെ കുറിച്ചുള്ള ആണ്‍വായനകള്‍ക്ക് അപ്രമാദത്തം നിലനില്‍ക്കെ തന്നെ, റഫീക്ക് ചിത്രീകരിക്കുന്ന വിധമല്ലാത്തവിധം അതിനെതിരായി ജനാധിപത്യ മതബോധത്തിലേയ്ക്ക്, ആത്മീയബോധത്തിലേക്ക് ഇസ്‌ലാമിക സമുദായം മുന്നേറുന്നുണ്ട് സ്വയം പടവെട്ടിയും പോരാടിയും എന്നതാണ് സത്യം.
റഫീഖിന്റേതുപോലത്തെ ആഖ്യാനങ്ങള്‍ വാസ്തവത്തില്‍ ഈ ഒരു പോരാട്ടത്തെ, അഥവാ ആത്മീയതക്കുള്ളില്‍ നിന്നുകൊണ്ടുള്ള (മുസ്‌ലീം മതത്തിനുള്ളില്‍ അഥവാ സമുദായത്തിനുള്ളില്‍ നടക്കുന്ന) ജനാധിപത്യ ആത്മീയ മുന്നേറ്റങ്ങളെ മറച്ചുവെക്കാന്‍ പാകത്തില്‍ അന്ധത സ്വയം നടിക്കുന്നു എന്നതിനാലാണ്, അഥവാ ഇസ്‌ലാമിക വിമര്‍ശനത്തില്‍ റഫീഖ് എത്രയോ കാലം പിന്നിലാണ് ഇപ്പോഴും നില്‍ക്കുന്നത് എന്നതിനാലാണ് അയാളുടെ നാടകം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം എന്നെ സംബന്ധിച്ചിടത്തോളം സ്വീകാര്യമല്ലാതായിത്തീരുന്നത്.
അത്തരം ഇസ്‌ലാമിക വായനകള്‍ (ഏകപക്ഷീയവും മുന്‍വിധികളോടുകൂടിയതുമായ വായനകള്‍) വാസ്തവത്തില്‍ ഒരു സമുദായമെന്ന നിലയില്‍ മുസ്‌ലീം സമുദായത്തിന് ഗുണം ചെയ്യുന്നില്ല, അതിനുള്ളിലെ ആത്മീയ ഉണര്‍വുകള്‍ക്ക്, വിശിഷ്യ സ്ത്രീപക്ഷ – സ്ത്രീനേതൃത്വ ഉണര്‍വുകള്‍ക്ക് അത് ഗുണം ചെയ്യില്ല. അതുകൊണ്ട് തന്നെ റഫീഖിന്റെ നാടകത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തോട് എനിക്ക് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയുകയില്ല.
“എന്നാലവ മതസ്പര്‍ദ്ദ കുത്തിച്ചെലുത്തുന്നു”വെന്ന ആരോപണങ്ങളെ തരിമ്പും പരിഗണിക്കെടുക്കാന്‍ സാധിക്കില്ല. കാരണം ആ മാനദണ്ഡത്തില്‍ നോക്കിയാല്‍, പുരുഷന്‍മാര്‍ക്ക് മാത്രം കല്‍പ്പിക്കപ്പെട്ടിരുന്ന ഇമാമത്ത് നല്‍കാനുള്ള അവകാശം സ്വയം സ്വീകരിച്ച – കേരളത്തിലെ (ലോകത്തിലെ തന്നെയും) ബഹുഭൂരിപക്ഷം മുസ്‌ലീം സംഘടനകള്‍ക്കും സ്വീകാര്യയല്ലാത്ത – ആമിന വദൂദുനു മുകളില്‍വരെ മതസ്പര്‍ദ്ദരോപിക്കാന്‍ സാധിക്കും. അത്തരം വാങ്ക് നല്‍കുന്ന സ്ത്രീകളെ അവതരിപ്പിച്ച ഉണ്ണി ആറിനു മേലും അത് ആരോപിക്കാന്‍ സാധിക്കും. ഈ മതസ്പര്‍ദ്ദവളര്‍ത്തുക എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സൂക്ഷമം പ്രയോഗിക്കേണ്ട ആരോപണങ്ങളാണ് എന്ന് തന്നെ വിശ്വസിക്കുന്നു.
