| Tuesday, 31st December 2019, 6:37 pm

കിര്‍ത്താഡ്‌സിലെ സവര്‍ണാധികാര പ്രയോഗം

കെ. സന്തോഷ്‌ കുമാര്‍

ആദിവാസി-ദളിത് സമൂഹങ്ങളുടെ സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി സ്ഥാപിച്ച കിര്‍ത്താഡ്സ് (KIRTDS – Kerala Itnsitute for Research, Training and Development Studies of SC & ST) ഇന്ന് അഴിമതിയുടെയും ആദിവാസി-ദളിത് വിരുദ്ധ നടപടികള്‍ കൈക്കൊള്ളുന്നതിന്റെയും ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. 1972ല്‍ ആദിവാസികളുടെ ഉന്നമനം ലക്ഷ്യം വച്ച് ആരംഭിച്ച ‘ട്രൈബല്‍ റിസര്‍ച്ച് ആന്റ് ട്രെയ്നിങ് സെന്റര്‍’ (ഠഞ & ഠഇ) 1979ലാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പരിഗണന പ്രകാരം കിര്‍ത്താഡ്സ് ആയി ഉയര്‍ത്തുന്നത്.

ആദിവാസി-ദളിത് വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്കായി ഗവേഷണം നടത്തി ഈ സമൂഹങ്ങളുടെ സമഗ്രവികസനത്തിന് പദ്ധതികളും നയപരിപാടികളും ആവിഷ്‌കരിക്കാന്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കുക, ആദിവാസി ദളിതരുടെ സംസ്‌കാരം, ജീവിതരീതി, വിദ്യാഭ്യാസം, ഇതര മേഖലയിലെ പുരോഗതി, ജീവിതപ്രശ്നങ്ങള്‍, ബൗദ്ധിക സ്വത്തവകാശം എന്നിവയെപ്പറ്റി ഗവേഷണങ്ങള്‍ നടത്തുക, ദളിത്-ആദിവാസി വിഭാഗങ്ങളുടെ എല്ലാ മേഖലയിലുമുള്ള പുരോഗതി ലക്ഷ്യമാക്കി വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ആസൂത്രണ രംഗത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കുക, വികസന പദ്ധതികള്‍ ഈ വിഭാഗങ്ങള്‍ക്ക് പ്രയോജനപ്രദമായിട്ടുണ്ടോയെന്ന് വിലയിരുത്തുക, പദ്ധതികളുടെ നടത്തിപ്പില്‍ അപാകതകള്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ പരിഹരിക്കാനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിലയിരുത്തല്‍ പഠനങ്ങള്‍ നടത്തുക, അനര്‍ഹമായി പട്ടികജാതി പട്ടികവര്‍ഗക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുവാനുള്ള പ്രവണതയോടെ ഇതര വിഭാഗക്കാര്‍ നടത്തിവരുന്ന ജാതി മാറ്റം അന്വേഷണവിധേയമാക്കുക, പരിശീലനം നല്‍കുക തുടങ്ങിയവയായിരുന്നു കിര്‍ത്താഡ്സിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശലക്ഷ്യങ്ങളും.

എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് അരനൂറ്റാണ്ടായിട്ടും ആദിവാസി ദളിത് ജനതയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് ഉതകുന്നതും ക്രിയാത്മകമായ വികസനപദ്ധതിക്കു സര്‍ക്കാരിന് പ്രേരകമാവുന്നതുമായ ഒരു പഠനം പോലും നടത്തുവാന്‍ കിര്‍ത്താഡ്സിന് നാളിതുവരെ കഴിഞ്ഞിട്ടില്ല. ‘സമുദായ നിര്‍ണയ പഠനങ്ങള്‍ സീരീസ്1’, ‘സമുദായ നിര്‍ണയ പഠനങ്ങള്‍ സീരീസ്2′, ആന്ത്രപ്പോളജി ഓഫ് ട്രൈബല്‍ ഹെല്‍ത്ത് ആന്റ് മെഡിസിന്‍ ഇന്‍ ഫോറസ്റ്റ് എന്‍വയോണ്‍മെന്റ്’, ‘റിസര്‍ച്ച് പബ്ലിക്കേഷന്‍ സീരീസ് വോള്യം മൂന്ന്, കാണി ഭാഷാ നിഘണ്ടു, പണിയ ഭാഷാ നിഘണ്ടു, എത്തനോബയോളജി ഓഫ് കുറുമ്പര്‍ ഇന്‍ അട്ടപ്പാടി, ഷെഡ്യൂള്‍ഡ് ട്രൈബ്സ് ഓഫ് കേരള അറ്റ് എ ഗ്ലാന്‍സ്, ഗോത്രഭാഷകളും പണിയന്‍ ഭാഷയ്ക്ക് ലിപി തയ്യാറാക്കലും, ഗോത്രതാളം, വംശീയ വൈദ്യന്‍മാരുടെ പേരുവിവര സൂചിക 2016 എന്നിങ്ങനെ 14 പുസ്തകങ്ങള്‍ മാത്രമാണ് നിലവില്‍ കിര്‍ത്താഡ്സ് പഠനം നടത്തി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

പ്രസിദ്ധീകരിക്കാത്ത 21 പഠനങ്ങളുമാണ് ഉള്ളത്. ഇത് പൂര്‍ണമായും ആദിവാസി, ഗോത്ര വിഭാഗങ്ങളുടെ ഭാഷയുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ആദിവാസി ദളിത് വിഭാഗത്തിന്റെ സമഗ്ര വികസനം ഉദ്ദേശിച്ചുള്ള പദ്ധതി ആവിഷ്‌കരിക്കാനോ നയപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനോ ഒട്ടുംതന്നെ ഗുണകരവുമല്ല പര്യാപ്തവുമല്ല. ആദിവാസികളെ അമ്പെയ്ത്ത് പഠിപ്പിക്കുക, ഡാന്‍സ് കളിക്കാന്‍ പഠിപ്പിക്കുക തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിലെ നിലവാരത്തിലാണ് പരിശീലന പരിപാടികള്‍ കിത്താഡ്സ് നടത്തുന്നത്.

ഈ ഗവേഷണങ്ങളുടെയും പരിശീലനങ്ങളുടെയുമെല്ലാം പേരില്‍ ലക്ഷക്കണക്കിനു രൂപയാണ് കിര്‍ത്താഡ്സിലെ ചില ഉദ്യോഗസ്ഥരും ഡിപ്പാര്‍ട്ട്‌മെന്റിലെ തല്‍പരകക്ഷികളും ചേര്‍ന്ന് കൊള്ളയടിക്കുന്നത്. ഒരു സ്വതന്ത്രഗവേഷണ ‘ഇന്‍സ്റ്റിസ്റ്റ്യൂട്ട്’ ആയാണ് കിര്‍ത്താഡ്സ് വിഭാവനം ചെയ്തതെങ്കിലും അത് മുഴുവന്‍ അട്ടിമറിക്കപ്പെട്ടു. ജാതി നിര്‍ണയം നടത്താനും പേരിന് ഗോത്ര കലാരൂപങ്ങള്‍ നടത്താനുള്ള പട്ടികവര്‍ഗ വകുപ്പിന് കീഴിലുള്ള ഒരു സ്ഥാപനം പോലെയാണ് ഇന്ന് കിര്‍ത്താഡ്സ് പ്രവര്‍ത്തിക്കുന്നത്.

കിര്‍ത്താഡ്സിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കാനും പട്ടികവര്‍ഗ പുരോഗതിക്കായി സമഗ്രമായ പഠനം നടത്താനും ആന്ത്രപ്പോളജിയിലോ, സോഷ്യോളജിയിലോ യോഗ്യതയുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് അവിടെയില്ല. ഗവേഷണ മേഖലയില്‍ ഉള്‍പ്പെടെ മറ്റ് മേഖലയിലുള്ള ഉദ്യോഗസ്ഥര്‍ക്കാവട്ടെ സര്‍ക്കാര്‍ ചട്ടപ്രകാരം നിശ്ചയിച്ച യോഗ്യതയുമില്ല.

