രാഹുലിന് 'ബാല ബുദ്ധി': പരിഹാസവുമായി കേന്ദ്രമന്ത്രി റിജിജു
national news
രാഹുലിന് 'ബാല ബുദ്ധി': പരിഹാസവുമായി കേന്ദ്രമന്ത്രി റിജിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 9:19 am

 

ന്യൂദൽഹി: മിസ് ഇന്ത്യ മത്സര പട്ടികയിൽ ദളിത്, ആദിവാസി, മറ്റ് പിന്നോക്ക വിഭാഗക്കാർ എന്നിവർക്ക് പ്രാതിനിധ്യം നൽകുന്നില്ലെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തെ പരിഹസിച്ച് പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജു. രാഹുൽ ഗാന്ധിക്ക് ബാല ബുദ്ധിയാണ് എന്നായിരുന്നു റിജിജുവിന്റെ ആക്ഷേപം. രാഹുൽ ഗാന്ധിയെ പിന്തുണക്കുന്നവരും അദ്ദേഹത്തെ പോലെ തന്നെയാണെന്നും റിജിജു ആരോപിച്ചു.

മിസ് ഇന്ത്യ മത്സരത്തിൽ ദളിത്, ആദിവാസി സ്ത്രീകളുടെ പ്രാതിനിധ്യമില്ലായ്മയെക്കുറിച്ച് പ്രയാഗ്‌രാജിൽ നടന്ന സംവിധാൻ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ചൂണ്ടിക്കാണിക്കുകയും രാജ്യവ്യാപകമായി ജാതി സെൻസസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് പരിഹാസവുമായി കേന്ദ്ര മന്ത്രി എത്തിയത്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം രാഹുൽ ഗാന്ധിയെ വിമർശിച്ചത്. രാഹുൽ ഗാന്ധി ജാതി സെൻസെസ് വേണമെന്ന് പറയുന്ന ഒരു വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടാണ് റിജിജു പരിഹാസവുമായെത്തിയത്.

‘ഇപ്പോൾ, മിസ് ഇന്ത്യ മത്സരങ്ങൾ, സിനിമകൾ, സ്പോർട്സ് എന്നിവയിൽ അദ്ദേഹത്തിന് സംവരണം വേണം. ഇത് അദ്ദേഹത്തിന്റെ ബാല ബുദ്ധിയുടെ പ്രശ്നമാണ്. മാത്രമല്ല അദ്ദേഹത്തെ പിന്തുണക്കുന്ന ഓരോ വ്യക്തിയും ഇതിന് തുല്യ ഉത്തരവാദികളാണ്,’ അദ്ദേഹം കുറിച്ചു.

 

രാജ്യവ്യാപകമായി നടക്കുന്ന ജാതി സെൻസസ് സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പുതിയ പരാമർശങ്ങളിലൂടെ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കിയെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

‘രാഹുൽ ഗാന്ധിക്ക് നമ്മുടെ രാജ്യത്തെ വിഭജിക്കാനാവില്ല. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത സർവീസ് റിക്രൂട്ട്‌മെൻ്റുകളിൽ സംവരണം മാറ്റാൻ സുപ്രീം കോടതിയെ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യ ട്രൈബൽ പ്രസിഡന്റിനെ രാഹുൽ ഗാന്ധിക്ക് കാണാൻ സാധിക്കുന്നില്ല. അത് പോലെ ആദ്യ ഒ.ബി.സി പ്രധാനമന്ത്രിയെയോ ലോക്സഭയിലെ പട്ടികജാതി/പട്ടികവർഗ കാബിനറ്റ് മന്ത്രിമാരുടെ എണ്ണമോ അദ്ദേഹത്തിന് കാണാൻ സാധിക്കില്ല,’ റിജിജു കൂട്ടിച്ചേർത്തു.

മിസ് ഇന്ത്യയിലേക്കുള്ള സ്ഥാനാർത്ഥികളെയോ ഒളിമ്പിക്സിനുള്ള അത്‌ലറ്റുകളെയോ സിനിമകളിലെ അഭിനേതാക്കളെയോ സർക്കാരുകൾ തെരഞ്ഞെടുക്കുന്നതല്ലെന്നും റിജിജു പറഞ്ഞു.

കോൺഗ്രസ് സർക്കാർ രൂപീകരിക്കുമ്പോൾ ജാതി സെൻസസ് നടത്തുമെന്നും സംവരണത്തിൻ്റെ 50 ശതമാനം പരിധി എടുത്തുകളയുമെന്നും സംവിധാൻ സമ്മാൻ സമ്മേളനത്തിൽ സംസാരിക്കവെ ഗാന്ധി പറഞ്ഞിരുന്നു.

ആവശ്യമായ വൈദഗ്ധ്യവും കഴിവും ഉണ്ടായിട്ടും ജനസംഖ്യയുടെ 90 ശതമാനം പേരും പല മേഖലകളിൽ നിന്നായി ഒഴിവാക്കപ്പെടുന്നതിനാലാണ് ഇന്ത്യാ സഖ്യം ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്ന് ഗാന്ധി പറഞ്ഞു.

‘മിസ്‌ ഇന്ത്യയുടെ പട്ടിക ഞാൻ പരിശോധിച്ചു. ദളിത്‌, ആദിവാസി, ഒ.ബി.സി സ്ത്രീകളുണ്ടാകുമോ എന്നറിയാനാണ് ഞാൻ നോക്കിയത്. പക്ഷെ ദളിത്‌, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് സ്ത്രീകൾ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും മാധ്യമങ്ങൾ സംസാരിക്കുന്നത് മുഴുവൻ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ എന്നിവയെ കുറിച്ചാണ്. എന്നാൽ കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല.

രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനവും വ്യവസ്ഥയ്ക്ക് പുറത്താണ്. മാധ്യമങ്ങളിലെ മുൻനിര അവതാരകർ പോലും ഈ 90 ശതമാനത്തിൽ നിന്നുള്ളവരല്ല. സ്ഥാപനങ്ങൾ, കോർപ്പറേറ്റുകൾ, ബോളിവുഡ്, മിസ്‌ ഇന്ത്യ എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗക്കാർ എത്ര പേരുണ്ടെന്ന് അറിയണം. അത് പരിശോധിക്കപ്പെടണം,’രാഹുൽ ഗാന്ധി പറഞ്ഞു.

 

 

 

Content Highlight: Kiren Rijiju’s ‘Bal Budhi’ swipe at Rahul Gandhi: ‘Wants reservations in Miss India competitions, films, sports’