ഉണ്ണി ആറിന്റെ കഥയായി അതിനെ കാണേണ്ടതില്ല, മറിച്ച് റഫീഖിന്റെ നാടകമായി കണ്ടുകൊണ്ടാണ് മുസ്‌ലീം വിമര്‍ശനം എന്ന നിലയിലുള്ള അതിന്റെ ഇതിവൃത്തത്തെ ഞാന്‍ സമീപിക്കുന്നത്. (അവര്‍ തമ്മില്‍ നടക്കുന്ന പരസ്പരം അടികൂടലുകള്‍ അവിടെ നടക്കട്ടെ. അതുമായി എന്റെ നിലപാടുകള്‍ക്ക് വലിയ ബന്ധമൊന്നുമില്ല. കോപ്പിറൈറ്റിന്റെ വിഷയത്തിലായാലും ഇസ്‌ലാമിനെ കാണുന്ന പ്രസ്തുത ഇതിവൃത്തങ്ങളുടെ വ്യത്യാസത്തിന്റെ വിഷയത്തിലാലായും.) റഫീഖിന്റെ മുസ്‌ലീം പശ്ചാത്തലവും ഉണ്ണി ആറിന്റെ ഹിന്ദു(ഹിന്ദുത്വ) പശ്ചാത്തലവും ഇവിടെ ഈ നാടകത്തിന്റെ വ്യതിരിക്തതയില്‍ പ്രാധാന്യമായി ഞാന്‍ പരിഗണിക്കുകയും ചെയ്യും. അത് (ഇരുവരുടെയും അനുഭവങ്ങളുടെ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തില്‍) പ്രധാനമാണ് എന്നും വിശ്വസിക്കുന്നു.
ഒരുകാര്യം കൂടി ഉറപ്പിച്ച് പറയട്ടെ, മുസ്‌ലീം സമുദായമെന്നാല്‍ ഇസ്‌ലാമിക കിത്താബുകള്‍ക്ക് അപ്പുറമോ ഇപ്പുറമോ അല്ലാത്ത ഋജുവായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്ലാത്ത, എക്കാലത്തേക്കും “കിടിലോല്‍ക്കിടില”നായ ഒരു സമുദായമെന്ന് ഒരര്‍ത്ഥത്തിലും വിശ്വസിക്കുന്നില്ല. മാത്രവുമല്ല കിത്താബുകള്‍ക്കപ്പുറം “പുരുഷന്‍” വ്യാഖ്യാനിച്ച് ഉറപ്പിച്ചവകൂടി ഉള്‍ക്കൊള്ളുന്നതാണ് മുസ്ലീംസമുദായ വിശ്വാസ/ആചാര/നിയമനിഷ്ഠകള്‍. മറ്റ് മതങ്ങളെപോലെ തന്നെ പരിഷ്‌കരണങ്ങള്‍ നിരവധിയായി ആവശ്യമുള്ള ഒരു സമുദായം തന്നെയാണ് അത്. അതുകൊണ്ട് തന്നെ മുസ്‌ലീം സമുദായത്തിനുള്ളില്‍ നിന്നുകൊണ്ടുള്ള സ്ത്രീപക്ഷ/ജനാധിപത്യ ഇടപെടലുകളടക്കമുള്ളവയെ അകമഴിഞ്ഞ് പിന്തുണക്കുന്നതും.
