സിനിമാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഴോണറാണ് ത്രില്ലര്‍. മലയാളത്തില്‍ ഇതുവരെ നിരവധി ത്രില്ലര്‍ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച ത്രില്ലറിന്റെ ലിസ്റ്റിലേക്ക് ഒരു പുതിയ പേര് എഴുതി ചേര്‍ക്കുകയാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍.
‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ‘കിഷ്‌ക്കിന്ധാ കാണ്ഡം’. ഫാമിലി ത്രില്ലര്‍ ഡ്രാമയെന്ന ഴോണറിലാണ് ഈ ചിത്രം എത്തിയത്. ഴോണറിനോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ഈ സിനിമക്ക് സാധിച്ചിട്ടുണ്ട്.
കാട് പോലെ നിഗൂഢത നിറഞ്ഞ ഒരാളാണ് അപ്പു പിള്ള. അയാളുയുടെ സ്വഭാവത്തില്‍ ചില സംശയങ്ങള്‍ തോന്നുന്ന അപര്‍ണ അതിന് പിന്നാലെ പോകുകയാണ്. യഥാര്‍ത്ഥത്തില്‍ അപര്‍ണയുടെ കണ്ടെത്തലുകളിലൂടെയാണ് സിനിമ മുന്നോട്ട് പോയത്.
സിനിമ കാണുന്നവരില്‍ ത്രില്ലിങ്ങുണ്ടാക്കാന്‍ വലിയ പശ്ചാത്തല സംഗീതത്തിന്റെ ആവശ്യമില്ലെന്നും ചിത്രം കാണിച്ചു തരുന്നു. സിനിമക്ക് യോജിച്ച പശ്ചാത്തല സംഗീതമാണ് മുജീബ് മജീദ് നല്‍കിയിരിക്കുന്നത്. കെട്ടുറപ്പുള്ള തിരക്കഥ തന്നെയാണ് കിഷ്‌ക്കിന്ധാ കാണ്ഡത്തിന്റെ പ്രധാന സവിശേഷത.
സിനിമയുടെ ആദ്യ ഭാഗത്ത് നടക്കുന്ന ഓരോ കാര്യങ്ങളും പിന്നീട് കണക്ട് ചെയ്ത് കാണിക്കാന്‍ കഥക്ക് കഴിഞ്ഞിട്ടുണ്ട്. അവിടെ പ്രേക്ഷകരില്‍ സംശയങ്ങളൊന്നും അവശേഷിപ്പിക്കാതെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ചിതറി കിടക്കുന്ന കുറേ കാര്യങ്ങളെ ക്ലൈമാക്‌സില്‍ ഒന്നിപ്പിക്കാന്‍ തിരക്കഥക്ക് സാധിച്ചു.
ഒപ്പം കഥാപാത്രങ്ങളുടെ ഇമോഷനും വളരെ എളുപ്പത്തില്‍ പ്രേക്ഷകരില്‍ എത്തിച്ചു. അനാവശ്യമായി ഒരു സീന് പോലും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണ്. ക്ലൈമാക്‌സില്‍ ചില ട്വിസ്റ്റുകള്‍ വരുമ്പോള്‍ നമ്മള്‍ തരിച്ചിരുന്നു പോകും.
ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി, ജഗദീഷ്, അശോകന്‍, നിഷാന്‍ തുടങ്ങി മികച്ച താരനിരയാണ് ചിത്രത്തിലുള്ളത്. ഓരോ കഥാപാത്രങ്ങളും വളരെ മികച്ച രീതിയില്‍ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഒരു മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സ് നല്‍കാന്‍ കിഷ്‌ക്കിന്ധാ കാണ്ഡത്തിന് സാധിച്ചു.
Content Highlight: KishKindha Kaandam, A Best Thriller In Malayalam Cinema