ഐ.സി.സി ടി-20 ലോകകപ്പിന്റെ ആവേശകരമായ ഫൈനല്‍ നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തീ പാറുന്ന പോരാട്ടമാകുമെന്ന് ഉറപ്പാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇരുടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.
അപരാജിതമായ ഇന്ത്യയുടെ വിജയക്കുതിപ്പില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ടൂര്‍ണമെന്റില്‍ ബാറ്റ് കൊണ്ടും മികച്ച ക്യാപ്റ്റന്‍സികൊണ്ടും അമ്പരപ്പിക്കുകയാണ് രോഹിത്. ഓസ്‌ട്രേലിയക്കെതിരെ 92 റണ്‍സ് നേടിയപ്പോള്‍ സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 57 റണ്‍സും താരം നേടിയിരുന്നു.
നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 1983 ലോകകപ്പില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച കപില്‍ ദേവും തമ്മില്‍ താരതമ്യപ്പെടുത്തി സംസാരിക്കുകയായിരുന്നു ശ്രീകാന്ത്.
‘യുഗങ്ങളെയും ക്യാപ്റ്റന്‍മാരെയും താരതമ്യം ചെയ്യുന്നത് ഞാന്‍ പൊതുവെ ഒഴിവാക്കാറുണ്ട്. പക്ഷെ 1983 ലോകകപ്പും നിലവിലെ ടൂര്‍ണമെന്റും തമ്മില്‍ രസകരമായ ഒരു സമാന്തരം ഞാന്‍ കാണുന്നു. ഈ ലോകകപ്പില്‍ രോഹിത് ശര്‍മ ഒരു മികച്ച നേതാവായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെ അപകടകരമായ ഷോട്ടുകള്‍ കളിച്ച് ലീഡ് ചെയ്യുകയാണ്. തകര്‍പ്പന്‍ പ്രകടനങ്ങളുടെ പരമ്പരയാണ് ശര്‍മ നല്‍കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ ആവേശത്തിലാണ് മറ്റുള്ളവര്‍ അദ്ദേഹത്തിന് ചുറ്റും അണിനിരക്കുന്നത്. ബോര്‍ഡില്‍ വമ്പന്‍ സ്‌കോര്‍ ഉയരുന്നു’ശ്രീകാന്ത് പറഞ്ഞു.
എന്നാല്‍ ഫൈനല്‍ മത്സരത്തില്‍ മഴ പെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്ന മറ്റൊരു വിഷയം. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫൈനലില്‍ രാവിലെ മഴ ഉണ്ടാവാന്‍ 44 ശതമാനം സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്ളത്. 98 ശതമാനം മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ബാര്‍ബഡോസില്‍. 77 ശതമാനം ഈര്‍പ്പവും ഉണ്ടാകും.
മഴപെയ്താല്‍ റിസര്‍വ് ഡേ ജൂണ്‍ 30ന് ഫൈനല്‍ മത്സരം നടക്കും. ഇന്ന് നടക്കുന്ന മത്സരത്തില്‍ മഴ കാരണം ഓവറുകള്‍ ചുരുക്കുകയാണെങ്കില്‍ ഒരു ടീമിന് മിനിമം 10 ഓവര്‍ എങ്കിലും ഉണ്ടായിരിക്കണം. അല്ലാത്തപക്ഷം മത്സരം റിസര്‍വ് ദിവസത്തില്‍ നടത്തും.