• എന്നാല്‍ റഫീഖിന്റെ നാടകം മത്സരവിഭാഗത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മേല്‍പറഞ്ഞിരിക്കുന്ന രാഷ്ട്രീയ/വിശ്വാസ ഇതിവൃത്തങ്ങളെ ചൊല്ലി തര്‍ക്കിച്ച് മാറി നില്‍ക്കേണ്ട കാര്യമാണ് എന്ന് കരുതുന്നില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. മുസ്ലീംമതത്തെ അങ്ങേയറ്റം അവഹേളിച്ചുകൊണ്ട് മാത്രം ചിത്രീകരണം നടത്തുന്ന ഷാര്‍ളി ഹെബേദോയിലെ കാര്‍ട്ടൂണിസ്റ്റുകളെ അടക്കം വെടിവെച്ച് കൊന്നപ്പോഴും അത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട് എന്ന് വ്യക്തമായി പറഞ്ഞിരുന്നു (അന്ന് ഷാര്‍ളി ഹെബ്ദോയുടെ ഇസ്‌ലാമിക വിരുദ്ധ വംശീയ ബോധത്തെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല എങ്കിലും).
പ്രവാചകന്‍ മുഹമ്മദിനെ ചിത്രീകരിക്കാന്‍ പോലും അനുവദിക്കില്ല എന്ന് വാശിപിടിക്കുന്ന ഒരു ഹിംസാത്മക ആണ്‍കൂട്ടം ചുറ്റുമുണ്ട്. അതിന്റെ സ്വാധീനങ്ങളെ കാണാതിരിക്കേണ്ടതുണ്ട് എന്ന് വിശ്വസിക്കുന്നില്ല. അവരുടെ വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ അപ്പോള്‍ പിടിച്ച് “ബാന്‍” മുഴക്കുമ്പോള്‍ അതിനോട് യോജിച്ചു നില്‍ക്കണമെന്ന് ഒരു കാലത്തും വിശ്വസിക്കുന്നില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയവരില്‍പെട്ടവര്‍ ഉള്‍പ്പെടെ ഈ നാടകത്തിന്റെ പ്രദര്‍ശനത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.
ഉണ്ണി ആറിന്റെ പരാതിയില്‍ നിന്നാണ് പ്രസ്തുത നാടകം പിന്‍വലിക്കപ്പെട്ടത് എന്ന് പരക്കെ പറയുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഉള്ളടക്കമുള്ളതുകൊണ്ടാണ് നാടകം പിന്‍വലിക്കുന്നത് എന്നാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വിശദീകരിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഉണ്ണി ആറിന്റെ പരാതിയും ഉണ്ടാകാം (ഉണ്ടോ എന്നറിയില്ല). എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് കാരണമായി അത് പറഞ്ഞിട്ടില്ല, മറിച്ച് ഒരുവിഭാഗം വിശ്വാസികളുടെ വികാരങ്ങള്‍ വ്രണപ്പെട്ടതിന്റെ കഥയാണ് വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് വികാരവ്രണപ്പെടലുകളുടെ അടിസ്ഥാനത്തില്‍ ഹനിക്കപ്പെടേണ്ടതാണ് എന്ന് വിശ്വാസിക്കുന്നില്ല. അങ്ങനെയുള്ള വികാരവ്രണപ്പെടലുകള്‍ തന്നെയാണ് ഏതൊരു നേര്‍ത്ത മതവിമര്‍ശനത്തോടും ഉണ്ടാകുക എന്ന് നല്ല ബോധ്യവും ഉണ്ട്, അനുഭവം കൊണ്ട് തന്നെ. അതുകൊണ്ട് നാടകത്തെ പിന്‍വലിച്ചതിനെതിരെ നാടകത്തോടുള്ള രാഷ്ട്രീയവിയോജിപ്പുകള്‍ക്കും മേലെയുള്ള പ്രതിഷേധമുണ്ട്.
ആ നാടകത്തെ ഒന്നാം സ്ഥാനമായി സ്‌കൂള്‍ ക്ഷണിച്ചുകൊണ്ട് വന്ന ജഡ്ജിങ് പാനല്‍ തിരഞ്ഞെടുത്തതാണ്. അത് ശരിയോ തെറ്റോ എന്നത് വേറെ കാര്യം. എന്നാല്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ ആ നാടകപ്രവര്‍ത്തകര്‍ക്ക് ഒരവകാശം കൈവന്ന് ചേര്‍ന്നിട്ടുണ്ട്. അത് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവകാശമാണ്. അതും ഇവിടെ പ്രധാനമാണ്.
