| Saturday, 28th September 2013, 9:21 am

ഡീസലിന് 4 രൂപയും പാചകവാതകത്തിന് 100 രൂപയും കൂട്ടാന്‍ ശുപാര്‍ശ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഡീസലിനും പാചകവാതകത്തിനും വീണ്ടും വില കൂട്ടുന്നു. ഡീസലിനും പാചകവാതകത്തിനും വിലകൂട്ടണമെന്ന്് കിരിത് പരേഖ് സമിതിയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഡീസലിന് നാല് രൂപയും പാചക വാതകത്തിന് 100 രൂപയും കൂട്ടാനുമാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയ്ക്ക് മുന്നില്‍ സമിതി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ഇതുകൂടാതെ മാസംതോറും ഡീസല്‍ വിലയില്‍ ഒരു രൂപ വര്‍ധിപ്പിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. വിപണി വിലയ്ക്കു തല്യമാകുമ്പോള്‍ മാത്രം ഈ വര്‍ധന നിര്‍ത്തിയാല്‍ മതിയെന്നാണ് കമ്മീഷന്റെ നിലപാട്.

നിലവില്‍ ഡീസലിനും പാചക വാതകത്തിനും വിലകൂട്ടേണ്ട സാഹചര്യമില്ലെന്ന് ഇന്നലെ രാത്രി മന്ത്രി പറഞ്ഞതിന് പിന്നാലെയാണ് വിലവര്‍ദ്ധനയ്ക്ക് സമിതി ശുപാര്‍ശ ചെയ്തത്.

ഒക്ടോബര്‍ അവസാനത്തോടെ വില വര്‍ദ്ധന നടപ്പില്‍ വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. സബ്‌സിഡി നല്‍കി സാധാരണക്കാരില്‍ നിന്നും ഭാരം കുറയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് തിരിച്ചടിയായാണ് ഇപ്പോള്‍ വില വര്‍ദ്ധിപ്പിക്കാനുള്ള സമിതിയുടെ നീക്കം.

രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വിലവര്‍ധനയും കണക്കിലെടുത്താണ് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധന ആവശ്യപ്പെടുന്നത്. പാചക വാതകത്തിന്റെ വില നിര്‍ണയം എടുത്തുകളയണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഡീസല്‍ ലിറ്ററിന് 10 രൂപയിലേറെ നഷ്ടത്തില്‍ വില്‍ക്കുന്ന സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്‌ളെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

ഇന്ധന ആവശ്യത്തിന് മുഖ്യമായും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന് ഇപ്പോഴത്തെ നിലയില്‍ സുഗമമായി മുന്നോട്ടുപോകാനാവില്ല. ഇന്ധന ഉപഭോഗത്തില്‍ നിയന്ത്രണം അനിവാര്യമായതായാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

We use cookies to give you the best possible experience. Learn more