| Wednesday, 6th January 2016, 3:20 pm

ചുംബനത്തെരുവ് പ്രതിഷേധപരിപാടിക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി.അനീബിന് ജാമ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മാനാഞ്ചിറയില്‍ നടത്തിയ ചുംബനത്തെരുവ് പ്രതിഷേധപരിപാടിക്കിടെ അറസ്റ്റിലായ തേജസ് ലേഖകന്‍ പി.അനീബിന് ജാമ്യം ലഭിച്ചു. ഫസ്റ്റ് ക്ലാസ് ജൂഡീഷ്യല്‍ മജിസട്രേറ്റ് കോടതിയാണ് അനീബിന്  നിരുപാധിക ജാമ്യം അനുവദിച്ചത്.

പോലീസിന്റെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഐ.പി.സി 332, 341 വകുപ്പുകള്‍ പ്രകാരവും അടിപിടിയില്‍ ഉള്‍പ്പെട്ടതിന് ഐ.പി.സി 160 എ പ്രകാരവുമാണ് അനീബിനെതിരെ കേസെടുത്തിരുന്നത്. കേസില്‍ ഇന്നലെയാണ് കോടതി വാദം കേട്ടത്. സുപ്രീം കോടതി അഭിഭാഷകന്‍ കെ. രാജഗോപാലാണ് അനീബിന് വേണ്ടി കോടതിയില്‍ ഹാജരായത്.

ചുംബനത്തെരുവ് പരിപാടിയില്‍ പങ്കെടുക്കണമെന്ന ഉദ്ദേശ്യത്തോടെ സ്ഥലത്തെത്തിയ അനീബ്  പോലീസിനെ ആക്രമിച്ചു എന്ന പോലീസിന്റെ വിശദീകരണം പബ്ലിക് പ്രോസിക്ക്യൂട്ടര്‍ കോടതിയില്‍ ആവര്‍ത്തിച്ചപ്പോള്‍ അനീബ് മാധ്യമപ്രവര്‍ത്തകനാണെന്നും ജോലിയുടെ ഭാഗമായാണ് സ്ഥലത്തെത്തിയതെന്നും അടിപിടിയില്‍ പെട്ടതാണെന്നും അനീബിനെതിരെ ചുമത്തിയ കേസുകള്‍ നിലനില്‍ക്കില്ലെന്നും കെ. രാജഗോപാല്‍ കോടതയില്‍ വാദിച്ചു.

തിങ്കളാഴ്ച്ച ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും പോലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ കേസ് ചോവ്വാഴ്ച്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

അനീബിനെ അകാരണമായി അറസ്റ്റ് ചെയ്തതിനെതിരെ നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടനകളും രംഗത്ത് വന്നിരുന്നു. കെ.യു.ഡബ്ല്യൂ.ജെ ദല്‍ഹി ഘടകവും തേജസ് ദിനപത്രത്തിലെ ജീവനക്കാരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more