നാടകത്തെ പലനിലയില്‍ വായിക്കാനും നോക്കിക്കാണാനും വിമര്‍ശിക്കാനും എന്തിനേറെ പ്രതിഷധേിക്കാനുള്ള അവകാശം ഉള്ളപ്പോള്‍ തന്നെ ആവിഷ്‌കരിക്കാനും സ്വാതന്ത്ര്യമുണ്ട് എന്ന് വിശ്വസിക്കുന്നു.
• ലാവണ്യപരമായി നോക്കുകയാണെങ്കില്‍ റഫീഖ് മംഗലശ്ശേരിയുടെ നാടകത്തോട് ഒട്ടും യോജിപ്പില്ല. ഒരു കാഴ്ച്ചക്കാരനെന്ന നിലയില്‍ അത്രക്കും അത് ബോര്‍ ആയാണ് അനുഭവപ്പെട്ടത്. (കുറേ സിനിമാപാട്ടും ബാക്ഗ്രൗണ്ട് മ്യൂസിക്കും ചേര്‍ത്ത് വെച്ചുള്ള ഒരു സ്‌കിറ്റ്…) എന്നാല്‍ ഇവിടെ അതിന് വലിയ പ്രാധാന്യമില്ല. എത്രയും ബോര്‍ ആയ ആവിഷ്‌കാരവും സംരക്ഷിക്കപ്പെടണം.
• കിത്താബ് എന്ന നാടകത്തിലൂടെ വ്രണപ്പെട്ടുവെന്ന് പറഞ്ഞ് രംഗത്തെത്തിയ ചില സംഘടനകളുടെ കൂട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമി വിഭാഗത്തില്‍ പെട്ടവരെയും കണ്ടിട്ടുണ്ട്. എല്‍.ജി.ബി.ടി.ഐ.ക്വു മനുഷ്യരെ അവഹേളിച്ചുകൊണ്ട്, അവര്‍ “ലിബറലിസത്തിന്റെ ജാരസന്ധതി”കളാണ് എന്ന് വിശദീകരിച്ചുകൊണ്ടും വ്യാഖ്യാനിച്ചും കൊണ്ട് ഒരു പുസ്തകം ഐപിഎച്ചുകാര്‍ ഇറക്കുന്നുണ്ട്. മുസ്‌ലീം സമുദായത്തിന്റെ എന്ത് വിസിബിലിറ്റിയും അധികാരവുമാണ് എല്‍.ജി.ബി.ി.ഐക്യു മനുഷ്യര്‍ക്ക് ലഭിച്ചിട്ടുള്ളത്. അവരെ അവഹേളിച്ചുകൊണ്ട് ഒരു കലാരൂപമല്ല പുസ്തകം തന്നെ രംഗത്തിറങ്ങിയിട്ടും അതിനെ രണ്ട് കൈകണ്ടും സ്വീകരിച്ച സംഘടനകളാണ് ഇപ്പോള്‍ ഈ വാദവുമായി രംഗത്തിറങ്ങുന്നതെന്ന് കാണുമ്പോള്‍ വേറൊരര്‍ത്ഥത്തില്‍ ഇവരുടെ “വികാരവ്രണ”പ്പെടലുകള്‍ക്ക്, അവഹേളനമെന്ന വാദങ്ങള്‍ക്ക് നല്ല ചേല് കൈവരുന്നുണ്ട്.
7. ശബരിമല വിഷയത്തില്‍ മാത്രമായി ഭരണഘടനയും അതിന്റെ ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഇച്ചിരി ബുദ്ധിമുട്ടാണ്. കാരണം അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. അത് എല്ലാവര്‍ക്കും മാനിക്കാന്‍ ബാധ്യസ്തവുമാണ്.