| Wednesday, 20th February 2019, 8:15 am

കാല്‍നടയായി അവര്‍ വീണ്ടും വരുന്നു; കിസാന്‍ സഭയുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ഇന്ന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അഖിലേന്ത്യാ കിസാന്‍ സഭയുടെ രണ്ടാം ലോംഗ് മാര്‍ച്ചിന് ഇന്ന് തുടക്കം. ബുധനാഴ്ച നാസിക്കില്‍ നിന്ന് ആരംഭിക്കുന്ന ലോംഗ് മാര്‍ച്ച് ഫെബ്രുവരി 27 ന് മുംബൈയിലെത്തും.

ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്ന് കിസാന്‍ സഭ അറിയിച്ചു. എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് അവസാനിക്കുക. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ലോംഗ് മാര്‍ച്ചില്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

ALSO READ: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ മൃതദേഹത്തിനരികില്‍ വെച്ച് ബന്ധുവിനെ കഴുത്തിന് പിടിച്ച് തള്ളി ബി.ജെ.ഡി എം.എല്‍.എ, വീഡിയോ

കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുകയെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്‌ളെ, ജെപി ഗവിത്, കിസാന്‍ ഗുജര്‍, അര്‍ജുന്‍ ആദെ, അജിത് നവാലെ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറഞ്ഞു.

കാര്‍ഷിക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കും. ദല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ സാധൂകരിക്കുന്നതല്ല എന്നാണ് കിസാന്‍ സഭയുടെ വിലയിരുത്തല്‍.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more