മുന്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരെ നിയമവിരുദ്ധമായും കിര്‍ത്താഡ്സിലെ പ്രത്യേക ചട്ടത്തിനു വിരുദ്ധമായും ഈ ഇടതുപക്ഷ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇത് ഏറെ വിവാദമായപ്പോള്‍ പട്ടികജാതി-വര്‍ഗ മന്ത്രി പറഞ്ഞത് ഈ ‘ഉദ്യോഗസ്ഥര്‍ക്ക് യോഗ്യതയുണ്ടെന്നും കിര്‍ത്താഡ്സ് സ്പെഷ്യല്‍ റൂളിലെ 10 (സേവിങ് ക്ലോസ്) പ്രകാരം അവര്‍ സംരക്ഷിക്കപ്പെടേണ്ടവരായിരുന്നു എന്നുമാണ്. അതുകൊണ്ടാണ് നിയമനം സ്ഥിരപ്പെടുത്തിയത് എന്നുമാണ്.

എന്നാല്‍, കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നേടി പിന്നീട് കോടതി ഉത്തരവ് പ്രകാരം സ്ഥിരനിയമനം നേടിയവര്‍ക്ക് സര്‍ക്കാരിന്റെ സ്പെഷ്യല്‍ റൂളില്‍ പറയുന്ന Saving Clause നു അര്‍ഹതയില്ല. മാത്രമല്ല ചട്ടം 39 പ്രകാരമാണ് ഇന്ദുമേനോന്‍, സജിത് കുമാര്‍, മണിഭൂഷണ്‍, മിനി എന്നിവരെ സ്ഥിരപ്പെടുത്തിയത്. ഇത് തികച്ചും സ്വജന പക്ഷപാതവും അഴിമതിയുമാണ്. ആശ്രിത നിയമനത്തിനും മറ്റും സര്‍ക്കാരിന് വിവേചന അധികാരം നല്‍കുന്ന വകുപ്പാണ് ചട്ടം 39.

വകുപ്പ് മന്ത്രി പറയുന്നത് പോലെ ചട്ടവിരുദ്ധമായി നിയമിക്കപ്പെട്ട ഈ ഉദ്യോഗസ്ഥര്‍ക്ക് യോഗ്യത ഉണ്ടായിരുന്നു എങ്കില്‍ എന്തിനാണ് അവരെ ചട്ടം 39 പ്രകാരം സ്ഥിരപ്പെടുത്തിയത്? ഇത് സൂചിപ്പിക്കുന്നത് യോഗ്യതയില്ലാത്ത ഉദ്യോഗസ്ഥരെ വ്യക്തിപരമായ താല്‍പര്യത്തിന്റെ പുറത്ത് സ്ഥിരപ്പെടുത്തുന്നു എന്നു തന്നെയാണ്. നിയമവിരുദ്ധമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കി കിര്‍ത്താര്‍ഡ്സിന്റെ ലക്ഷ്യം കൈവരിക്കാന്‍ ആദിവാസി-ദളിത് സമുദായങ്ങളില്‍ നിന്നുള്ള നരവംശ ശാസ്ത്രജ്ഞരേയും സാമൂഹിക ശാസ്ത്രജ്ഞരേയും നിയമാനുസൃതം നിയമിക്കുകയാണ് അടിയന്തരമായി സര്‍ക്കാര്‍ ചെയ്യേണ്ടത്.

