അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം; നിഷേധിച്ച് കിരൺ റിജിജു
national news
അരുണാചൽ പ്രദേശിലെ ചൈനീസ് കടന്നുകയറ്റം; നിഷേധിച്ച് കിരൺ റിജിജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th September 2024, 8:14 am

ഇറ്റാനഗർ:അരുണാചല്‍ പ്രദേശിലേക്കുള്ള ചൈനീസ് നുഴഞ്ഞുകയറ്റത്തിന്റെ തെളിവുകളെയും മാധ്യമ റിപ്പോര്‍ട്ടുകളും നിഷേധിച്ച് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. അരുണാചല്‍ പ്രദേശില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) നുഴഞ്ഞുകയറിയെന്ന് അവകാശപ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകളോടും സോഷ്യല്‍ മീഡിയ പോസ്റ്റുകളോടും പ്രതികരിക്കവേയാണ് അദ്ദേഹം റിപ്പോര്‍ട്ടുകളെ നിഷേധിച്ചത്.

 

പി.എൽ.എ കഴിഞ്ഞയാഴ്ച അരുണാചൽ പ്രദേശിലെ അഞ്ജാവ് ജില്ലയിലൂടെ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതായും അവർ കുറച്ചുകാലമായി ജില്ലയിലെ കപാപ്പു മേഖലയിൽ ക്യാമ്പ് ചെയ്തിരുന്നതായും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത തീയുടെ ചിത്രങ്ങളും പാറകളുടെ പെയിൻ്റിങ്ങും ചൈനീസ് ഭക്ഷണസാധനങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

എന്നാൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിജിജു. കേവലം അടയാളങ്ങൾ വരയ്ക്കുന്നത് പ്രദേശങ്ങൾ കൈയേറിയെന്ന് അർത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ചൈനയ്ക്ക് ഞങ്ങളുടെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല.  സ്ഥിരമായി ഒന്നും നിർമിക്കാൻ അവർക്ക് അനുവാദമില്ല. ഞങ്ങളുടെ ഭാഗത്ത് നിന്ന് കർശനമായ ജാഗ്രതയുണ്ട്. അതിർത്തി നിർണയിക്കാത്ത സ്ഥലങ്ങളിൽ അടയാളങ്ങൾ വരയ്ക്കുന്നത് ആ പ്രദേശം കയറി എന്നതല്ല അർത്ഥമാക്കുന്നത്,’ റിജിജു പറഞ്ഞു.

അതിർത്തിയിൽ ഇന്ത്യ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയ്ക്ക് സമീപം ആരെയും വരാൻ അനുവദിക്കില്ലെന്നും റിജിജു കൂട്ടിച്ചേർത്തു.

ലഡാക്ക് മുതൽ അരുണാചൽ പ്രദേശ് വരെ ചൈനയുമായി 3,400 കിലോമീറ്റർ ദൈർഘ്യമുള്ള നിയന്ത്രണരേഖ (എൽ.എ.സി) ഇന്ത്യ പങ്കിടുന്നു. അരുണാചൽ പ്രദേശ് തങ്ങളുടെ പ്രദേശമാണെന്ന് ബെയ്‌ജിങ് അവകാശപ്പെടുന്നുണ്ട്. എന്നാൽ ഈ അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു.
ഈ പ്രദേശത്തിന് ചൈനീസ് പേരുകൾ നൽകാനുള്ള ബെയ്‌ജിങിന്റെ നീക്കവും ഇന്ത്യ തള്ളിയിരുന്നു.

ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ നിരവധി പ്രദേശങ്ങളുടെ പരമാധികാരത്തെ ചുറ്റിപ്പറ്റിയാണ് ദീർഘകാലമായി നിലനിൽക്കുന്ന ചൈന-ഇന്ത്യ അതിർത്തി തർക്കം. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽ.എ.സി) എന്നറിയപ്പെടുന്ന ഇന്ത്യ-ചൈന അതിർത്തി ഹിമാലയത്തിനു കുറുകെ 3,488 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശങ്ങളിലൊന്നായ അക്സായി ചിൻ ചൈനയുടെ ഭരണത്തിൻ കീഴിലാണ്, എന്നാൽ ഇന്ത്യയും ഈ പ്രദേശത്തിന് മേൽ അവകാശവാദമുന്നയിക്കുന്നുണ്ട്.

തർക്കത്തില്‍ പെട്ട് കിടക്കുന്ന മറ്റൊരു മേഖല മക്‌മഹോൺ ലൈനിന്‍റെ തെക്ക് ഭാഗത്താണ്. മുമ്പ് നോർത്ത്-ഈസ്‌റ്റ് ഫ്രോണ്ടിയർ ഏജൻസി  എന്നറിയപ്പെട്ടിരുന്നതും ഇപ്പോൾ വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനവുമായ അരുണാചൽ പ്രദേശാണിത്. ഇന്ത്യയുടെ കീഴിലുള്ള ഈ പ്രദേശം ചൈനയും അവകാശപ്പെടുന്നു.

ചൈനയുടെ സിവിൽ അഫയേഴ്സ് മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയിൽ ഇന്ത്യയുടെ കീഴിലുള്ള അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെയും സൈറ്റുകളുടെയും പുതിയ പേരുകൾ അടങ്ങിയിരിക്കുന്നു.

 

 

Content Highlight: Kiren Rijiju refutes reports of Chinese encroachment in Arunachal Pradesh: ‘Mere painting of marks in