കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതിഷേധ സംഗമവുമായി കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍. പ്രതിഷേധ സമരങ്ങള്‍ക്ക് തുടക്കമിട്ട തെരുവ് നാടകങ്ങളും കലാപ്രകടനങ്ങളുമായി പ്രവര്‍ത്തകര്‍ മറൈന്‍ഡ്രൈവില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു. സദാചാര ഗുണ്ടായിസത്തിനെതിരെ ചുംബന സമരം ആരംഭിച്ച കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ തന്നെയാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്.
ഇന്നലെ വൈകീട്ടായിരുന്നു മറൈന്‍ ഡ്രൈവില്‍ ഇരിക്കുകയായിരുന്ന യുവതീ യുവാക്കളെ പ്രകടനമായെത്തിയ ശിവസേന പ്രവര്‍ത്തകര്‍ ചൂരല്‍ കൊണ്ട് അടിച്ചതും ഭീഷണിപ്പെടുത്തിയതും. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തില്‍ രാവിലെ സ്‌നേഹ ഇരുപ്പ് സംഗമം മറൈന്‍ ഡ്രൈവില്‍ നടത്തിയിരുന്നു.
കിസ് ഓഫ് ലവ് സംഘടനയുടെ നേതൃത്വത്തില്‍ 2014ല്‍ മറൈന്‍ഡ്രൈവില്‍ നടന്ന ചുംബന സമരത്തിനെതിരെ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ എത്തിയിരുന്നു. കോഴിക്കോട് ഹോട്ടലില്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചതിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ടതിനെതിരെയായിരുന്നു അന്നത്തെ ചുംബന സമരം.
കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ പ്രതിഷേധ സംഗമത്തിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് ഏങ്ങിനെ ഇടപെടുമെന്നാണ് കേരളം ഉറ്റു നോക്കുന്നത്. ഇന്നലെ ശിവസേനക്കാര്‍ അക്രമം സംഘടിപ്പിച്ചപ്പോള്‍ പൊലീസ് കാഴ്ചകാരായി നോക്കി നില്‍ക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നലെ തന്നെ ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.