ചണ്ഡീഗഢ്: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഹരിയാനയില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്തത് അമ്പതിനായിരത്തോളം പേര്‍. സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കളായ ദര്‍ശന്‍പാല്‍, ബല്‍ബീര്‍ സിംഗ് രാജേവാള്‍ ഉള്‍പ്പടെയുള്ളവര്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തു.
കുറച്ച് കര്‍ഷക നേതാക്കളുടെ ഇടപെടല്‍ കൊണ്ടുമാത്രമല്ല രാജ്യത്തെ കാര്‍ഷിക മേഖലയിലെ കനത്ത ചൂഷണമാണ് കര്‍ഷകസമരത്തില്‍ കലാശിച്ചതെന്ന് മഹാപഞ്ചായത്തില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു.
ഹരിയാനയിലെ എന്‍.ഡി.എ ഭരണകൂടത്തിന് ഒരു മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമാണെന്നും അത്രയധികം കര്‍ഷകവിരുദ്ധതയാണ് അവര്‍ സംസ്ഥാനത്ത് ചെയ്ത് കൂട്ടുന്നതെന്നും സംയുക്ത കിസാന്‍ മോര്‍ച്ച നേതാവായ ദര്‍ശന്‍പാല്‍ പറഞ്ഞു.
‘ഹരിയാനയിലെ കര്‍ഷക വിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ സമയമായിരിക്കുന്നു. അതിലൂടെ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഉദ്ദേശ്യം’, ദര്‍ശന്‍പാല്‍ പറഞ്ഞു.
അതേസമയം കര്‍ഷക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.ഖാസിപ്പൂരില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ഒക്ടോബര്‍ രണ്ട് വരെ തുടരാനാണ് തങ്ങളുടെ തീരുമാനമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. സമരം അക്രമാസക്തമാകില്ലെന്നും സമാധാനപരമായി തന്നെ മുന്നോട്ടുപോകുമെന്നും ടികായത് പറഞ്ഞു.
‘ഖാസിപ്പൂരിലെ പാടങ്ങള്‍ ഞങ്ങള്‍ ഉഴുതുമറിച്ച് കൃഷി ആരംഭിക്കും. പ്രദേശത്തെ കര്‍ഷകരെയും ഒപ്പം കൂട്ടും’, ടികായത് പറഞ്ഞു.
അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കര്‍ഷകര്‍ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിച്ചിരുന്നു. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരുന്നു ഉപരോധം.
ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിച്ചത്. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു.
വഴിതടയല്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടായത് വാര്‍ത്തയായിരുന്നു. തുടര്‍ന്ന് സി.പി.ഐ നേതാവ് ആനി രാജയടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