മലയാളികള്‍ക്ക് ഏറെ പരിചിതനായ സിനിമ-സീരിയല്‍ നടനാണ് കിഷോര്‍ സത്യ. കാഞ്ഞിരപ്പള്ളി കറിയാച്ചന്‍, അടിവാരം എന്നീ ചിത്രങ്ങളിലൂടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് 2004ല്‍ ജോസ് തോമസ് സംവിധാനം ചെയ്ത യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമയിലെ വില്ലന്‍ വേഷത്തിലൂടെയാണ് കിഷോര്‍ അഭിനയ ജീവിതം ആരംഭിക്കുന്നത്.
ശേഷം തസ്‌ക്കരവീരന്‍, രഹസ്യ പൊലീസ്, കേരളോത്സവം, ദി ത്രില്ലര്‍, ദി സിറ്റി ഓഫ് ഗോഡ്, പൈസ പൈസ തുടങ്ങി നിരവധി സിനിമകളില്‍ കിഷോര്‍ സഹനടനായി അഭിയിച്ചു. 2005ല്‍ എ.എം. നസീര്‍ സംവിധാനം ചെയ്ത ഏഷ്യാനെറ്റിലെ മന്ത്രക്കൊടി എന്ന പരമ്പരയിലൂടെയാണ് സീരിയലില്‍ അഭിനയിച്ചു തുടങ്ങുന്നത്.
പിന്നീട് കനല്‍പൂവ് (കൈരളി ടി.വി), ദി ഓഫീസര്‍ (അമൃത ടി.വി), കഥയിലെ രാജകുമാരി (മഴവില്‍ മനോരമ) തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. എങ്കിലും കിഷോറിനെ കൂടുതല്‍ ജനപ്രിയനാക്കിയത് ഏഷ്യാനെറ്റിലെ കറുത്ത മുത്ത് എന്ന സീരിയലായിരുന്നു.
2005ല്‍ അദ്ദേഹം അഭിനയിച്ച തസ്‌ക്കരവീരന്‍ എന്ന സിനിമയില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. ഇപ്പോള്‍ സ്‌റ്റോറി ബോര്‍ഡ് എന്ന യൂട്യൂബ് ചാനലില്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് കിഷോര്‍ സത്യ. മമ്മൂട്ടിയെയാണ് റോള്‍ മോഡല്‍ ആക്കേണ്ടതെന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടിക്ക് സിനിമയോട് അടങ്ങാത്ത ആഗ്രഹമാണെന്നും അതിന്റെ പരിണിത ഫലമാണ് നമ്മള്‍ ഇന്ന് കാണുന്ന മമ്മൂട്ടിയെന്ന നടനെന്നും കിഷോര്‍ പറഞ്ഞു.
‘മമ്മൂക്കയെ ആണ് നമ്മള്‍ റോള്‍ മോഡല്‍ ആക്കേണ്ടത്. അത് ഞാന്‍ എപ്പോഴും പറയുന്ന കാര്യമാണ്. അദ്ദേഹവുമായിട്ട് എനിക്ക് സംസാരിക്കാനുള്ള ഒരുപാട് അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട്. മമ്മൂക്കക്ക് സിനിമ എന്നത് അധമ്യമായ ആഗ്രഹമാണ്. അതിന്റെ പരിണിത ഫലമാണ് നമ്മള്‍ ഇന്ന് കാണുന്ന മമ്മൂട്ടി എന്ന സൂപ്പര്‍ ആക്ടര്‍.
അദ്ദേഹം കിലോ മീറ്ററോളം സൈക്കിള്‍ ചവിട്ടി സിനിമ കാണാന്‍ പോയ കഥയൊക്കെ പറഞ്ഞിട്ടുണ്ട്. അത് ശരിക്കും ഒരു ഇന്‍സ്പിറേഷന്‍ തന്നെയാണ്. ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹം സ്വയം തേച്ചുമിനുക്കുകയാണ്. അതൊക്കെ കൊണ്ട് സിനിമയില്‍ വരുന്ന ഏതൊരാള്‍ക്കും അദ്ദേഹത്തെ റോള്‍ മോഡലാക്കാം.
അങ്ങനെ റോള്‍ മോഡലാക്കാന്‍ പറ്റുന്ന ഒരു സര്‍വകലാശാലയാണ് മമ്മൂക്ക എന്നാണ് ഞാന്‍ കരുതുന്നത്. ആ ഒരു സര്‍വകലാശാലയുടെ അടുത്ത് ചെറിയൊരു എല്‍.കെ.ജി കുട്ടിയായി നില്‍ക്കാന്‍ പറ്റിയെന്നതാണ് എന്റെ ഭാഗ്യം,’ കിഷോര്‍ സത്യ പറഞ്ഞു.
Content Highlight: Kishor Sathya Talks About Mammootty