കിസ് ഓഫ് ലവ് പ്രവര്‍ത്തകരുടെ ചുംബനസമരത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്നു
റിപ്പോര്‍ട്ട്: മുഹമ്മദ് സുഹൈല്‍
കൊച്ചി: സദാചാര പോലീസിങ്ങിനെതിരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന ചുംബനസമരം വന്‍ വിജയം. സദാചാര പോലീസുകാരുടെ പ്രതിഷേധങ്ങള്‍ക്കും കേരളാ പോലീസിന്റെ ലാത്തിച്ചാര്‍ജ്ജിനും അറസ്റ്റിനുമൊന്നും ചുംബന സമരാനുകൂലികളുടെ വീര്യം കെടുത്താനായില്ല.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മറൈന്‍ ഡ്രൈവില്‍ ചുംബനസമരം നടത്താനാണ് സംഘാടകര്‍ നിശ്ചയിച്ചിരുന്നത്. രാവിലെ തന്നെ മറൈന്‍ ഡ്രൈവിലും സമീപത്തും ചുംബനസമരവിരുദ്ധ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. മുദ്രാവാക്യവുമായി യുവമോര്‍ച്ച, ബംജ്‌രംഗദള്‍, എ.ബി.വി.പി, കെ.എസ്.യു, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, എസ്.ഡി.പി.ഐ, കാമ്പസ് ഫ്രണ്ട്, ശിവസേന തുടങ്ങിയവര്‍ ചുംബനസമരത്തിനെതിരെ പ്രതിഷേധിച്ചു.
ചുംബനസമരം വന്‍ വിജയമാക്കുന്നതിനായി ആയിരക്കണക്കിനാളുകളാണ് രാവിലെ മുതല്‍ മറൈന്‍ ഡ്രൈവിലെത്തിത്തുടങ്ങിയത്. സമരാനുകൂല പ്ലക്കാര്‍ഡുകള്‍ പിടിച്ചും മുദ്രാവാക്യം വിളിച്ചും സദാചാര പോലീസിങ് സംഘടനകളെ കൂക്കിവിളിച്ചും സമരം ആവേശകരമാക്കി.
മറൈന്‍ ഡ്രൈവിലും പരിസരത്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പോലീസ് ചുംബനസമരത്തില്‍ പങ്കെടുക്കാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരില്‍ പരിഭ്രാന്തിയുണ്ടാക്കാന്‍ ശ്രമിച്ചു. അഞ്ച് മണിക്ക് മുമ്പ് അഞ്ചിലേറെ തവണ യാതൊരു പ്രകോപനവുമുണ്ടാകാതെ സമരാനുകൂലികള്‍ക്കെതിരെ ലാത്തിവീശുന്ന കാഴ്ച കാണാനായി. എന്നാല്‍ മറൈന്‍ ഡ്രൈവിനകത്ത് ചുംബനസമരത്തിനെതിരെ സദാചാര പോലീസിങ് നടത്താനെത്തിയ സംഘപരിവാര സംഘടനകള്‍ക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിച്ചില്ല. മാത്രമല്ല ഇവര്‍ക്ക് അനുകൂലമായിട്ടുള്ള സമീപനമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.
ചുംബനസമരാനുകൂലികളെ അറസ്റ്റ് ചെയ്ത് സമരം തടയുകയെന്നതായിരുന്നു പോലീസ് തീരുമാനം എന്നുവേണം കരുതാന്‍. ഏറണാകുളത്ത് ചുംബനസമരം നടക്കില്ലെന്ന് സംഘപരിവാര്‍ അനുകൂല സംഘടനകള്‍ക്ക് പോലീസ് കമ്മീഷണര്‍ ഉറപ്പ് നല്‍കിയിരുന്നതായി അവരില്‍ ചിലര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു. സമരരംഗത്തെ പോലീസിന്റെ ഇടപെടല്‍ ആ രീതിയില്‍ തന്നെയായിരുന്നു. സ്ത്രീ ലൈംഗികാവയവങ്ങളുടെ പേരുകള്‍ തെറിയായി ഉപയോഗിച്ചായിരുന്നു കേരളാ പോലീസിന്റെ “സംസ്‌കാര” സംരക്ഷണ ഇടപെടല്‍.