ഗവേഷണം, പരിശീലനം എന്നിവയുടെ പേരില്‍ വലിയ തോതിലുള്ള സാമ്പത്തിക അഴിമതിയാണ് കിര്‍ത്താഡ്സില്‍ നടന്നുകൊണ്ടിരിക്കുന്നത്. പരിശീലന പരിപാടികള്‍ക്കായി ലക്ഷക്കണക്കിന് രൂപയാണ് കിര്‍ത്താഡ്സ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് കൈപ്പറ്റിക്കൊണ്ടിരിക്കുന്നത്. 2019ലെ അക്കൗണ്ട് ജനറലിന്റെ റിപോര്‍ട്ടില്‍ ഇത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.

ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ള സ്വാതന്ത്ര്യസമര സേനാനികളുടെ മ്യൂസിയം പണിയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്ന് കേരളത്തിലെ സ്വകാര്യ പുസ്തക പ്രസാധക സംഘമായ ഡിസി ബുക്സിന്റെ നേതൃത്വത്തില്‍ നടന്ന കേരള ലിറ്റററി ഫെസ്റ്റിലെ ‘ഗോത്ര എഴുത്ത് സംഗമം’ നടത്തുന്നതിനായി 5,57,592 രൂപ കിര്‍ത്താഡ്സ് ഡി സി ബുക്സിന് നല്‍കിയത്. ഒരു സ്വകാര്യ സ്ഥാപനം അവരുടെ ബിസിനസ് ആവശ്യത്തിനായി നടത്തിയ പരിപാടിയ്ക്ക് എന്തിനാണ് ആദിവാസി ഫണ്ട് നല്‍കിയത് എന്ന് എജിയുടെ റിപോര്‍ട്ടില്‍ ചോദിച്ചിരുന്നു.

സമൂഹത്തിലെ ഏറ്റവും ദുര്‍ബല വിഭാഗത്തിന്റെ ആവശ്യങ്ങള്‍ക്കായി വകയിരുത്തപ്പെട്ട തുക ഇത്തരത്തില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ചെലവഴിക്കുന്നത് അത്യന്തം ആദിവാസി വിരുദ്ധവും അനീതിയുമാണ്.

സ്വാതന്ത്ര്യസമര പോരാളികളായ ആദിവാസികള്‍ക്ക് വേണ്ടി വയനാട്ടില്‍ മ്യൂസിയം നിര്‍മിക്കുന്നതിനായി മന്ത്രാലയം ആവശ്യപ്പെട്ടത് വിശദമായ റിപോര്‍ട്ട് ആണെങ്കിലും കിര്‍ത്താഡ്സ് കോഴിക്കോട് മ്യൂസിയം നിര്‍മിക്കുവാന്‍ ഡീറ്റെയ്ല്‍ഡ് പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കി സമര്‍പ്പിക്കുകയായിരുന്നു. ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 5,93,450 രൂപ കണ്ണൂരിലെ എംകുമാര്‍ ആര്‍ക്കിടെക്ട്സിലെ ടി വി മധുകുമാര്‍ എന്ന വ്യക്തിക്ക് കിര്‍ത്താഡ്സ് നല്‍കി. ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി സ്വകാര്യ വ്യക്തിയെ ഏല്‍പ്പിച്ചതിന്റെ അടിസ്ഥാനവും എജിയുടെ റിപോര്‍ട്ടില്‍ ചോദ്യം ചെയ്യുന്നുണ്ട്.

