| Thursday, 21st February 2019, 6:31 pm

കാല്‍നടയായി അവര്‍ വരുന്നു... ചെങ്കൊടിയേന്തി

ജിതിന്‍ ടി പി

2018 മാര്‍ച്ച് ആറിനാണ് രാജ്യം സമീപകാലത്തെ ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിച്ചത്. രാജ്യത്തെ കര്‍ഷകര്‍ തൊഴിലെടുത്ത് ജീവിക്കാന്‍ വേണ്ടി അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ ബി.ജെ.പി ഭരണകൂടത്തിനെതിരെ കാല്‍നടയായി 180 കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ സമാനതകളില്ലാത്ത കര്‍ഷക പോരാട്ടത്തിനാണ് രാജ്യമാകെ സാക്ഷിയായത്.

മാര്‍ച്ച് ആറിന് ആരംഭിച്ച ലോംഗ് മാര്‍ച്ച് കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും പാലിക്കാമെന്ന ഉറപ്പിന്‍മേലാണ് മാര്‍ച്ച് 12 ന് അവസാനിക്കുന്നത്.

എസ്.എസ്.എല്‍.എസി പരീക്ഷ നടക്കുന്ന സമയമായതിനാല്‍ വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് മനസിലാക്കി വിശ്രമമില്ലാതെ അര്‍ധരാത്രിപോലും പൊട്ടിയൊലിക്കുന്ന കാലുകളുമായി അവര്‍ നടന്ന് നീങ്ങിയപ്പോള്‍ രാജ്യം ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തി.

കാര്‍ഷിക വിളകളുടെ നാശം, അശാസ്ത്രീയമായ കാര്‍ഷിക വായ്പാ പദ്ധതികള്‍, കര്‍ഷക ആത്മഹത്യ തുടങ്ങിയ വിഷയങ്ങളുന്നയിച്ചായിരുന്നു അന്നത്തെ ലോംഗ് മാര്‍ച്ച്.

ALSO READ: “ഞാന്‍ ആ സിനിമ കണ്ടിട്ടില്ല”; “കുട്ടിച്ചന്‍” സിനിമാ വിവാദത്തില്‍ കോട്ടയം നസീര്‍

കര്‍ഷക പ്രക്ഷോഭത്തിന് അഭൂതപൂര്‍വ്വമായ പിന്തുണ കൈവന്നപ്പോള്‍ പ്രതിരോധത്തിലായ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ ആറ് മാസത്തിനകം എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാമെന്ന ഉറപ്പ് കര്‍ഷകര്‍ക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ വാഗ്ദാനങ്ങളെല്ലാം ജലരേഖയായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വാഗ്ദാനങ്ങള്‍ പാലിക്കാത്ത സര്‍ക്കാരിനെതിരെ 2018 ഫെബ്രുവരി 20 മുതല്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ് കര്‍ഷകര്‍

ഒരു ലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന മാര്‍ച്ച് ഈ മാസം 27 നാണ് മുംബൈയിലെത്തുന്നത്. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് അവസാനിക്കുക.

കഴിഞ്ഞ വര്‍ഷം കര്‍ഷക പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിവിട്ട പ്രതിഷേധക്കാറ്റിന്റെ ഫലമാണ് ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പിയ്ക്ക് ഭരണം നഷ്ടമായത്.

ഇത് മുന്‍കൂട്ടി കണ്ട് പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളും ഫഡ്നാവിസ് സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് കര്‍ഷകര്‍ മുംബൈയിലെത്തുമെന്ന് കിസാന്‍ സഭ അറിയിച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ജീവല്‍പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പാണ് മഹാരാഷ്ട്രയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം.

ജിതിന്‍ ടി പി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.