കണ്ണൂരില്‍ മൂന്നിടത്തു സമരം നടക്കുമെന്നായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചിരുന്നത്. പബ്ലിസിറ്റി നേടാന്‍ വേണ്ടി ഹൈന്ദവ സംഘടനകള്‍ തന്നെ പ്രചരിപ്പിച്ചതാണ് ഈ വ്യാജ വാര്‍ത്തയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്തായാലും, ഇതുകേട്ട പാതി കേള്‍ക്കാത്ത പാതി, കോഴിക്കോടും ഏറണാകുളത്തും ആലപ്പുഴയിലുമെന്നപോലെ കണ്ണൂരുള്ളവരുടെ “സംസ്‌കാരവും കാത്തുസൂക്ഷിച്ചേക്കാമെന്ന” ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് ഹിന്ദുസംഘടനകള്‍ രംഗത്തെത്തുകയായിരുന്നു.
കാള്‍ടെക്‌സ്, വാരം, മമ്പറം എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരം സമരം നടത്തുമെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. ഇതനുസരിച്ച് നേരത്തെ തന്നെ കാള്‍ടെക്‌സ് പരിസരത്ത് ഹൈന്ദവ സംഘടനകള്‍ ദമ്പതികളെയും യുവതിയുവാക്കളെയും കര്‍ശന നിരീക്ഷണ വിധേയമാക്കി. സംശയം തോന്നുന്നവരെയെല്ലാം ചോദ്യം ചെയ്തു. “ഇതെന്താ വെള്ളരിക്കാ പട്ടണമോയെന്നു ചോദിച്ച്” എതിര്‍ത്ത ചിലരെ കായികമായും നേരിട്ടു.
വി.എച്ച്.പിക്കാര്‍ ബസ് കാത്ത് നിന്ന മുടിനീട്ടിയവനെയും ജീന്‍സിട്ടവനെയും താടിക്കാരനെയുമെല്ലാം ചുംബനക്കാരെന്ന് സംശയിച്ച് അടിച്ചോടിച്ചു. ബസ് കാത്തുനിന്ന യുവാക്കളെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയും ചെയ്തു.
അക്രമം എതിര്‍ക്കാന്‍ ശ്രമിച്ച കാഴ്ചക്കാര്‍ക്കെതിരെയും കയ്യേറ്റമുണ്ടായി. ഒരുമിച്ചു യാത്ര ചെയ്യുകയായിരുന്ന ചില ദമ്പതികള്‍ക്കു നേരെയും കയ്യേറ്റശ്രമമുണ്ടായി. പ്രതിഷേധിക്കാനെത്തിയ സംഘത്തിലെ യുവതിയെ ചുംബനസമരക്കാരിയെന്നു തെറ്റിദ്ധരിച്ചു കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പ്രതിഷേധക്കാരില്‍ ചിലര്‍ തമ്മില്‍ തല്ലിയതായും റിപ്പോര്‍ട്ടുകളുണ്ട്.
യാത്രക്കാരിലൊരാളെ അക്രമികള്‍ വളഞ്ഞിട്ടു തല്ലി. പോലീസ് സ്ഥലത്തെത്തി അക്രമികളെ അടിച്ചോടിച്ചതിനാല്‍ മറ്റു പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
ചുംബനസമരം നടന്ന മറ്റു വേദിയിലെല്ലാമെന്നപോലെ ഇവിടെയും പോലീസ് നിറഞ്ഞിരുന്നു. ഇടയ്ക്കിടെ “സംസ്‌കാരവാദികള്‍”ക്കുനേരെ പോലീസ് ലാത്തി വീശുകയും ചെയ്തു. എന്നിട്ടും ഇക്കൂട്ടര്‍ പിരിഞ്ഞുപോകാതിരുന്നതോടെ സ്ഥലത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തെ ഒഴിവാക്കാനായി പോലീസ് ശ്രമം.
യൂണിഫോമിട്ട വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ച് ബസില്‍ കയറ്റിവിട്ടു. ഗതാഗത തടസം ഒഴിവാക്കാന്‍ ശ്രമിച്ചു. എന്നിട്ടും വാഹനഗതാഗതം തുടര്‍ച്ചയായി തടസ്സപ്പെട്ടു.
സ്ഥിതി ഇത്രയുമായപ്പോഴേക്കും ഹൈന്ദവ സംഘടനകള്‍ക്കൊരു സംശയം, ഇനി മറ്റെവിടെയെങ്കിലും ചുംബന സമരം നടത്തിയോ? ഏതായാലും കാള്‍ടെക്‌സില്‍ സമരം നടത്താന്‍ അനുവദിച്ചില്ലെന്ന് സ്ഥാപിക്കാന്‍ വീണ്ടും പ്രകടനം നടത്താന്‍ തന്നെ തീരുമാനിച്ചു.
ചുംബനസമര വിരുദ്ധ മുദ്രാവാക്യം വിളിച്ച് കാള്‍ടെക്‌സ് പരിസരത്ത് പ്രതിഷേധ ജാഥ നടത്തിയശേഷമാണ് പിരിഞ്ഞത്.
വൈകുന്നേരം വീടുകളിലെത്താന്‍ ബസ് കാത്തുനിന്ന സ്ത്രീകളും വിദ്യാര്‍ത്ഥികളുമാണ് ചുംബനസമരം കാരണം ഏറെ വിഷമിച്ചത്. ബസുകള്‍ക്ക് സ്റ്റോപ്പില്‍ നിര്‍ത്തി ആളെക്കയറ്റാന്‍ കഴിഞ്ഞില്ല. നഗരത്തില്‍ ഗതാഗത കുരുക്കുമായി.
നോക്കണേ! സോഷ്യല്‍ മീഡിയയിലെ കുറിപ്പുണ്ടാക്കിയ പുകില്.
ഫോട്ടോ കടപ്പാട്: മലയാള മനോരമ