|

എമ്പുരാനില്‍ എനിക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ ചാലഞ്ച് അതായിരുന്നു, പൃഥ്വിയെപ്പറ്റി അന്ന് എനിക്ക് മനസിലായി: കിഷോര്‍ കുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ച്ചയാണ് എമ്പുരാന്‍. ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയാണ്. 18 ദിവസം കൊണ്ട് 36 കഥാപാത്രങ്ങളെ പരിചയപ്പെടുത്തുകയാണ് എമ്പുരാന്റെ ടീം.

ചിത്രത്തിലെ പത്താമത്തെ കഥാപാത്രമായി പുറത്തുവിട്ടത് കിഷോര്‍ കുമാറിന്റേതാണ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോര്‍ കാര്‍ത്തിക് എന്ന ഐ.ബി ഉദ്യോഗസ്ഥനായാണ് എമ്പുരാനില്‍ വേഷമിടുന്നത്. എമ്പുരാന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കിഷോര്‍ കുമാര്‍. ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ കാര്യം അതിന്റെ ആദ്യഭാഗം നേടിയ വിജയമാണെന്ന് കിഷോര്‍ പറഞ്ഞു.

നടന്‍ എന്ന നിലയില്‍ മാത്രം അത്ഭുതപ്പെടുത്തിയ പൃഥ്വിരാജിന്റെ സംവിധാനം എങ്ങനെയുണ്ടാകുമെന്ന് അറിയാന്‍ കൂടി വേണ്ടിയാണ് ചിത്രം കമ്മിറ്റ് ചെയ്തതെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ ഐ.ബി ഉദ്യോഗസ്ഥന്റെ വേഷമാണ് തനിക്കെന്നും ഇംഗ്ലീഷും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യേണ്ട ഒരാളാണ് താനെന്നും കിഷോര്‍ പറഞ്ഞു.

മലയാളത്തിലെ ഡയലോഗുകളില്‍ വളരെ ലെങ്ത്തിയായിരുന്നെന്നും അത് തനിക്ക് വലിയൊരു ചാലഞ്ചായിരുന്നെന്നും കിഷോര്‍ പറയുന്നു. പഠിച്ചെടുക്കാന്‍ ഒരുപാട് പ്രയാസപ്പെട്ടെന്നും വളരെ ഫാസ്റ്റായി പറയാന്‍ പൃഥ്വി തന്നോട് ആവശ്യപ്പെട്ടെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഫാസ്റ്റായി ഡയലോഗ് പറഞ്ഞ് റിഹേഴ്‌സല്‍ ചെയ്തിട്ടാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും കിഷോര്‍ പറഞ്ഞു.

‘എമ്പുരാന്‍ എന്ന ചിത്രം ഞാന്‍ കമ്മിറ്റ് ചെയ്യാന്‍ പ്രധാനമായും രണ്ട് കാരണങ്ങളാണ് ഉള്ളത്. ആദ്യഭാഗമായ ലൂസിഫര്‍ കൈവരിച്ച വന്‍ വിജയമാണ് അതില്‍ ആദ്യത്തേത്. നടന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തിയ പൃഥ്വിരാജ് സംവിധായകനാകുമ്പോള്‍ എങ്ങനെയുണ്ടാകുമെന്ന് അറിയുക എന്നതാണ് രണ്ടാമത്തെ കാരണം. ആക്ടര്‍ ഡയറക്ടറാകുമ്പോല്‍ കൂടുതല്‍ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കും.

എമ്പുരാനില്‍ എന്റെ കഥാപാത്രം ഒരു ഐ.ബി. ഉദ്യോഗസ്ഥനാണ്. സിനിമയിലെ രണ്ട് ലോകങ്ങളുമായി ലിങ്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍ അവതരിപ്പിക്കുന്ന കാര്‍ത്തിക് എന്ന ക്യാരക്ടര്‍. മലയാളത്തിലും ഇംഗ്ലീഷിലുമാണ് എന്റെ മിക്ക ഡയലോഗും. വളരെ ലെങ്ത്തിയായിട്ടുള്ള ഡയലോഗുകളായിരുന്നു അത്. മലയാളിയല്ലാത്തതുകൊണ്ട് അതെല്ലാം പഠിച്ചെടുക്കാന്‍ കുറച്ച് പാടുപെട്ടു.

എങ്ങനെ പ്രസന്റ് ചെയ്താലും കുറച്ചുകൂടി ഫാസ്റ്റായി പറയാന്‍ പൃഥ്വി ആവശ്യപ്പെടുമായിരുന്നു. എനിക്ക് അത് വലിയൊരു ചാലഞ്ചായിരുന്നു. പിന്നീട് അത് നല്ല ഫാസ്റ്റില്‍ പറഞ്ഞ് റിഹേഴ്‌സല്‍ ചെയ്തിട്ടാണ് ഷൂട്ടിന് പോയത്. പൃഥ്വി നമ്മളെ വളരെ നന്നായി മനസിലാക്കും. സെറ്റില്‍ കൂടുതല്‍ കംഫര്‍ട്ടായി നില്‍ക്കാന്‍ അത് സഹായിച്ചു,’ കിഷോര്‍ കുമാര്‍ പറയുന്നു.

Content Highlight: Kishore Kumar about his character in Empuraan movie

Latest Stories

Video Stories