[]കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ജയിലിനുള്ളിലെ ഫേസ്ബുക്ക് ഉപയോഗം വാര്‍ത്തയായിട്ടും ഇവര്‍ക്കുള്ള ആരാധകര്‍ക്ക് ഒട്ടും കുറവില്ല.
17 മണിക്കൂര്‍ മുന്‍പും 24 മണിക്കൂര്‍ മുന്‍പും കിര്‍മാണി മനോജുമായും മുഹമ്മദ് ഷാഫിയുമായും ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിക്കാന്‍ ആളുകള്‍ എത്തിയെന്നതാണ് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കാണിക്കുന്നത്.
മുഹമ്മദ് ഷാഫിയ്ക്ക് 9 പേരെയാണ് ഇന്നലെ പുതിയ സുഹൃത്തുക്കളായി ലഭിച്ചത്. മനോജ് കിര്‍മാണിക്കാകട്ടെ “പാട്യം മേഖലാ കമ്മിറ്റി”യുടേതുള്‍പ്പെടെ 8 പുതിയ സുഹൃത്തക്കളെ 17 മണിക്കൂര്‍ മുന്‍പെ ലഭിച്ചു.
പ്രതികളുടെ ജയിലിലെ ഫേസ്ബുക്ക് ഉപയോഗം ഇത്ര വലിയ വാര്‍ത്തയായതിന് ശേഷവും ഇവരുമായി ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിക്കാന്‍ ആളുകള്‍ക്ക് ഒരു മടിയുമില്ലെന്ന് വേണം ഇതിലൂടെ കരുതാന്‍.
ജയിലില്‍ കഴിയുന്ന പ്രതികള്‍ ഫോണ്‍ ഉപയോഗിക്കുന്നതും സോഷ്യല്‍ മീഡിയാ സൈറ്റുകള്‍ ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവരുമായി ഫേസ്ബുക്ക് സൗഹൃദം സ്ഥാപിക്കാനായി ആളുകള്‍ എത്തുന്നത്.
അതിലുപരി ജയിലില്‍ കഴിയുന്ന പ്രതികളുമായി ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുന്നതും കുറ്റകരമാണ്.
മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ള ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിവാദമാവുകയും പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ പോലീസ് നിയമനടപടി എടുക്കുകയും ചെയ്തിരുന്നു. സമാനമായ സാഹചര്യം തന്നെയാണ് ഇപ്പോഴും വന്നിരിക്കുന്നത്.
അതേസമയം പ്രതികളായ കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയും നേരത്തെ അയച്ച ഫ്രണ്ട് റിക്വസ്റ്റ് സുഹൃത്തുക്കള്‍ കഴിഞ്ഞ ദിവസം സ്വീകരിക്കുകയായിരുന്നോ അതോ പുറത്ത് നിന്നുള്ള പുതിയ സുഹൃത്തുക്കള്‍ അയച്ച ഫ്രണ്ട് റിക്വസ്റ്റ് പ്രതികള്‍ തന്നെ ജയിലിനുള്ളില്‍ വെച്ച് സ്വീകരിച്ചതാണോ എന്ന് വ്യക്തമല്ല.
എന്ത് തന്നെയായാലും ജയിലില്‍ തലങ്ങും വിലങ്ങും തിരച്ചില്‍ നടത്തിയിട്ടും ഒരു മുഴുവന്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പ്രതികളുടെ ഫേസ്ബുക്ക് പേജുകളില്‍ ആരാധകര്‍ കയറുന്നുണ്ടെന്ന കാര്യം വ്യക്തമാണ്.
പുതുതായുള്ള സ്റ്റാറ്റസുകളോ ഫോട്ടോകളോ പ്രതികള്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെങ്കിലും ഇവരെ സുഹൃത്തുക്കളാക്കാന്‍ കാത്തിരിക്കുന്ന നിരവധി പേരുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.
531 സുഹൃത്തുക്കളാണ് കിര്‍മാണി മനോജിന് ആകെ ഫേസ്ബുക്കിലുള്ളത്. ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളുള്ളത് മുഹമ്മദ് ഷാഫിക്കാണ്. 879 പേര്‍. രജിത്ത്-521, ഷിനോജ്-388, സിജിത്ത്344 എന്നിങ്ങനെയാണ് സുഹൃത്തുക്കളുടെ എണ്ണം.
ഇവരില്‍ മുഹമ്മദ് ഷാഫി ഒഴികെയുള്ളവര്‍ ജയിലില്‍ എത്തിയശേഷമാണ് ഫേസ്ബുക് അക്കൗണ്ട് തുടങ്ങിയതെന്ന് സൈബര്‍ സെല്‍ കേന്ദ്രങ്ങള്‍ പറയുന്നു.