കിസ് ഓഫ് ലവ് ലോക സിനിമയിലേക്ക്
Daily News
കിസ് ഓഫ് ലവ് ലോക സിനിമയിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th December 2014, 4:20 pm

DE01_PERISCOPE_DIV_1224293g
സദാചാര പോലീസിംങിനെതിരെ കേരളത്തിലെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്ന പ്രതിഷേധ സമരമായ കിസ് ഓഫ് ലവ് സിനിമയാകുന്നു. പാപ്പിലിയോ ബുദ്ധയടക്കം നിരവധി സിനിമകളും ഡോക്യൂമെന്ററികളും ചെയ്ത പ്രശസ്ത സിനിമാ സംവിധായകന്‍ ജയന്‍ ചെറിയാനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കപട സദാചാര ബോധത്തിന്റെ മുഖം മൂടി അഴിഞ്ഞ് വീണ ഡൗണ്‍ ടൗണ്‍ സംഭവത്തെ തുടര്‍ന്ന് കേരളീയ പൊതുമണ്ഡലങ്ങളില്‍ പടര്‍ന്ന് പിടിച്ച ചുംബന സമരം ആഗോള ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് അന്താരാഷ്ട്ര പങ്കാളിത്തത്തോടെ സംവിധായകന്‍ സിനിമ നിര്‍മിക്കാനൊരുങ്ങുന്നത്.

ചുംബനസമരത്തിലൂടെ കേരളീയ യുവജനസംസ്‌കാരത്തിന്റെയും ആഗോള സ്ത്രീമുന്നേറ്റങ്ങളുടെയും കഥ പറയുന്ന സിനിമ നിര്‍മ്മിക്കുന്നത് ന്യൂയോര്‍ക്കിലെ ഇന്നര്‍ സൈലന്‍സ് ഫിലിംസും എക്‌സ് പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്നാണ്.

ചുംബനസമരതിലെ പ്രവര്‍്ത്തകരും അല്ലാത്തവരുമായ അനേകം പേരുടെ കഥകള്‍ കോര്‍ത്തിണക്കി നൂതന രചനാരീതി പരീക്ഷിക്കുന്ന ചിത്രത്തില്‍ വിദേശ സിനിമാ പ്രവര്‍ത്തകരായ ഡേവിഡ് ബ്രിഗ്‌സ് , മിഖായേല്‍ ഹൈചിനോവ കാര്‍ലോസ് ഫോണ്‍സെക്ക , മാര്‍സിയോ വെഞ്ചൂരി എന്നിവരെ കൂടാതെ  മലയാള തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, മാധ്യമ പ്രവര്‍ത്തക കെ.കെ ഷാഹിന, കിസ് ഓഫ് ലവ് പ്രവര്‍ത്തകന്‍ രാഹുല്‍ പശുപാലന്‍, ഷഫീഖ് എച്ച്, മനുഷ്യാവകാശ പ്രവര്‍ത്തക തസ്‌നി ബാനു, ദല്‍ഹി സെന്റ് സ്റ്റീഫന്‍സിലെ അധ്യാപകന്‍ എന്‍ .പി .ആഷ്‌ലി  തുടങ്ങിയവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.