കൊച്ചി: കുട്ടികള്‍ക്കുനേരെയുള്ള ഏതതിക്രമവും ഗൗരവമായി കാണേണ്ടതും ശിക്ഷിക്കപ്പെടേണ്ടതുമായ കുറ്റകൃത്യമാണെന്ന് കിസ് ഓഫ് ലവ്. അത്തരം മനോവൈകല്യങ്ങളെ കിസ് ഓഫ് ലവ് ശക്തമായി എതിര്‍ക്കുന്നുവെന്നും കൂട്ടായ്മ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
പീഡോഫീലിയ സ്വാഭാവികമാണെന്നും അത് വ്യക്തിസ്വാതന്ത്ര്യമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ ചിലര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിഷയത്തില്‍ കിസ് ഓഫ് ലവ് നിലപാടു വ്യക്തമാക്കിയിരിക്കുന്നത്.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേനയുടെ നേതൃത്വത്തില്‍ യുവതി യുവാക്കള്‍ക്കെതിരെ നടന്ന അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും കിസ് ഓഫ് ലവ് വ്യക്തമാക്കി. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ മറൈന്‍ഡ്രൈവിലേയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നും കിസ് ഓഫ് ലവ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
സ്ത്രീസംരക്ഷകരാണെന്നാണ് ശിവസേന അവകാശപ്പെടുന്നത്. എന്നാല്‍ കുട്ടികള്‍ക്കെതിരേയടക്കമുളള ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നയിടങ്ങളില്‍ ഈ “സ്ത്രീസംരക്ഷകരെ” കാണാറില്ല
മുംബൈയില്‍ നിന്നും മലയാളികള്‍ അടക്കമുളള സൗത്ത് ഇന്ത്യാക്കാരെ തല്ലിയോടിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു തീവ്ര വലതുപക്ഷ ഗുണ്ടാസംഘം കേരളത്തില്‍ നടത്തിയ ഈ ആക്രമണം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയുകയില്ല. അതിലുപരിയായി അവര്‍ അഴിഞ്ഞാടുമ്പോള്‍ എസ്.ഐ അടക്കമുളള പോലീസ് സംഘം അതുനോക്കിനില്‍ക്കുകയും ചെയ്യുന്ന സാഹചര്യം ഒരു ഇടതുപക്ഷ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ സംജാതമാകുകയെന്നതു ഒട്ടും ഉള്‍ക്കൊളളാനാവുന്ന സംഗതിയല്ലെന്നും കിസ് ഓഫ് ലവ് പറയുന്നു.
അഴീക്കലിലും യൂണിവേഴ്‌സിറ്റി കോളജിലും തിരുവനന്തപുരം മ്യൂസിയത്തിലുമെല്ലാം സദാചാര ഗുണ്ടായിസങ്ങള്‍ അരങ്ങേറിയത് അടുത്തിടെയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനും അത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നതിനും പോലും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന നിലയിലേക്ക് കേരളത്തിന്റെ ക്രമസമാധാന നില മാറിയിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിഷേധവുമായി വീണ്ടും രംഗത്തുവരുന്നതെന്നും കിസ് ഓഫ് ലവ് വിശദീകരിക്കുന്നു.
ഇത്തരം അവസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടേണ്ട പോലീസ് നിഷ്‌ക്രിയമാകുകയും പോലീസ് സേനയിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ സദാചാര പോലീസ് വക്താക്കളായി രംഗത്തു വരുന്നതും അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും കിസ് ഓഫ് ലവ് ചൂണ്ടിക്കാട്ടുന്നു.