16 കോടി രൂപയുടെ മ്യൂസിയം പദ്ധതിയില്‍ 7.19 കോടി രൂപ അനുവദിച്ച് ഉത്തരവായിരുന്നു. ഈ തുകയില്‍ മ്യൂസിയം നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ക്ക് ഷോപ്പുകള്‍ക്ക് മാത്രം ഏഴ് ലക്ഷം രൂപയിലധികം ഇതുവരെ ചെലവായിട്ടുണ്ട്. കെ.എല്‍.എഫിനും ഇന്റര്‍നാഷണല്‍ മ്യൂസിയം ഡേ ആഘോഷങ്ങള്‍ക്കും എല്ലാം ചേര്‍ന്ന് ഇതുവരെ 17,26,201 രൂപയാണ് ചെലവാക്കിയിരിക്കുന്നത്. പ്രാരംഭ പ്രവര്‍ത്തനം പോലും തുടങ്ങാത്ത പദ്ധതിക്കാണ് ഇത്രയധികം തുക ചെലവാക്കിയിരിക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ലാത്ത കിര്‍ത്താഡ്സില്‍ ഗോത്ര കലാരൂപങ്ങളുടെ ആവിഷ്‌കാരങ്ങളുടെയും പ്രോഗ്രാമുകളുടെയും മറവില്‍ വളരെ വ്യാപകമായ ഫണ്ട് തിരുമറിയാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠിക്കുവാന്‍ മതിയായ ഹോസ്റ്റലുകള്‍ ഇന്ന് സംസ്ഥാനത്തില്ല. ഹോസ്റ്റല്‍ സൗകര്യം ഇല്ലാത്തത് കൊണ്ട് നഗരങ്ങളിലും മറ്റും ബിരുദ, ബിരുദാനന്തര പഠനത്തിനായി എത്തുന്ന നിരവധി ആദിവാസി വിദ്യാര്‍ഥികളാണ് പഠനം മതിയാക്കി ഊരുകളിലേക്ക് തിരിച്ചു പോവുന്നത്. ഹോസ്റ്റല്‍ സൗകര്യം ലഭ്യമാകാത്തതുകൊണ്ട് പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞു പഠനം ഉപേക്ഷിച്ചു ഊരുകളില്‍ തന്നെ നില്‍ക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ഥികളാണ്.

ഇത്തരത്തില്‍ വിദ്യാഭ്യാസം ചെയ്യാന്‍ കഴിയാതെ ആദിവാസികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം നിലനില്‍ക്കെയാണ് ആദിവാസികളെ കാഴ്ച വസ്തുക്കളാക്കാന്‍ 50 കോടി രൂപയ്ക്ക് എറണാകുളത്ത് ആദിവാസി ഹെറിറ്റേജ് സെന്ററും 16 കോടി രൂപയ്ക്ക് കോഴിക്കോട് മ്യൂസിയവും കോടിക്കണക്കിനു രൂപ ചെലവിട്ടു വയനാട് മാതൃക ആദിവാസി ഊരും നിര്‍മിക്കുന്നത്. ഇത് അത്യന്തം പ്രതിഷേധര്‍ഹവും ജനാധിപത്യവിരുദ്ധവുമായ കാര്യമാണ്. ഓരോ വര്‍ഷവും അഞ്ഞൂറിനു മുകളില്‍ എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്കാണ് കിര്‍ത്താര്‍ഡ്സിന്റെ ജാതി നിര്‍ണയത്തിലെ കഴിവില്ലായ്മയും അപാകതയും മൂലം മെഡിക്കല്‍, എഞ്ചിനീയറിങ് ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്.

മുന്നോക്ക സമുദായങ്ങളെ സഹായിക്കാന്‍ വേണ്ടി ബോധപൂര്‍വം ചെയ്യുന്നതാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വേടര്‍ ഗോത്രം വര്‍ഷങ്ങളായി തങ്ങളെ ആദിവാസികളായി അംഗീകരിക്കുന്നതിന് സമരം ചെയ്തിട്ടും അതിനെ നിഷേധിക്കുകയാണ്. എന്നാല്‍, പട്ടികജാതിയില്‍ ഉള്‍പ്പെടാത്ത ചില വിഭാഗങ്ങളെ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എസ്.സി പദവി നല്‍കാനാണ് കിര്‍ത്താഡ്സ് ശ്രമിക്കുന്നത്. തികച്ചും ആദിവാസി-ദളിത് വിരുദ്ധമായ സമീപനങ്ങളും നടപടികളുമാണ് കിര്‍ത്താഡ്സ് ഇത്തരത്തില്‍ കൈക്കൊണ്ടുകൊണ്ടിരിക്കുന്നത്. കിര്‍ത്താഡ്സിന്റെ ജാതി നിര്‍ണയത്തിലെ നരവംശ ശാസ്ത്രപരമായ സമീപനമില്ലായ്മ ആദിവാസികളെയും ദളിതരെയും ഹിന്ദുത്വ ഇടത്തിലേക്ക് ചുരുക്കുകയാണ് ചെയ്യുന്നത്.

