| Tuesday, 2nd October 2018, 5:07 pm

കിസാന്‍ ക്രാന്തി യാത്ര: ഒത്തുതീര്‍പ്പ് നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ ക്രാന്തി യാത്ര നടത്തുന്ന കര്‍ഷകരുമായി ധാരണയില്‍ എത്തിയതായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുടെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കൂടിക്കാഴ്ച നടത്തിയെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കര്‍ഷകര്‍ ഉന്നയിക്കുന്ന ഭൂരിഭാഗം പ്രശ്നങ്ങള്‍ സംബന്ധിച്ചും കേന്ദ്രസര്‍ക്കാര്‍ ധാരണയിലെത്തിയെന്ന് അദ്ദേഹം അവകാശപ്പെട്ടു. യു.പി മന്ത്രിമാര്‍ക്കൊപ്പം താന്‍ കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര സഹമന്ത്രി പറഞ്ഞു.


കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരേയും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്. മാര്‍ച്ച് പൊലീസ് തടയുകയും സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.

യു.പിയില്‍ നിന്ന് ദല്‍ഹിയിലേക്ക് കടക്കാനുള്ള അതിര്‍ത്തിയിലാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്. പ്രതിഷേധക്കാര്‍ക്ക് എതിരെ പൊലീസ് ഗ്രെനെഡും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് തകര്‍ത്തു.

മഹാത്മാഗാന്ധി ജയന്തി ദിനമായ ഇന്ന് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ എത്തി സമരം നടത്താനായിരുന്നു കര്‍ഷകരുടെ തീരുമാനം. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, വായ്പ എഴുതിത്തള്ളല്‍, രാജ്യതലസ്ഥാന മേഖലയില്‍ 10 വര്‍ഷം പഴക്കമുള്ള ട്രാക്ടറുകള്‍ ഉപയോഗിക്കുന്നതിനുള്ള നിരോധനം എടുത്തുകളയുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നത്.


അതേസമയം, പൊലീസ് നടപടിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സമാധാനപരമായി ദല്‍ഹിയിലേക്കുവന്ന കര്‍ഷകരെ നേരിട്ടുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാരിന്റെ ഗാന്ധിജയന്തി ദിനാഘോഷത്തിന് തുടക്കം കുറിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

തങ്ങള്‍ നേരിടുന്ന ദുരിതത്തെപ്പറ്റി പരാതി പറയാന്‍ രാജ്യതലസ്ഥാനത്തേക്ക് വരാന്‍പോലും കര്‍ഷകര്‍ക്ക് അനുവാദമില്ലെന്നും രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more