യാതൊരു പ്രകോപനവുമുണ്ടാക്കാതെ സമാധാനപരമായി ചുംബനസമരം നടത്താനൊരുങ്ങിയവരെ ക്രൂരമര്‍ദ്ദനത്തിന് വിധേയരാക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. സമരത്തിനെതിരെ പ്രതിഷേധിക്കാനെത്തിയവര്‍ക്ക് സഹായമൊരുക്കുന്ന സമീപനവുമാണ് പോലീസ് സ്വീകരിച്ചത്.
കരുതല്‍ തടങ്കല്‍ എന്നപേരില്‍ സമരത്തിനെത്തിയവരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. കിസ് ഓഫ് ലവ് കോ-ഓര്‍ഡിനേറ്റര്‍ രാഹുല്‍ പശുപാലന്‍ ഉള്‍പ്പെടെ 33 പേരാണ് അറസ്റ്റിലായത്. കൂട്ടത്തില്‍ 12 യുവതികളുമുണ്ടായിരുന്നു. പോലീസ് വാഹനത്തില്‍ കയറുമ്പോഴും വാഹനത്തിനുള്ളില്‍വെച്ചും ചുംബിച്ചും ആലിംഗനം ചെയ്തുമാണ് ഇവര്‍ സമരപ്രഖ്യാപനം പൂര്‍ത്തിയാക്കിയത്.
സമരാനുകൂലികളായ ചിലര്‍ ഏറണാകുളം ലോ കോളേജിന് സമീപം പ്രതിഷേധ പ്രകടനം നടത്തി. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് വരിക്കുന്നതിനിടയിലും ഇവര്‍ ചുംബിച്ചും ആലിംഗനം ചെയ്തും പ്രതിഷേധിച്ചു. ഏറണാകുളം ലോ കോളേജിന് സമീപം വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ ജാമ്യം നേടിയശേഷം പോലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചും ചുംബിച്ചു. രാത്രി 9 മണിയോടെ തേവര ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷന് മുന്നിലാണ് സംഭവം. മറൈന്‍ ഡ്രൈവില്‍ സമരത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ടയാളുകളും നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍വെച്ചും ചുംബിച്ചു.
അറസ്റ്റിലായ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ പോലീസ് വാഹനത്തിനുള്ളിലും മര്‍ദ്ദനത്തിനിരയായി. പോലീസ് സ്‌റ്റേഷനില്‍വെച്ച് വിട്ടയക്കുന്ന സമയത്തും ക്രൂരമായ ലാത്തിച്ചാര്‍ജിന് വിധേയമായി. “നിങ്ങളെയൊക്കെ കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുകയായിരുന്നെന്ന്” പറഞ്ഞായിരുന്നു പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മര്‍ദ്ദനം.
ഫ്രീക്കേഴ്‌സ് എന്ന പേരില്‍ കറുപ്പുടുത്ത് ബാനറുമായി പെണ്‍കുട്ടികളുള്‍പ്പെടെ ചിലരെത്തി. ചുംബിക്കാനെത്തിയവരാണെന്ന് തെറ്റിദ്ധരിച്ച് ഇവരേയും ചുംബനവിരുദ്ധ പ്രതിഷേധക്കാര്‍ ആക്രമിച്ചു.
ചുംബനസമരം തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം നേടിയെന്നാണ് കിസ് ഓഫ് ലവ് സംഘാടകരില്‍ പ്രധാനിയായ രാഹുല്‍ പശുപാല്‍ അഭിപ്രായപ്പെട്ടത്. ലോകത്തിന്റെ മുന്നിലേക്ക് കേരളത്തില്‍ സദാചാര ഗുണ്ടകള്‍ അഴിഞ്ഞാടുന്നത് തുറന്നുകാട്ടാനായെന്നും ലോക മാധ്യമങ്ങളിലടക്കം ചുംബനസമരം ചര്‍ച്ചയായെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമരത്തോടെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലൂടെ സദാചാര പോലീസിന്റെ തനിനിറം തുറന്നുകാട്ടാനായെന്നും ആരൊക്കെ ആ പക്ഷത്തുണ്ടെന്നും വ്യക്തമായതായും കിസ് ഓഫ് ലവ് പേജ് വ്യക്തമാക്കി. എന്നാല്‍ ഇന്ന് രാവിലെയോടുകൂടി ആ പേജും അപ്രത്യക്ഷമായി.