താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കുന്നത് നിര്‍ബന്ധമാക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം കീര്‍ത്തി ആസാദ് രംഗത്ത് വന്നിരിക്കുകയാണ്. 1983ലെ ലോകകപ്പ് ജേതാവായ മുന്‍ താരം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും രഞ്ജിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.
ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും തങ്ങളുടെ ടീമിന് വേണ്ടി രഞ്ജി ട്രോഫി കളിക്കാത്തതില്‍ ബി.സി.സി.ഐ കേന്ദ്ര കരാറില്‍ നിന്നും ഇരുവരെയും പുറത്താക്കിയിരുന്നു. കഴിഞ്ഞ സീസണില്‍ അയ്യര്‍ ബി ഗ്രേഡില്‍ സ്ഥാനം പിടിച്ചിരുന്നു. ഇഷാന്‍ കിഷന്‍ സി ഗ്രേഡിലും ഉണ്ടായിരുന്നു.
പി.ടി.ഐയോട് സംസാരിക്കവെയാണ് കീര്‍ത്തി ആസാദ് ബോര്‍ഡിന്റെ നിര്‍ദേശത്തെ പിന്തുണയ്ക്കുകയും രോഹിത്തിനെയും വിരാടിനെയും രഞ്ജിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയുകയും ചെയ്തത്.
‘ഇതൊരു നല്ല നീക്കമാണ്, എല്ലാ കളിക്കാരും രഞ്ജി ട്രോഫി കളിക്കണം. എന്നാല്‍ നിലവില്‍ ഐ.പി.എല്ലില്‍ ആണ് താരങ്ങള്‍ ശ്രദ്ധിക്കുന്നത്. അത് നല്ലതാണെങ്കിലും യഥാര്‍ത്ഥ ക്രിക്കറ്റ് അഞ്ചുദിവസത്തെ കളിയാണ്. ദേശീയ ടീമില്‍ നിന്ന് പുറത്തുവരുമ്പോള്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകുക, ഇത് രോഹിത്തിനും വിരാടിനും ബാധകമാണ്,’ കീര്‍ത്തി ആസാദ് പറഞ്ഞു.
ടെസ്റ്റ് അരങ്ങേറ്റത്തിന് ശേഷം വിരാട് ഒരു രഞ്ജി ട്രോഫി മത്സരം മാത്രമേ കളിച്ചിട്ടുള്ളൂ. 2015ലാണ് രോഹിത്തും അവസാനമായി രഞ്ജി കളിച്ചത്.
‘രഞ്ജി ട്രോഫിയില്‍ സംസ്ഥാനം അവസരം നല്‍കുന്നുണ്ട് എന്നിട്ട് നിങ്ങള്‍ രാജ്യത്തിന് കളിക്കുക, എന്നാല്‍ രണ്ടു കളിക്കാരെ മാത്രം ശിക്ഷിക്കുന്നത് ശരിയല്ല. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ചാല്‍ മറ്റെല്ലാ താരങ്ങള്‍ക്കും ഇതേ രീതിയില്‍ ശിക്ഷിക്കണം,’അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുനില്‍ ഗവാസ്‌ക്കറും വിഷന്‍സിങ്ങും യുവ താരങ്ങള്‍ക്കൊപ്പം രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. മാത്രമല്ല കീര്‍ത്തി ആസാദ് 142 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 39.48 ശരാശരിയില്‍ 6634 റണ്‍സ് നേടിയിട്ടുണ്ട്.
Content highlight: Kirti Azad wants Rohit Sharma and Virat Kohli to play Ranji Trophy