| Sunday, 9th December 2018, 11:29 am

കിത്താബ് കുത്തിയിരുന്ന് കണ്ടു, മതത്തിനെതിരായ ഒരു തേങ്ങയും ഞാനതില്‍ കണ്ടില്ല

ഡോ. ഷിംന അസീസ്

കിത്താബ് കുത്തിയിരുന്ന് കണ്ടു. ഒരു കലാസൃഷ്ടി ആവശ്യപ്പെടുന്ന അനിവാര്യമായ അതിശയോക്തികളല്ലാതെ മതത്തിനെതിരായ ഒരു തേങ്ങയും ഞാനതില്‍ കണ്ടില്ല. ഇത്തരത്തില്‍ “തുമ്മിയാല്‍ തെറിക്കുന്ന മൂക്ക്” ആയി അസഹിഷ്ണുതയെ വിശ്വാസമെന്ന് പേരിട്ട് കാണുന്ന മരങ്ങോടന്‍മാരാണ് ഇന്നും തട്ടമിട്ട പെണ്‍കുട്ടികളെ പിറകോട്ട് വലിക്കുന്നത്. താന്‍ ജനിച്ചപ്പോള്‍ തന്റേതല്ലാത്ത കാരണം കൊണ്ട് കിട്ടിയ ഒരവയവയത്തെ വലിയ പ്രിവിലെജ് ആയി കാണുന്നവര്‍ ! അതിന്റെ പേരില്‍ കിലുങ്ങുന്ന ഓട്ടപ്പാത്രം കണക്ക് ബഹളം വെക്കുന്ന പാഴ്ജന്മങ്ങളാകുന്നു പലരും.

പള്ളീല്‍ കേറി ബാങ്ക് വിളിക്കണമെന്ന് നാടകത്തിലെ മുസ്ലിം പെണ്‍കുട്ടികള്‍ ഇന്ന് പറയുമ്പോള്‍ ഉണ്ടാവുന്നത്ര കച്ചറ കുറച്ച് കൊല്ലം കഴിഞ്ഞാല്‍ ഉണ്ടാകണമെന്നില്ല. നാളെ ഇത്തരം തുറന്ന് പറച്ചിലുകളെല്ലാം തികച്ചും സാധാരണ കാര്യങ്ങളായി മാറുകയും അതിനെ തുറന്ന മനസ്സോടെ സമൂഹം ഏറ്റെടുക്കുകയും ചെയ്യും. പ്രിവിലേജുകള്‍ സ്വകാര്യസ്വത്താക്കി കൈവശം വച്ചവരില്‍ നിന്നും അത് പിടിച്ചെടുത്ത് പങ്കുവച്ചത് തന്നെയാണ് ഇന്നു മനുഷ്യന്‍ അനുഭവിക്കുന്ന അടിസ്ഥാന സ്വാതന്ത്യങ്ങളും അവകാശങ്ങളുമൊക്കെ. ചുറ്റുപാടുമുള്ള “പൊരിച്ച മീനിന്റെ” പൊട്ടും പൊടിയും അവശിഷ്ടവും മാത്രം ജീവിതത്തിന്റെ എല്ലാ മേഖലയിലും കിട്ടുന്ന പെണ്ണിന്റെ പ്രതിഷേധത്തിന്റെ മാറ്റൊലിയാണത്.

ഇന്നും മതം മൂത്ത് തിമിരം ബാധിച്ചവര്‍ ഉണ്ടാക്കി വെയ്ക്കുന്ന ബുദ്ധിമുട്ടുകളില്‍ പെടാപ്പാട് പെടുന്നവര്‍ തന്നെയാണ് ഞങ്ങളില്‍ മിക്കവരും. ചിന്തിക്കരുത്, എഴുതരുത്, യാത്ര ചെയ്യരുത്, പാടരുത്,ആടരുത്, സ്വപ്നം കാണരുത്, ആണുങ്ങള്‍ തിന്ന് എഴുന്നേല്‍ക്കാതെ കഴിക്കരുത്, പെണ്ണുങ്ങളെ ഒരു കാരണവശാലും ഉന്നതവിദ്യാഭ്യാസത്തിന് അയക്കരുത്, ജോലിക്ക് അയക്കരുത്, കുടുംബത്തിന്റെ ചെലവ് പെണ്ണുങ്ങള്‍ക്ക് വിട്ടു കൊടുക്കരുത് (തദ്വാരാ അവള്‍ അഹങ്കാരയായിത്തീരും, യൂ നോ?)… ലിസ്റ്റ് എഴുതിയാല്‍ തീരില്ല.

പെണ്ണുങ്ങള്‍ മരുന്നെഴുതിയാല്‍ ശരിയാവില്ല, അത് എത്ര അടുത്ത ബന്ധുവാണെങ്കിലും. എന്നിട്ട് ഏതോ അങ്ങേയറ്റത്തെ പരിചയത്തിലുള്ള ആളെ തിരഞ്ഞ് പോയി കിട്ടാതാവുമ്പോള്‍ മടിച്ചു മടിച്ച് കിട്ടുന്നൊരു ജാള്യതയില്‍ മുങ്ങി നിവര്‍ന്ന കോളുണ്ട്. അതിന് സൗമ്യമായി മറുപടി പറയാന്‍ വേണ്ടുന്ന ക്ഷമക്ക് വേണമെങ്കില്‍ ഒരു നൊബേല്‍ പുരസ്‌കാരത്തിന് അപേക്ഷിക്കാവുന്നതാണ്.

