കിഷോര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം
Movie Day
കിഷോര്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് 25 വര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th October 2012, 9:08 am

സംഗീതലോകത്തെ നിലയ്ക്കാത്ത നാദമായിരുന്ന കിഷോര്‍ കുമാര്‍ വിടപറഞ്ഞിട്ട ഇന്നേക്ക് 25 വര്‍ഷം. ഒരിക്കലും മറക്കാത്ത ഒട്ടനവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് സംഗീതലോകത്ത് നിന്നും മാഞ്ഞുപോയത്.[]

ബ്രിട്ടീഷ് ഇന്ത്യയിലെ ഖാണ്ഡ്വയില്‍ അഭിഭാഷകനായ കുഞ്ജന്‍ലാല്‍ ഗാംഗുലിയുടെയും ഗൗരി ദേവിയുടെയും മകനായാണ് അബ്ബാസ് കുമാര്‍ ഗാംഗുലിയുടെ (അതായിരുന്നു കിഷോറിന്റെ പേര്) ജനനം. നാല് സഹോദരന്മാരില്‍ ഇളയവന്‍. ഹിന്ദിയിലെ പ്രഗല്‍ഭ അഭിനേതാവ് അശോക് കുമാറാണ് മൂത്ത സഹോദരന്‍. സതീദേവിയും നടന്‍ അനൂപ്കുമാറുമാണ് മറ്റ് സഹോദരങ്ങള്‍. സംഗീതസംവിധായകന്‍ ബാപ്പി ലാഹിരി ബന്ധുവാണ്.

ഹിന്ദി സിനിമാരംഗത്തെ ബഹുമുഖപ്രതിഭയായിരുന്നു കിഷോര്‍കുമാര്‍. പിന്നണി ഗായകന്‍, അഭിനേതാവ്, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മാതാവ്, സംവിധായകന്‍, കഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.

കിഷോറിലെ ഗായകനെ കണ്ടെത്തിയത് സച്ചിന്‍ ദേവ് വര്‍മനെന്ന അതുല്യ സംഗീതസംവിധായകനാണ്. 1950ല്‍ മശാല്‍ എന്ന ചിത്രത്തിന്റെ നിര്‍മാണത്തിനിടെ എസ്.ഡി. ബര്‍മന്‍ അശോക് കുമാറിന്റെ വീട് സന്ദര്‍ശിച്ചു. കുന്ദന്‍ലാല്‍ സൈഗാളിനെ അനുകരിച്ചു പാടുന്ന കിഷോറിനെ അദ്ദേഹം ശ്രദ്ധിച്ചു. സൈഗാളിനെ അനുകരിക്കാതെ സ്വന്തം ശൈലിയുണ്ടാക്കാന്‍ ബര്‍മന്‍ ഉപദേശിച്ചു.

അനേകം ഹിറ്റ് ചിത്രങ്ങളില്‍ ബര്‍മന്‍ കിഷോറിനെക്കൊണ്ട് പാടിച്ചു. ടാക്‌സി ഡ്രൈവര്‍, പേയിങ് ഗെസ്റ്റ്, ദ് ഗൈഡ്, ജുവല്‍ തീഫ്, പ്രേം പൂജാരി, തേരെ മേരെ സപ്‌നെ തുടങ്ങിയവ അക്കൂട്ടത്തില്‍പ്പെടും. തുടര്‍ന്ന് ബര്‍മന് വേണ്ടി കിഷോറും ആശാ ഭോസ്‌ലെയും ഒട്ടേറെ യുഗ്മഗാനങ്ങള്‍ പാടി.

1946ല്‍ അശോക് കുമാര്‍ നായകനായ ശിക്കാരിയില്‍ അഭിനയിച്ചുകൊണ്ട് കിഷോറും വെള്ളിത്തിരയിലെത്തി. 1948ല്‍ സിദ്ദി എന്ന ചിത്രത്തില്‍ ആദ്യഗാനം പാടാനുള്ള അവസരം ലഭിച്ചു.

1951ല്‍ ആന്ദോളന്‍ എന്ന ചിത്രത്തിലൂടെ നായകനായി. അശോക് കുമാറിന്റെ സ്വാധീനത്തില്‍ അഭിനയിക്കാന്‍ ഏറെ അവസരം ലഭിച്ചെങ്കിലും കിഷോറിന്റെ ശ്രദ്ധ സംഗീതത്തിലായി. 1954ല്‍ ബിമന്‍ റോയിയുടെ നൗകരി, 57ല്‍ ഹൃഷീകേശ് മുഖര്‍ജിയുടെ കന്നിച്ചിത്രം മുസാഫിര്‍, ന്യൂഡല്‍ഹി, ആശ, 62ല്‍ ഹാഫ് ടിക്കറ്റ്, 68ല്‍ പഡോസന്‍ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.

എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദിയിലെ ഏതാണ്ടെല്ലാ നടന്മാര്‍ക്ക് വേണ്ടിയും കിഷോര്‍ പാടി. ലക്ഷ്മികാന്ത്-പ്യാരെലാല്‍, സലില്‍ ചൗധരി, രവീന്ദ്ര ജെയ്ന്‍, കല്യാണ്‍ജി ആനന്ദ്ജി തുടങ്ങി മിക്ക സംഗീതസംവിധായകരും കിഷോറിന്റെ ശബ്ദത്തിലൂടെ ഗാനങ്ങള്‍ക്ക് തങ്ങളുടെ ഈണം പകര്‍ന്നു.