കിഷ്‌കിന്ധാ കാണ്ഡത്തിലെയും ഭ്രമയുഗത്തിലെയും സാമ്യതകള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
Entertainment
കിഷ്‌കിന്ധാ കാണ്ഡത്തിലെയും ഭ്രമയുഗത്തിലെയും സാമ്യതകള്‍ ചര്‍ച്ച ചെയ്ത് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 1:50 pm

‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറില്‍ എത്തിയ സിനിമ ഈ വര്‍ഷമെത്തിയ മികച്ച ത്രില്ലര്‍ ചിത്രങ്ങളില്‍ ഒന്നുതന്നെയാണ്. ഒരു റിസര്‍വ്ഡ് ഫോറസ്റ്റിന് അടുത്ത് താമസിക്കുന്ന റിട്ടേഴ്ഡ് സൈനിക ഉദ്യോഗസ്ഥനായ അപ്പു പിള്ളയുടെയും വനം വകുപ്പ് ജീവനക്കാരനായ അയാളുടെ മകന്‍ അജയചന്ദ്രന്റെയും കഥയാണ് ഈ സിനിമ പറയുന്നത്.

ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഭ്രമയുഗം:ദി ഏജ് ഓഫ് മാഡ്നസ്. 17ാം നൂറ്റാണ്ടിലെ കൊടുമണ്‍ പോറ്റി എന്ന മന്ത്രവാദിയുടെയും തേവന്‍ എന്ന പാണന്റെയും കഥ പറയുന്ന ചിത്രത്തിന് ഒരേ സമയം നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞു. മലയാളത്തിലെ കള്‍ട്ട് ക്ലാസ്സിക്കുകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഭ്രമയുഗം. കാലങ്ങളായി മനയില്‍ ഒറ്റക്ക് കഴിയുന്ന ചാത്തനാണ് സിനിമയിലെ കേന്ദ്ര ബിന്ദു.

കിഷ്‌കിന്ധാ കാണ്ഡത്തിലെയും ഭ്രമയുഗത്തിലെയും കഥാപാത്രങ്ങളുടെ അത്രതന്നെ പ്രാധാന്യമുള്ളവയാണ് ഇരു ചിത്രങ്ങളിലെയും വീടും പരിസരവും. ഭയം മണക്കുന്ന ഭ്രമയുഗത്തിലെ വീടും ആകാംഷ നിറക്കുന്ന കിഷ്‌കിന്ധാ കാണ്ഡത്തിലെ വീടും ഒന്നുതന്നെയാണ്. രണ്ടു ചിത്രങ്ങളും ഷൂട്ട് ചെയ്തിരിക്കുന്നത് പാലക്കാട് ജില്ലയിലുള്ള ചെര്‍പ്പുളശ്ശേരിയില്‍ കുന്തിപ്പുഴയുടെ തീരത്ത് സ്ഥിചെയ്യുന്ന വെള്ളിനേഴി ഗ്രാമത്തിലെ ഒളപ്പമണ്ണ മനയാണ്. വരിക്കാശ്ശേരി മനപോലെ തന്നെ സിനിമാക്കാര്‍ക്ക് പ്രിയപ്പെട്ട ലൊക്കേഷനാണ് ഒളപ്പമണ്ണ മനയും.

ആറാം തമ്പുരാന്‍, പരിണയം, മാടമ്പി, ആകാശഗംഗ, തന്മാത്ര, ഒടിയന്‍ തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഈ ലൊക്കേഷനില്‍ ഇതിനു മുമ്പ് ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഒരേ വര്‍ഷമിറങ്ങിയ രണ്ടു ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ് ആകുന്നതും 50 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്നതും ഇത് ആദ്യമായാണ്. രണ്ടു ചിത്രങ്ങളിലും പരിമിതമായ കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്.

പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച രണ്ടു നടുമുറ്റങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന എട്ട് കെട്ടാണ് ഒളപ്പമണ്ണ മന. ഹരിതാഭമായ ചുറ്റുവട്ടമാണ് മാറ്റ് മനകളില്‍ നിന്നും ഈ മനയെ വ്യത്യസ്തമാക്കുന്നത്.

Content  Highlight: Kishkindha Kaandam And Bramayugam Had Same Location