| Monday, 27th September 2021, 11:02 pm

'കിരീടം പാലം' ടൂറിസ്റ്റ് കേന്ദ്രമാകുന്നു; പ്രഖ്യാപനവുമായി സര്‍ക്കാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത് 1989ല്‍ പുറത്തിറങ്ങിയ കിരീടം.

മോഹന്‍ലാല്‍, തിലകന്‍, പാര്‍വതി, കീരിക്കാടന്‍ ജോസ്, കവിയൂര്‍പൊന്നമ്മ, ശ്രീനാഥ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി വന്ന ചിത്രത്തിലെ മറ്റൊരു പ്രധാന ‘കഥാപാത്ര’മായിരുന്നു നായകന്റെ നാട്ടിലെ ഒരു പാലം.

നായക കഥാപാത്രമായ സേതുമാധവന്‍ മുറപ്പെണ്ണ് ദേവിയേയും സുഹൃത്ത് കേശുവിനെയുമൊക്കെ കണ്ടുമുട്ടുന്നതായ ഒരുപാട് പ്രധാനപ്പെട്ട രംഗങ്ങള്‍ ഈ പാലത്തെ ചുറ്റിപ്പറ്റി സിനിമയിലുണ്ട്.

സിനിമ പുറത്തിറങ്ങി വലിയ ഹിറ്റായ ശേഷം ‘കിരീടം പാലം’ എന്നും ‘തിലകന്‍ പാലം’ എന്നുമൊക്കെയാണ് ഇത് അറിയപ്പെട്ടിരുന്നത്.

നേമം നിയമസഭാ മണ്ഡലത്തില്‍ വെള്ളായണി കായലിനടുത്താണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഇപ്പോള്‍ പാലത്തെ സംസ്ഥാന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. വെള്ളയാണി തടാക പ്രദേശത്തെ മാതൃകാ ടൂറിസം കേന്ദ്രമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി അറിയിച്ചു.

ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്. ലോക ടൂറിസം ദിനമായ ഇന്നായിരുന്നു ‘കിരീടം പാലം’ ടൂറിസം പദ്ധതിയുടേയും പ്രഖ്യാപനം. കായലിനോട് ചേര്‍ന്ന് കുട്ടികള്‍ക്കു വേണ്ടി പാര്‍ക്ക്, കുടുംബത്തോടൊപ്പം വന്നിരിക്കാവുന്ന വിശ്രമ കേന്ദ്രം, കായലില്‍ ബോട്ടിംഗ് സൗകര്യം, കായല്‍ വിഭവങ്ങള്‍ കഴിക്കാനുള്ള അവസരം എന്നിവയായിരിക്കും പദ്ധതിയിലുണ്ടാവുക.

ലോക ടൂറിസം ദിനത്തില്‍ തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്താനായതില്‍ സന്തോഷമുണ്ടെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവന്‍ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന്‍ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു.

കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്.

പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kireedom Bridge should change as tourist place

We use cookies to give you the best possible experience. Learn more