| Saturday, 26th November 2011, 8:11 am

കിഷന്‍ജി കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍: ഗുരുദാസ് ദാസ് ഗുപ്ത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത:  സി.പി.ഐ (മാവോയിസ്റ്റ്) നേതാവ് കിഷന്‍ജിയെ പിടികൂടി വെടിവെച്ചുകൊന്നശേഷം ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപണം. വ്യാഴാഴ്ച ഉച്ചക്ക് ബുരിഷോല്‍ ഗ്രാമത്തില്‍ നിന്ന് കിഷന്‍ജിയെ അറസ്റ്റ് ചെയ്തതായാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി.പി.ഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത പറഞ്ഞു. പിന്നീട് സുരക്ഷാ സേന കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതകമാണ് നടന്നത്. ഇതേക്കുറിച്ച് അന്വേഷിക്കണം. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് നല്‍കിയ കത്തില്‍ ഗുരുദാസ് ദാസ് ഗുപ്ത ആവശ്യപ്പെട്ടു. ആരോപണം സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിന്റെ (സി.ആര്‍.പി.എഫ്) ഡയറക്ടര്‍ ജനറല്‍ കെ.വിജയ് കുമാര്‍ നിഷേധിച്ചു.

[]സി.പി.ഐ ( മാവോയിസ്റ്റ്) സംസ്ഥാന കമ്മിറ്റിയുടെ വക്താവായ ആകാശും ഇതേ ആരോപണം ഉന്നയിച്ചു. കിഷന്‍ജിയെ  പിടികൂടിയ ശേഷം വെടിവെച്ച് കോല്ലുകയായിരുന്നുവെന്ന സംശയം ബന്ധുക്കളും പ്രകടിപ്പിച്ചിട്ടുണ്ട്.

മൃതദേഹം തിരിച്ചറിയുന്നതിന് കിഷന്‍ജിയുടെ മരുമകള്‍ ദീപക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ വിപ്ലവകാരിയും കവിയുമായ പി. വരവര റാവുവും നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചു. കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് കിഷന്‍ജിയെ സംയുക്ത സേന കസ്റ്റഡിയിലെടുത്തിരുന്നു. ക്രൂരമായി ഉപദ്രവിച്ചശേഷം വെടിവെച്ച് കൊല്ലുകയും ഏറ്റുമുട്ടലായി ചിത്രീകരിക്കുകയുമാണ് ചെയ്തത്. മരണം എങ്ങനെ സംഭവിച്ചുവെന്നത് അറിയാന്‍ അന്വേഷണം നടത്തണമെന്നും വരവര റാവു ആവശ്യപ്പെട്ടു.

കിഷന്‍ജിയെ പോലീസ് അറസ്റ്റുചെയ്യുമ്പോള്‍ പാര്‍ട്ടിയുടെ ആളുകള്‍ സമീപത്തുണ്ടായിരുന്നുവെന്നാണ് ആകാശ് പറഞ്ഞത്. നടന്നത് ക്രൂരമായ കൊലപാതകമാണ്. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആകാശ് ആവശ്യപ്പെട്ടു. ഇന്ന് മുതല്‍ രണ്ട് ദിവസം സംസ്ഥാനത്ത് ബന്ദാചരിക്കാന്‍ പാര്‍ട്ടി ആഹ്വാനം ചെയ്തു.

അതേസമയം, കിഷന്‍ജിയെ വധിക്കാനായത് മമതാ സര്‍ക്കാരിന്റെ നേട്ടമാണന്നാണ് സി.പി.ഐ.എമ്മിന്റെ പശ്ചിമ ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടത്. വൈകിയാണെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നയം മാറ്റിയിരിക്കുന്നു. ലാല്‍ഗഢിലും മറ്റും സ്വാധീനമുറപ്പിച്ച മാവോയിസ്റ്റുകളെ തുരത്താന്‍ കഴിഞ്ഞ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ശരിയായിരുന്നുവെന്ന് തൃണമൂല്‍ അംഗീകരിക്കുകയാണ് ഇപ്പോഴെന്നും സി.പി.ഐ.എം അഭിപ്രായപ്പെടുന്നു.

ഏറ്റുമുട്ടലുണ്ടായെന്നതാണ് യാഥാര്‍ത്ഥ്യമെന്ന് സി.ആര്‍.പി.എഫ് മേധാവ് വിജയ്കുമാര്‍ അവകാശപ്പെട്ടു. കിഷന്‍ജി കൊലപ്പെട്ടുവെന്ന് ഉറപ്പാണ്. കിഷന്‍ജിയെപ്പോലുള്ള നേതാക്കള്‍ക്ക് മാവോയിസ്റ്റുകള്‍ സാധാരണയായി നല്‍കുന്ന സുരക്ഷ ഉണ്ടായിരുന്നില്ലെന്നത് അത്ഭുതപ്പെടുത്തിയെന്നും വിജയ്കുമാര്‍ ചൂണ്ടിക്കാട്ടി.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more