Personal Opinion | കിഷ്‌ക്കിന്ധാ കാണ്ഡം; നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു മികച്ച ത്രില്ലര്‍
Cinema
Personal Opinion | കിഷ്‌ക്കിന്ധാ കാണ്ഡം; നിഗൂഢതകള്‍ ഒളിപ്പിച്ച ഒരു മികച്ച ത്രില്ലര്‍
വി. ജസ്‌ന
Friday, 13th September 2024, 9:09 am

കിഷ്‌ക്കിന്ധാ കാണ്ഡം, പേരു പോലെ തന്നെ വളരെ വ്യത്യസ്തമായ പുതുമ നിറഞ്ഞ ഒരു സിനിമ. ഴോണറിനോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ സ്‌ക്രിപ്റ്റും. അത് തന്നെയാണ് ഈ സിനിമയുടെ പ്രത്യേകത. ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’.

ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ സിനിമ ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേഴ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.

ഒരു രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് തുടങ്ങുന്ന കഥ പിന്നീട് ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അജയചന്ദ്രന്റെ രണ്ടാം വിവാഹത്തില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. അയാളുടെ വീട്ടിലേക്ക് കല്യാണം കഴിഞ്ഞെത്തിയ അപര്‍ണയെ കാത്തിരുന്നത് നിഗൂഢത നിറഞ്ഞ കുറേ കാര്യങ്ങളാണ്.

അജയചന്ദ്രന്റെ അച്ഛനായ അപ്പു പിള്ളയില്‍ എന്തൊക്കെയോ നിഗൂഢതകള്‍ കണ്ടെത്തുന്ന അപര്‍ണ പിന്നീട് അതിന് പിന്നാലെ പോകുകയാണ്. എന്നാല്‍ അപര്‍ണയോ ചുറ്റുമുള്ള ആളുകളോ അറിയാന്‍ ആഗ്രഹിക്കാത്ത ഓര്‍മകളുമായി ജീവിക്കുന്ന വ്യക്തിയാണ് അജയചന്ദ്രന്‍.

അപര്‍ണയുടെ ഓരോ കണ്ടെത്തലുകളും അവസാനം ചെന്നെത്തുന്നത് അയാള്‍ മറച്ചുവെച്ച ആ ഭൂതകാലത്തിലേക്കാണ്. അതിനിടയില്‍ അജയന്റെ മുന്‍ പങ്കാളിക്ക് എന്ത് സംഭവിച്ചതാണെന്ന് സിനിമയില്‍ കാണാമെങ്കിലും മകന് പിന്നീട് എന്ത് സംഭവിച്ചുവെന്നത് ഒരു മിസ്റ്ററിയായി തുടരുകയാണ്.

സിനിമയില്‍ അജയചന്ദ്രനായി എത്തിയത് ആസിഫ് അലിയാണ്. ഒരുപാട് ഇമോഷനുകളിലൂടെ കടന്ന് പോകുന്ന വ്യക്തിയാണ് അജയന്‍. ഒരു മകനായും അച്ഛനായും ആസിഫ് മികച്ച രീതിയില്‍ തന്നെ അഭിനയിച്ചു, അല്ല ജീവിച്ചു കാണിച്ചു.

സിനിമയില്‍ അപര്‍ണയായി എത്തിയത് അപര്‍ണ ബാലമുരളിയാണ്. അപ്പു പിള്ളയിലെ നിഗൂഢതകള്‍ക്ക് പിന്നാലെ പോകുന്ന ആ കഥാപാത്രം വളരെ മികച്ചതായിരുന്നു. ഒട്ടും പാളിച്ചകള്‍ വരാതെ ആ കഥാപാത്രത്തെ അപര്‍ണക്ക് ചെയ്യാന്‍ സാധിച്ചു. യഥാര്‍ത്ഥത്തില്‍ അപര്‍ണയുടെ കണ്ടെത്തലുകളിലൂടെയാണ് സിനിമ മുന്നോട്ട് പോയത്.

പക്ഷെ കിഷ്‌ക്കിന്ധാ കാണ്ഡത്തിലെ റിയല്‍ ഹീറോ ഇവരാരുമല്ല, അത് അപ്പു പിള്ളയാണ്. മറവി രോഗമുള്ള റിട്ടേഴ്ഡ് സൈനിക ഉദ്യോഗസ്ഥനായ അയാള്‍ തന്റെ ഓര്‍മകള്‍ കണ്ടെത്താന്‍ നടത്തുന്ന യാത്രകൂടെയാണ് ഈ സിനിമ. ആ കഥാപാത്രത്തിലെ നിഗൂഢത സിനിമയുടെ അവസാനം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. വിജയരാഘവനാണ് ചിത്രത്തില്‍ അപ്പു പിള്ളയായി എത്തിയത്. അദ്ദേഹത്തിന്റെ അഭിനയത്തെ കുറിച്ച് പറയാതിരിക്കാനാവില്ല.

ഇവര്‍ക്ക് പുറമെ അശോകനും ജഗദീഷും നിഷാനുമെല്ലാം തങ്ങള്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ വളരെ ഭംഗിയായി തന്നെ ചെയ്തിട്ടുണ്ട്. ഒപ്പം വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, മാസ്റ്റര്‍ ആരവ്, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും ഈ സിനിമയിലുണ്ട്.

ചുറ്റും കുരങ്ങന്മാരും കൂറ്റന്‍ മരങ്ങളുമുള്ള സുരക്ഷിത വനമേഖലയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ലൊക്കേഷന്‍. ആ കാടും ഈ സിനിമയിലെ ഒരു പ്രധാന കഥാപാത്രം തന്നെയാണ്. ചിത്രം കാണുമ്പോള്‍ അടുത്ത സീന്‍ എന്താകുമെന്ന് പ്രേക്ഷകര്‍ക്ക് പ്രവചിക്കാന്‍ പറ്റാത്തത് ഈ സ്‌ക്രിപ്റ്റിന്റെ മികവ് തന്നെയാണ്.

കഥയുടെ ത്രില്ലര്‍ എലമെന്റ് സിനിമ കാണുന്ന ആളുകളിലേക്ക് എത്തിക്കാന്‍ പശ്ചാത്തല സംഗീതത്തിന്റെ ആവശ്യമില്ലെന്ന് കിഷ്‌ക്കിന്ധാ കാണ്ഡം തെളിയിച്ചു. വളരെ സ്ലോ പേസില്‍ പോകുന്ന ഈ സിനിമ ഒരിക്കല്‍ പോലും ബോറടിപ്പിക്കുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ്.

ഒരു സിനിമക്ക് ആദ്യം വേണ്ടത് കെട്ടുറപ്പുള്ള തിരക്കഥയാണെന്ന് കിഷ്‌ക്കിന്ധാ കാണ്ഡത്തിലൂടെ വ്യക്തമാണ്. എ ടെയ്ല്‍ ഓഫ് ത്രീ മങ്കീസ് എന്ന അടിക്കുറിപ്പോടെ എത്തുന്ന ചിത്രത്തിന് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചത് ബാഹുല്‍ രമേഷാണ്.

സിനിമക്ക് യോജിച്ച തരത്തില്‍ സംഗീതം ഒരുക്കിയത് മുജീബ് മജീദാണ്. ഓണത്തിന് മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്‍കുന്ന സിനിമ കാണാനാണ് ആഗ്രഹമെങ്കില്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിന് ധൈര്യമായി ടിക്കറ്റെടുക്കാവുന്നതാണ്.

Content Highlight: KishKindha Kaandam Movie Review

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