ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നും വിരാട് കോഹ്‌ലിയെ പുറത്താക്കിയതില്‍ ബി.സി.സി.ഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ഗാംഗുലിയുടെ ടീംമേറ്റുമായ കീര്‍ത്തി ആസാദ്.
ബി.സി.സി.ഐയും ഗാംഗുലിയും അല്‍പം കൂടി പക്വതയാര്‍ന്ന രീതിയില്‍ സാഹചര്യം കൈകാര്യം ചെയ്യേണ്ടിയിരുന്നു എന്നാണ് കീര്‍ത്തി ആസാദ് പറയുന്നത്.
ടീമിന്റെ മുന്‍ പരിശീലകനായ രവിശാസ്ത്രിയും മുന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാരും ഇതേ അഭിപ്രായം നേരത്തെ പങ്കുവെച്ചിരുന്നു.
ഗാംഗുലി ടീം ക്യാപ്റ്റനായിരിക്കെ ഗ്രെഗ് ചാപ്പലുമായി ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ആസാദ് ഇക്കാര്യം പറയുന്നത്. സ്വന്തം അനുഭവം കണക്കിലെടുത്തെങ്കിലും ഇക്കാര്യത്തില്‍ ഗാംഗുലി കുറച്ചുകൂടി ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
‘മുന്‍ നായകന്‍ ബിഷന്‍ സിംഗ് ബേദി എങ്ങനെയാണ് നായകസ്ഥാനത്ത് നിന്നും പുറത്തായത് എന്ന് എനിക്കോര്‍മയുണ്ട്. സുനില്‍ ഗവാസ്‌കര്‍ പുറത്തായ സംഭവവും ഞാനോര്‍ക്കുന്നു.
ഒരിക്കല്‍ യാത്ര കഴിഞ്ഞ് വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോഴാണ് വെങ്കട്ട രാഘവന്‍ തന്റെ നായകസ്ഥാനം നഷ്ടമായ കാര്യം അറിയുന്നത്. കോഹ്‌ലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുമ്പോള്‍ സ്വന്തം അനുഭവമെങ്കിലും സൗരവ് ഓര്‍ക്കേണ്ടതായിരുന്നു,’ ആസാദ് പറയുന്നു.
ഗ്രെഗ് ചാപ്പല്‍ പരിശീലകനായിരുന്നപ്പോള്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റിയിരുന്നുവെന്നും അന്ന് താന്‍ ഗാംഗുലിക്ക് വേണ്ടിയാണ് നിലകൊണ്ടിരുന്നതെന്നും ആസാദ് പറയുന്നു. സ്വന്തം അനുഭവം കണക്കിലെടുത്തെങ്കിലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യം വിരാടിനെ നേരത്തെ അറിയിക്കേണ്ടതായിരുന്നുവെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
വിരാട് ടീമിനെ മുന്നില്‍ നിന്ന് നയിച്ച ആളായിരുന്നുവെന്നും സ്‌പെഷ്യല്‍ ബാറ്ററുമായിരുന്നുവെന്നും ആസാദ് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ രവിശാസ്ത്രിയും ബി.സി.സി.ഐയേയും ഗാംഗുലിയേയും നിശിതമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
‘വിരാട് തന്റെ ഭാഗം കൃത്യമായി അവതരിപ്പിച്ചു. അതുപോലെ ബി.സി.സി.ഐ അധ്യക്ഷനും തന്റെ ഭാഗം പറയേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ ഇരുവരും തമ്മില്‍ നല്ല കമ്മ്യൂണിക്കേഷന്‍ ഉണ്ടായിരുന്നുവെങ്കില്‍ ഈ സാഹചര്യത്തെ ഇതിലും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുമായിരുന്നു,’ എന്നായിരുന്നു രവിശാസ്ത്രി പറഞ്ഞത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content highlight: Kirti Azad against Sourav Ganguly