മുന്നിലുള്ള വണ്ടി പതുക്കെയേ നീങ്ങുന്നുള്ളെങ്കില്‍ “പെണ്ണാണോ വണ്ടി വിടുന്നത്?”. മുന്നിലെ ടൂവീലറില്‍ രണ്ട് വശത്തേക്കും കാലിട്ട് സുരക്ഷിതയായി ഇരിക്കുന്നവളുടെ പിന്‍ഭാഗം നോക്കി കമന്റടിച്ച് “പെണ്ണുങ്ങള്‍ ബൈക്കില്‍ ഒരു വശം ചരിഞ്ഞിരിക്കുന്നതിലെ അച്ചടക്കം”എന്ന വിഷയത്തിലെ പ്രഭാഷണം…

ഇതൊക്കെ എഴുതിയാല്‍ “സ്വന്തം പല്ലില്‍ കുത്തി മണപ്പിക്കുന്നത് എന്തിന്” എന്ന ചോദ്യം പേടിച്ച് എഴുതാതിരിക്കുന്നവര്‍. അപ്പോഴും തെറ്റുകള്‍ തിരുത്താനുള്ളതാണ് എന്ന ചിന്ത വരില്ല, “പെണ്ണുങ്ങള്‍ അത്ര ഞെളിഞ്ഞാല്‍ മതി” എന്ന് ബാക്കി ചേര്‍ക്കും. പുറത്തിറങ്ങുന്ന, പറയുന്ന പെണ്ണ് പിഴയാണെന്ന് ഒളിഞ്ഞും തെളിഞ്ഞുമങ്ങ് പ്രഖ്യാപിച്ചു കളയും. കൂട്ടുകാരുടെയും കുടുംബത്തിന്റെയും കൂടെയുള്ള ഗ്രൂപ്പ് സെല്‍ഫിയെ പോലും മുലയുടെ മുകളില്‍ കൈ വച്ച് കാമം തീര്‍ക്കലെന്ന് പറയും. ദുരഭിമാനവും ദുഷ്ലാക്കും വെടിഞ്ഞ് ശരി ചെയ്യുന്നത് വഴി കളഞ്ഞ് കിട്ടിയ അവയവ-മേല്‍ക്കോയ്മ വീണ് പോകുമെന്ന ഭയമാണ് ആ കിത്താബും എല്ലാ കിത്താബും അടപ്പിക്കുന്നത്. കിത്താബുകള്‍ തുറന്ന് വായിക്കപ്പെടേണ്ടവയാണ്. മനുഷ്യനെ ബുദ്ധിമുട്ടിക്കാനല്ല അക്ഷരങ്ങള്‍, ജീവിതം സുഗമമാക്കാനാണ്. വളച്ചൊടിച്ചല്ല വായിക്കേണ്ടത്.

അവസാനനിമിഷം വരെ ആ നാടകം അവതരിപ്പിക്കാനായി കുട്ടികള്‍ കാത്തിരുന്നു, അവര്‍ വിതുമ്പി, വിഷമിച്ചു എന്നൊക്കെ വാര്‍ത്ത കണ്ടു. ആ കുട്ടികള്‍ അവകാശപ്പെട്ട ഗ്രേസ് മാര്‍ക്ക് ഇല്ലാതാകുന്നത് വേറെയും. കഷ്ടമാണ്. പക്ഷേ, ഇതെല്ലാം വാര്‍ത്തയാകുന്നത് പോലും ഒരു സൂചനയാണ്. ഇടറി വീഴ്ത്താന്‍ ശ്രമിച്ചിട്ട് പോലും കാലം ശക്തിയായി പ്രതികരിച്ച് തുടങ്ങിയിരിക്കുന്നു, തലമുറകള്‍ കെട്ടിപ്പടുത്ത് സഹിച്ച ദുരാചാരങ്ങള്‍ക്ക് വിള്ളല്‍ വീണ് തുടങ്ങിയിരിക്കുന്നു.

മതത്തെ തോന്നുംപടി അവതരിപ്പിച്ചത് കാണാപാഠം പഠിച്ചവര്‍ക്കിടയില്‍ നിന്നും തന്നെ മനുഷ്യനെയറിയുന്ന ശബ്ദങ്ങള്‍ ഉയര്‍ന്ന് തുടങ്ങിയിരിക്കുന്നു.
പതുക്കെയെങ്കിലും ശരിയാകട്ടെ സര്‍വ്വം. ശരികേടുകളൊടുങ്ങട്ടെ…

ഇനിയും തുറക്കട്ടെ നേരിന്റെ കിത്താബുകള്‍…

ഡോ. ഷിംന അസീസ്

We use cookies to give you the best possible experience. Learn more