യോഗ്യരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതു കൊണ്ടു തന്നെ ആദിവാസി ദളിത് സമൂഹങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനോ, സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഉതകുന്ന പഠനങ്ങള്‍ നടത്താനോ ഇന്ന് കിര്‍ത്താഡ്സ് അപര്യാപതമാണ്. ആദിവാസി-ദളിത് വിഭാഗങ്ങളുടെ ഭൂ ഉടമസ്ഥയെക്കുറിച്ചോ, ഭൂരാഹിത്യത്തെക്കുറിച്ചോ സ്വത്തുടമസ്ഥതയെക്കുറിച്ചോ വിഭവാധികാരത്തെകുറിച്ചോ കിത്താഡ്സിന് യാതൊരറിവുമില്ല.

എത്രപേര്‍ക്ക് വീടുണ്ടെന്നോ, കോളനികളിലെ സാമൂഹിക, സാമ്പത്തികാവസ്ഥ എന്തെന്നോ, എത്ര പേരെ പ്രളയം ബാധിച്ചെന്നോ, പുനരധിവാസം എങ്ങനെ വേണമെന്നോ, ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് എങ്ങനെയാണെന്നോ, ഉന്നത വിദ്യാഭ്യാസത്തിന്റെ സാധ്യതകളെകുറിച്ചോ, ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികളുടെ തൊഴിലില്ലായ്മയെക്കുറിച്ചോ അങ്ങനെ യാതൊന്നിനെ സംബന്ധിച്ചും കിര്‍ത്താഡ്സിന് ഒരറിവുമില്ല. അത്തരത്തിലുള്ള ഒരു പഠനവും അവര്‍ നടത്തിയിട്ടുമില്ല.

ദളിത്-ആദിവാസികളുടെ സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥകള്‍ പഠനവിഷയം ആക്കണം എന്നത് കിര്‍ത്താഡ്സിന്റെ പരിഗണനാ വിഷയമേയല്ല. ഈ നിലയില്‍ കിര്‍ത്താഡ്സ് പ്രവര്‍ത്തിക്കുന്നത് ആദിവാസി-ദളിത് ജനതയ്ക്ക് ഗുണപരമാകില്ല എന്നത് വസ്തുതയും യാഥാര്‍ഥ്യവുമാണ്. അതുകൊണ്ട് കിര്‍ത്താഡ്സില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ നിയമിച്ചുകൊണ്ടും അടിസ്ഥാന ജനതയുടെ രാഷ്ട്രീയ, ജീവല്‍ പ്രശ്ങ്ങള്‍ക്ക് പരിഹാരം കാണുന്നതിനു സഹായകമാവുന്ന പഠനങ്ങളും പരിശീലനങ്ങളും നല്‍കുന്ന തരത്തില്‍ അപനിര്‍മിക്കേണ്ടതുണ്ട്.

അതിനുവേണ്ടി ആദിവാസി-ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ബഹുജന പ്രക്ഷോഭ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്.
1. കിര്‍ത്താഡ്സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക
2. കിര്‍ത്താഡ്സിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കുക
3. എസ്സി/ എസ്ടി ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്സില്‍ 50ശതമാനം ആദിവാസി-ദലിത് ഉദ്യോഗാര്‍ഥികളെ നിയമിക്കുക
4. അനധികൃതമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരസമിതി മുന്നോട്ടുവച്ചിട്ടുള്ളത്.

കടപ്പാട്- മറുവാക്ക് മാസിക

WATCH THIS VIDEO:

കെ. സന്തോഷ്‌ കുമാര്‍

We use cookies to give you the best possible experience. Learn more