ന്യൂ ദല്‍ഹി: വിളകള്‍ക്ക് ഇന്‍ഷുറന്‍സ് നല്‍കുമെന്ന ബി.ജെ.പിയുടെ വാദം ചതിയായിരുന്നുവെന്ന് കിസാന്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഒത്തുചേര്‍ന്ന കര്‍ഷകരെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ കര്‍ഷകരെ കൊള്ളയടിക്കാനാണ് ബി.ജെ.പി. ശ്രമിച്ചതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കര്‍ഷകര്‍ നിങ്ങളോട് യാചിക്കുകയല്ല. അവരുടെ അവകാശങ്ങളാണ് ചോദിക്കുന്നത്. വിളകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പാടാക്കിയതിലൂടെ കര്‍ഷകരെ നിങ്ങള്‍ കൊള്ളയടിക്കുകയാണ്. പദ്ധതി മോദി സര്‍ക്കാരിന്റെ കിസാന്‍ ദോഖ (ചതി) യോജനയാണ്. കെജ്‌രിവാള്‍ പറഞ്ഞു.
സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പറഞ്ഞൈങ്കിലും നടപ്പിലായില്ല. മോദി കര്‍ഷകരെ പിന്നില്‍ നിന്ന് കുത്തുകയാണ്. ബി.ജെ.പി ഭരണത്തില്‍ കര്‍ഷകര്‍ നീറുകയാണ്. അവകാശങ്ങള് ഹനിക്കുകയാണെന്നും കര്‍ഷകരെ അഭിസംബോധന ചെയ്ത് കൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
വിള ഇന്‍ഷുറന്‍സ്, വിളകള്‍ക്ക് താങ്ങുവില, വനവകാശ നിയമം നടപ്പിലാക്കുക, കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റ് സമ്മേളനം വിളിച്ചു ചേര്‍ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുന്നത്.
അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാംലീല മൈതാനിയില്‍ നിന്ന് പാര്‍മെന്റിലേക്കുള്ള സമരജാഥയില്‍ ആന്ദ്ര പ്രദേശ്, ഗുജറാത്, മദ്യപ്രദേശ്, തമില്‍നാട്, പശ്ചിമ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പങ്കെടുക്കുന്നത്.